| Sunday, 12th June 2022, 10:39 pm

ഐ.പി.എല്‍ മീഡിയ ലേലം; ഒരു കളി ടെലികാസ്റ്റ് ചെയ്യാന്‍ 57 കോടി രൂപ; ഇത്രയും മുടക്കാനില്ല, ആമസോണ്‍ പിന്മാറി; ആദ്യദിന കണക്കുകളിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ അടുത്ത സൈക്കിളിനായുള്ള മീഡിയ ലേലത്തിന്റെ ആദ്യദിനം തന്നെ ലേലത്തുക 43,000 കോടി കടന്നതായി റിപ്പോര്‍ട്ടുകള്‍. 2023-2027 വരെയുള്ള സീസണിന്റെ സംപ്രേക്ഷപണാവകാശത്തിനായാണ് കമ്പനികള്‍ മത്സരിക്കുന്നത്.

എന്നാല്‍ ആര്‍ക്കും തന്നെ ഇതുവരെ ലേലം പിടിക്കാനോ സംപ്രേക്ഷണാവകാശം സ്വന്തമാക്കാനോ സാധിച്ചിട്ടില്ല

2008ല്‍ ഐ.പി.എല്‍ ആരംഭിച്ചതുമുതല്‍ക്കുള്ള ഏറ്റവും വലിയ തുകയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഐ.പി.എല്‍ മെഗാലേലത്തില്‍ മീഡിയ റൈറ്റ്‌സ് സ്വന്തമാക്കാന്‍ ഏറെ സാധ്യത കല്‍പിച്ചിരുന്ന ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റഫോമായ ആമസോണ്‍ പിന്‍മാറിയതാണ് ആദ്യ ദിവസത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

ഇത്രയും തുക മുടക്കി മീഡിയ റൈറ്റ്‌സ് സ്വന്തമാക്കണ്ട എന്ന നിലപാടിന് പുറത്താണ് ആമസോണ്‍ ലേലത്തില്‍ നിന്നും പിന്‍മാറിയത്.

എന്നാല്‍, ഡിസ്‌നിയടക്കമുള്ള കവമ്പനികള്‍ ‘ഐ.പി.എല്ലിനെ’ സ്വന്തമാക്കാന്‍ തന്നെയാണ് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ സൈക്കിളില്‍ 370 കോടി രൂപ അടിസ്ഥാന വിലയില്‍ തുടങ്ങിയ ലേലം 410 കോടിയെന്ന അടിസ്ഥാന വിലയിലാണ് ഇത്തവണ ആരംഭിച്ചത്. 410 കോടിയില്‍ ആരംഭിച്ച ലേലമാണ് ഇപ്പോള്‍ 43,000 കോടിയില്‍ എത്തിനില്‍ക്കുന്നത്.

രാവിലെ 11 മണിക്ക് ആരംഭിച്ച ബിഡ്ഡിംഗ് വൈകീട്ട് ആറ് വരെ നീണ്ടുനിന്നു. ഒരു മത്സരം റൈറ്റ്‌സിനായി 57 കോടി രൂപയും ഡിജിറ്റല്‍ റൈറ്റ്‌സിനായി 48 കോടി രൂപയിലും നില്‍ക്കവെയാണ് ആദ്യദിന ലേലം അവസാനിപ്പിച്ചത്.

ടെലിവിഷന്‍ സംപ്രേക്ഷണത്തിനായി ഒരു മത്സരത്തിന് 105 കോടിയില്‍ നില്‍ക്കവെയാണ് ആദ്യദിനം ക്ലോസ് ചെയ്തത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് നിലവില്‍ ഐ.പി.എല്ലിന്റെ സംപ്രേക്ഷണാവകാശം. മുന്‍ സൈക്കിളില്‍ (2018-22) 16347.50 കോടി രൂപയ്ക്കായിരുന്നു സ്റ്റാര്‍സ്‌പോര്‍ട്‌സ് മീഡിയ റൈറ്റ്‌സ് സ്വന്തമാക്കിയത്.

ഡിസ്‌നിക്ക് പുറമെ സോണി, വയാകോം, സീ അടക്കമുള്ള ഭീമന്‍മാര്‍ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്.

Content highlight:  IPL Media Rights Auction: First day records unprecedented numbers

We use cookies to give you the best possible experience. Learn more