ഐ.പി.എല്‍ 2025 താരലേലത്തില്‍ സൗരാഷ്ട്ര നായകന്‍ ജയ്‌ദേവ് ഉനദ്കടിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വീണ്ടും ടീമിലെത്തിച്ച് തങ്ങളുടെ പേസ് നിരയെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് ഉനദ്കടിനെ ഓറഞ്ച് ആര്‍മി ടീമിലെത്തിച്ചത്.
ഇത്തവണ വീണ്ടും സണ്‍റൈസേഴ്‌സിന്റെ ഭാഗമായതോടെ താരം കഴിഞ്ഞ സീസണില്‍ സൃഷ്ടിച്ച റെക്കോഡ് നേട്ടം വീണ്ടും ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിന്റെ തട്ടകത്തിലെത്തിയതോടെ ഏറ്റവുമധികം ഐ.പി.എല്‍ ടീമുകള്‍ക്കായി കളിച്ച ഇന്ത്യന്‍ താരമെന്ന നേട്ടം ഉനദ്കട് സ്വന്തമാക്കിയിരുന്നു. താരത്തിന്റെ ഈ നേട്ടമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
ഇത് 13ാം തവണയാണ് ജയദേവ് ഉനദ്കട് ഐ.പി.എല്‍ കളിക്കാനൊരുങ്ങുന്നത്. 2010ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച ഇടംകയ്യന്‍ പേസര്‍ 105 മത്സരങ്ങളില്‍ നിന്നായി 99 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. എട്ട് വ്യത്യസ്ത ടീമുകള്‍ക്കായി കളത്തിലിറങ്ങിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
2010ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കളിച്ചുകൊണ്ടാണ് ഉനദ്കട് തന്റെ ഐ.പി.എല്‍ കരിയര്‍ ആരംഭിക്കുന്നത്. ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തുടങ്ങി വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ഉനദ്കട് പന്തെറിഞ്ഞു.
2010-2012, 2016 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
2013 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
2014-2015 – ദല്‍ഹി ഡെയര്‍ഡെവിള്‍സ്
2017 – റൈസിങ് പൂനെ സൂപ്പര്‍ജയന്റ്സ്
2018-2021 – രാജസ്ഥാന്‍ റോയല്‍സ്
2022 – മുംബൈ ഇന്ത്യന്‍സ്
2023 – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
2024- സണ്‍റൈസേഴ്സ് ഹൈദരാബാദ്
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം ടീമിന് വേണ്ടി കളിച്ച ഇന്ത്യന്‍ താരമെന്ന റെക്കോഡ് മാത്രമാണ് ഉനദ്കടിന്റെ പേരിലുള്ളത്. ഏറ്റവുമധികം ടീമുകള്‍ക്കായി കളിച്ച താരമെന്ന നേട്ടം സൂപ്പര്‍ പേസര്‍ക്കല്ല. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഈ റെക്കോഡിനുടമ. ഒമ്പത് ടീമുകള്‍ക്കായി ഓസ്‌ട്രേലിയന്‍ കങ്കാരു ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.
രാജസ്ഥാന്‍ റോയല്‍സ് (RR), ദല്‍ഹി ഡെയര്‍ഡെവിള്‍സ് (DD), പൂനെ വാരിയേഴ്സ് ഇന്ത്യ (PWI), സണ്‍റൈസേഴ്സ് ഹൈദരാബാദ് (SRH), മുംബൈ ഇന്ത്യന്‍സ് (MI), ഗുജറാത്ത് ലയണ്‍സ് (GL), കിങ്സ് ഇലവന്‍ പഞ്ചാബ് (KXIP), റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (RCB), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) എന്നിവര്‍ക്കായാണ് ഫിഞ്ച് ബാറ്റെടുത്തിട്ടുള്ളത്.
Content Highlight: IPL: Jaydev Unadkat’s unique record