| Sunday, 17th April 2022, 10:11 am

അന്ന് രോഹിത് പറഞ്ഞ ആ വാക്കുകള്‍ ഇന്നും ഞാന്‍ ഓര്‍മിക്കുന്നുണ്ട്: ജിതേഷ് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരവും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനുമായ രോഹിത് ശര്‍മയോടുള്ള തന്റെ കടപ്പാട് വ്യക്തമാക്കി കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ യുവതാരം ജിതേഷ് ശര്‍മ.

നേരത്തെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായും കളിച്ചിട്ടുള്ള താരമാണ് ജിതേഷ് ശര്‍മ. അന്ന് രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചപ്പോള്‍ രോഹിത്തില്‍ നിന്നും ലഭിച്ചിട്ടുള്ള ഉപദേശത്തെപ്പറ്റിയാണ് ജിതേഷ് പറഞ്ഞത്.

രോഹിത്തിന്റെ വാക്കുകള്‍ തന്റെ കരിയറില്‍ വഴിത്തിരിവായെന്നും ജിതേഷ് പറയുന്നു.

”രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്നത് കാണാന്‍ എനിക്ക് ഇഷ്ടമാണ്. ഗ്രൗണ്ടിലിറങ്ങുന്നതിന് മുമ്പ് രോഹിത് ബാറ്റ് ചെയ്യുന്നതിന്റെ ഹൈലൈറ്റ്‌സുകള്‍ ഞാന്‍ കാണാറുണ്ട്.

നേരത്തേ മുംബൈയ്‌ക്കൊപ്പമുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശം എന്നെ ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

ബാറ്റ് ചെയ്യുമ്പോള്‍ ബോളിന്റെ വേഗത നന്നായി ഉപയോഗിക്കണമെന്നായിരുന്നു രോഹിത് നല്‍കിയ ഉപദേശം. ഇന്നും ഈ ഉപദേശം ഞാന്‍ ഓര്‍മിക്കുന്നുണ്ട്,” ജിതേഷ് ശര്‍മ പറഞ്ഞു.

ഐ.പി.എല്ലിന്റെ 2017 സീസണില്‍ മുംബൈ ചാമ്പ്യന്‍മാരായപ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു ജിതേഷ്. എന്നാല്‍ അദ്ദേഹത്തിന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

ഈ സീസണിലെ ഐ.പി.എല്ലില്‍ പഞ്ചാബിന്റെ കീഴില്‍ രണ്ട് മത്സരങ്ങളിലാണ് ജിതേഷ് കളിച്ചിട്ടുള്ളത്. 79 റണ്‍സ് നേടിയ താരത്തിന് 183.72 സ്‌ട്രൈക്ക് റേറ്റുമുണ്ട്.

Content Highlight: IPL Kings Eleven Punjab player Jithesh Sharma about Mumbai Captain Rohit Sharma

We use cookies to give you the best possible experience. Learn more