രോഹിത്തിനെ സ്വന്തമാക്കാന്‍ ഞങ്ങള്‍ എന്തും നല്‍കുമായിരുന്നു; വെളിപ്പെടുത്തലുമായി ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍
Sports News
രോഹിത്തിനെ സ്വന്തമാക്കാന്‍ ഞങ്ങള്‍ എന്തും നല്‍കുമായിരുന്നു; വെളിപ്പെടുത്തലുമായി ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th December 2023, 12:41 pm

2024ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലിന് മുന്നോടിയായി ഡിസംബര്‍ 19ന് മിനി താരലേലം നടന്നിരുന്നു. ഇത്തവണ ലേലത്തിനു മുന്നേ തന്നെ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട ടീം മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സുമയിരുന്നു. 15 കോടി രൂപയ്ക്ക് ജി.ടി നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ ട്രേഡ് ചെയ്തു സ്വന്തമാക്കുകയും, പിന്നീട് അഞ്ചുതവണ മുംബൈയ്ക്ക് കിരീടം ഉയര്‍ത്തിയ രോഹിത്തിനെ നായക സ്ഥാനത്തു നിന്നും മാറ്റിയതും ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.

എന്നാല്‍ ഹര്‍ദിക് നായക സ്ഥാനത്തേക്ക് എത്തിയതോടെ രോഹിത് ടീമില്‍ നിന്നും മാറുമെന്ന തരത്തില്‍ വരെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ ഐ.പി.എല്‍ ഫ്രാഞ്ചൈസികളായ ദല്‍ഹി ക്യാപ്പിറ്റല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും രോഹിത് ശര്‍മയ്ക്കായി മുംബൈ ഇന്ത്യന്‍സിനെ സമീപിച്ചിരുന്നു എന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഹിത്തിനെ ട്രേഡ് ചെയ്യുന്നതിന് വേണ്ടി ഫ്രാഞ്ചൈസികള്‍ എന്തുവേണമെങ്കിലും കണ്ടെത്തുമായിരുന്നു എന്നത് തീര്‍ച്ചയായിരുന്നു. എന്നാല്‍ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റ് ഫ്രാഞ്ചൈസികളുടെ വാഗ്ദാനം നിരസിക്കുകയായിരുന്നു.

‘മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രോഹിത് ശര്‍മയെ ട്രേഡ് ചെയ്യാന്‍ ഞങ്ങള്‍ എന്തും നല്‍കുമായിരുന്നു. പക്ഷേ ഞങ്ങളുടെ ഓഫര്‍ നിരസിക്കപ്പെട്ടു, ഞങ്ങള്‍ ഇനി ട്രേഡിങ് ഓപ്ഷന്‍ തിരഞ്ഞെടുക്കില്ല,’ഫ്രാഞ്ചൈസിയിലെ ഒരു ഉദ്യോഗസ്ഥന്‍ ക്രിക്ബസിനോട് പറഞ്ഞു.

2013 മുതല്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്നു രോഹിത്. റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തില്‍ ഐ.പി.എല്‍ കിരീടം കിട്ടാക്കനി ആയ സമയത്താണ് രോഹിത്തിന്റെ വരവ്. ശേഷം നായക സ്ഥാനത്തുനിന്ന് അഞ്ച് ഐ.പി.എല്‍ കിരീടമാണ് രോഹിത് ടീമിന് നേടിക്കൊടുത്തത്.

Content Highlight: IPL franchises with exposure