| Tuesday, 22nd February 2022, 5:09 pm

അമ്പതിനായിരം കോടി ഒരു തരം...; ഐ.പി.എല്ലില്‍ ലേലം കൊഴുക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള ലേലത്തില്‍ ആഗോള കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ തമ്മില്‍ പോര് മുറുകുന്നു. ആമസോണും റിലയന്‍സുമാണ് ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശത്തിനായി മത്സരരംഗത്തുള്ളത്.

6.7 ബില്യണ്‍ യു.എസ് ഡോളറാണ് (ഏകദേശം അമ്പതിനായിരം കോടി രൂപ) വാരിയെറിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ തവണത്തെക്കാള്‍ മൂന്നിരട്ടിയാണ് ഇത്തവണ ലേലത്തില്‍ ഒഴുകുന്നത്. 45,000 കോടിയെങ്കിലും ലഭിച്ചാല്‍ മാത്രമേ സംപ്രേഷണാവകാശം നല്‍കൂ എന്ന് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത്ര മുടക്കിയാലും ഐ.പി.എല്‍ സംപ്രേഷണാവകാശം വേണമെന്ന വാശിയിലാണ് ആമസോണും റിലയന്‍സും.

അടുത്ത അഞ്ചു വര്‍ഷത്തെ ഡിജിറ്റല്‍ സംപ്രേഷണാവകാശത്തിനാണ് ആഗോള ഭീമന്മാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

നിലവില്‍ സ്റ്റാര്‍ ഇന്ത്യയാണ് ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. 16,348 കോടി മുടക്കിയായിരുന്നു സ്റ്റാര്‍ ഇന്ത്യ ‘ഐ.പി.എല്‍’ ലേലത്തില്‍ പിടിച്ചത്. സീ എന്റര്‍ടെയ്ന്‍മെന്റില്‍ നിന്നാണ് സ്റ്റാര്‍ ഇന്ത്യ ഐ.പി.എല്‍ സംപ്രേഷണാവകാശം ഏറ്റെടുത്തിരുന്നത്.

ഇതിന് മുമ്പ് സ്റ്റാര്‍ ഇന്ത്യയും സോണി പിക്‌ചേഴ്‌സും 8200 കോടി രൂപയ്ക്ക് പത്തു വര്‍ഷത്തേക്ക് ഏറ്റെടുത്തിരുന്ന കരാറാണ് ഇപ്പോള്‍ 50,000 കോടിയിലെത്തി നില്‍ക്കുന്നത്.

കാഴ്ചക്കാരുടെ ബാഹുല്യമാണ് കമ്പനികളെ ഐ.പി.എല്ലിലേക്ക് ആകര്‍ഷിക്കുന്നത്. 2021 സീസണിലെ ആദ്യ പാദത്തില്‍ മാത്രം 350 ദശലക്ഷം പേരാണ് ഐ.പി.എല്‍ കണ്ടത്.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ‘ഐ.പി.എല്ലില്‍ വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുകാണ്’ ആമസോണും റിലയന്‍സും.

അതേസമയം, തങ്ങളുടെ സംപ്രേഷണ സംരംഭമായ വയാകോം 18ല്‍ 1.6 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപമിറക്കാന്‍ റിലയന്‍സ് ഈയിടെ തീരുമാനിച്ചിരുന്നു. നേരത്തെ, ലാലീഗയുടെ സംപ്രേഷണാവകാശവും വയാകോം സ്വന്തമാക്കിയിരുന്നു.

ജിയോ പ്ലാറ്റ്‌ഫോമിന്റെ ദീര്‍ഘകാല പദ്ധതിക്കായി ഐ.പി.എല്ലിന്റെ സംപ്രേഷണാവകാശവും നേടുകയെന്നത് കമ്പനിയുടെ ആവശ്യമാണെന്നാണ് കമ്പനി വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

Content Highlight: IPL media Auction Reliance vs Amazon

We use cookies to give you the best possible experience. Learn more