| Tuesday, 26th March 2024, 8:29 pm

ഇന്നലെ വിരാട്, ഇന്ന് ഗെയ്ക്വാദ്; വിരാടിന്റെ സംഹാരം ചെന്നൈ സൂപ്പര്‍ കിങ്‌സിലും ആവര്‍ത്തിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. തങ്ങളുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന് മുന്‍തൂക്കം നേടാനുള്ള സാധ്യതയുണ്ടായിരുന്നു. അസ്മത്തുള്ള ഒമര്‍സായ് എറിഞ്ഞ ആദ്യ ഓവറില്‍ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ടൈറ്റന്‍സ് കൈവിട്ടുകളയുകയായിരുന്നു.

ഓവറിലെ അവസാന പന്തില്‍ ഷോട്ട് കളിച്ച ഗെയ്ക്വാദിന് പിഴച്ചു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്തിരുന്ന രവിശ്രീനിവാസന്‍ സായ് കിഷോറിന് ക്യാച്ച് കൈപ്പിടിയിലൊതുക്കാന്‍ സാധിക്കാതെ പോയതോടെ ഗെയ്ക്വാദിന് ജീവന്‍ ലഭിക്കുകയായിരുന്നു. ഒരു റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ ചെന്നൈ നായകന്‍ നേടിയിരുന്നത്.

കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന പഞ്ചാബ് കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിലും സമാനമായ സംഭവം നടന്നിരുന്നു. സാം കറന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജോണി ബെയര്‍സ്‌റ്റോ വിരാടിന്റെ ക്യാച്ച് നഷ്ടപ്പെടുത്തുകയായിരുന്നു.

പൂജ്യത്തിന് വിരാടിനെ മടക്കാന്‍ ലഭിച്ച അവസരം പാഴാക്കിയ പഞ്ചാബിന് നഷ്ടമായത് വിജയം കൂടിയായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ വിരാട് അര്‍ധ സെഞ്ച്വറി നേടുകയും മത്സരം വിജയിപ്പിക്കുകയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സമാനമായ രീതിയില്‍ ഗെയ്ക്വാദിന്റെ ക്യാച്ചും ടൈറ്റന്‍സ് താഴെയിട്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ വിരാട് പഞ്ചാബിന്റെ അന്തകനായി മാറിയതോടെ ഈ മത്സരത്തില്‍ ഗെയ്ക്വാദ് ടൈറ്റന്‍സിന്റെ പരാജയത്തിന് കാരണമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 92ന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 24 പന്തില്‍ 31 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദും 10 പന്തില്‍ 11 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.

20 പന്തില്‍ 46 റണ്‍സ് നേടിയ രചിന്‍ രവീന്ദ്രയുടെ വിക്കറ്റാണ് ഹോം ടീമിന് നഷ്ടമായിരിക്കുന്നത്. റാഷിദ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ സ്റ്റംപിങ്ങിലൂടെയാണ് രചിനെ പുറത്താക്കിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹര്‍, തുഷാര്‍ ദേശ്പാണ്ഡേ, മുസ്തഫിസുര്‍ റഹ്‌മാന്‍

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അസ്മത്തുള്ള ഒമര്‍സായ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

Content highlight: IPL: GT vs CSK: Gujarat Titans dropped Ruturaj Gaikwad’s catch

We use cookies to give you the best possible experience. Learn more