ഫെബ്രുവരി രണ്ടാം വാരം നടക്കാനിരിക്കുന്ന ഐ.പി.എല്‍ മെഗാലേലത്തിന്റെ ചുരുക്കപ്പട്ടിക പുറത്തു വന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. ഫെബ്രുവരി 12, 13 തിയ്യതികളിലായാണ് മെഗാ ലേലം നടക്കുന്നത്.
ഇപ്പോഴിതാ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ഒരു താരത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ബംഗാള്‍ യുവജന-കായിക മന്ത്രിയായ മനീഷ് തിവാരിയാണ് പട്ടികയില്‍ ഇടം നേടി എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.
50 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. ഏതെങ്കിലും ടീം ഇനി മനീഷിനെ സ്വന്തമാക്കുമോ അതോ ബംഗാളിന്റെ സ്വന്തം നൈറ്റ് റൈഡേഴ്‌സ് തന്നെ തങ്ങളുടെ മന്ത്രിയെ ടീമിലെത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ദല്‍ഹി ഡെയര്‍ ഡെവിള്‍സ് (ദല്‍ഹി ക്യാപ്പിറ്റല്‍സ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റൈസിങ് പുനെ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിംഗ്‌സ് തുടങ്ങി വിവിധ ടീമുകള്‍ക്കായി താരം ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.
ഐ.പി.എല്ലില്‍ 98 മത്സരങ്ങള്‍ കളിച്ചിട്ടുള്ള തിവാരി, ഏഴ് അര്‍ധ സെഞ്ച്വറികളടക്കം 1695 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. 2018ല്‍ പഞ്ചാബിന് വേണ്ടിയാണ് മനോജ് തിവാരി അവസാനമായി ഐ.പി.എല്ലില്‍ കളിച്ചത്.
2020-ലെ ലേലപ്പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും തിവാരിയെ അത്തവണ ആരും തന്നെ സ്വന്തമാക്കിയിരുന്നില്ല. 2018ല്‍ ഒരു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ പഞ്ചാബ് ടീമിലെത്തിച്ചത്.
ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി-20യിലും കളിച്ചിട്ടുള്ള താരമാണ് തിവാരി. 2015-ലാണ് താരം അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയിലെത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് തിവാരി രാഷ്ട്രീയത്തിലേക്ക് തട്ടകം മാറ്റിയത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
ഷിബ്പുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച തിവാരി ബി.ജെ.പിയുടെ റതിന്‍ ചക്രവര്‍ത്തിയെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്. ജയിച്ചുകയറിയെ ‘യുവതാരത്തെ’ മമതാ ബാനര്‍ജി കായിക മന്ത്രിയാക്കുകയും ചെയ്തു.
കായിക മന്ത്രിയായിരിക്കെ തന്നെ ബംഗാളിന്റെ രഞ്ജി ട്രോഫി ടീമില്‍ ഇടംപിടിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു.
Content highlight: IPL Mega Auction, Bengal Sports Minister Manoj Tiwari aslo gets shortlisted