| Saturday, 18th February 2023, 2:14 pm

50 ഓവര്‍ ഐ.പി.എല്ലും മുംബൈ ഇന്ത്യന്‍സിന്റെ പഴയ പേരും; രസകരമായ ഐ.പി.എല്‍ ഫാക്ട്‌സ്

ആദര്‍ശ് എം.കെ.

ഐ.പി.എല്ലിന്റെ പതിനാറാം സീസണിനായാണ് ആരാധകര്‍ കണ്ണുനട്ട് കാത്തിരിക്കുന്നത്. മാര്‍ച്ച് 31ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് എം.എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുന്നതോടെ ഐ.പി.എല്‍ 2023ന് തുടക്കമാകും.

2008ല്‍ ആരംഭിക്കുമ്പോള്‍ ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കാന്‍ പോന്ന ക്രിക്കറ്റ് മാമാങ്കമായി ഐ.പി.എല്‍ മാറുമെന്ന് ആരും ഒരിക്കല്‍ പോലും കരുതിക്കാണില്ല. തങ്ങളുടെ മുന്‍ഗാമികളായ ഐ.സി.എല്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ സകല പോരായ്മകളും പേരുദോഷവും മാറ്റിയെടുത്തുകൊണ്ടായിരുന്നു ഐ.പി.എല്‍ രംഗപ്രവേശം ചെയ്തത്.

ടി-20 ലോകകപ്പിന് പിന്നാലെയെത്തിയ ടി-20 ഫ്രാഞ്ചൈസി ലീഗ്, അതായിരുന്നു ഐ.പി.എല്‍. കുട്ടി ക്രിക്കറ്റിന്റെ ആരവവും ആവേശവുമായിരുന്നു ഐ.പി.എല്ലിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍ ഐ.പി.എല്ലിന്റെ ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റായാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ വിഭാവനം ചെയ്തതെന്ന് എത്രപേര്‍ക്കറിയാവുന്ന കാര്യമാണ്?

1995ല്‍ വണ്‍ ഡേ ഫോര്‍മാറ്റ് എന്ന നിലയിലാണ് ബി.സി.സി.ഐയും ഐ.പി.എല്ലിന്റെ മാസ്റ്റര്‍ മൈന്‍ഡായ ലളിത് മോദിയും ഐ.പി.എല്ലിനെ കുറിച്ചുള്ള ആലോചനകള്‍ ആരംഭിച്ചത്. എന്നാല്‍ പല പല കാരണങ്ങള്‍ കൊണ്ട് ടൂര്‍ണമെന്റ് നീണ്ടുപോവുകയായിരുന്നു. പിന്നീട് 2007ല്‍ ഐ.സി.എല്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഐ.പി.എല്ലിനെ കുറിച്ചുള്ള ചര്‍ച്ചകളും ടി-20 ഫോര്‍മാറ്റിലേക്ക് മാറിയത്.

ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ നാല് വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താന്‍ സാധിക്കൂ എന്നാണ് നിയമം. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് അഞ്ച് വിദേശ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു മത്സരം കളിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കളിക്കുമ്പോള്‍ മിക്ക ഇന്ത്യന്‍ താരങ്ങളും പരിക്കിന്റെ പിടിയിലായതോടെയാണ് മുംബൈ അഞ്ച് ഓവര്‍സീസ് താരങ്ങളെ കളത്തിലിറക്കിയത്.

മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് വീരനും മുംബൈയെ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ മുംബൈയിലെത്തിച്ചത് ബ്രാവോ ആണെന്ന വസ്തുതയും അധികമാര്‍ക്കും തന്നെ അറിയാന്‍ വഴിയില്ല.

ആദ്യ രണ്ട് സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ബ്രാവോ ചെന്നൈയിലേക്ക് ചേക്കാറാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ പകരക്കാരനായി നിര്‍ദേശിച്ചത് പൊള്ളാര്‍ഡിനെയാണ്. അങ്ങനെ ടീം പൊള്ളാര്‍ഡുമായി കരാറിലെത്തുകയും ശേഷം താരം ടീമിന്റെ അവിഭാജ്യഘടകമായി മാറുകയുമായിരുന്നു.

ഐ.പി.എല്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം ബ്രാഡ് ഹോഗാണ് എന്ന കാര്യവും അധികം ക്രിക്കറ്റ് പ്രേമികള്‍ക്കും അറിയാത്തതാണ്. 2008ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരം, 2011ല്‍ വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും കളത്തിലിറങ്ങുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌ക്രോച്ചേഴ്സിന്റെ താരമായി വീണ്ടും ‘അരങ്ങേറ്റം’ കുറിച്ച ഹോഗ്, ഐ.പി.എല്ലിന്റെ കണ്ണില്‍പ്പെടുകയും പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ വിളിയെത്തുകയുമായിരുന്നു.

2012ല്‍ 41 വയസായിരിക്കെ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ ഹോഗ്, 2013ല്‍ കൊല്‍ക്കൊത്തയിലെത്തുകയായിരുന്നു. ശേഷം 2015ലും 2016ലും ഹോഗ് കെ.കെ.ആറിന്റെ ജേഴ്സിയിലെത്തി. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ തന്റെ അവസാന മത്സരം കളിക്കുമ്പോള്‍ ഹോഗിന്റെ പ്രായം 45 വയസും 92 ദിവസവുമായിരുന്നു.

ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഏറ്റവുമധികം ക്യാപ്റ്റന്‍മാര്‍ ഉണ്ടായ ടീം എന്ന റെക്കോഡ് പഞ്ചാബ് കിങ്സിനാണ് (കിങ്സ് ഇലവന്‍ പഞ്ചാബ്). 13 ക്യാപ്റ്റന്‍മാരാണ് ഈ 15 സീസണുകളില്‍ ടീമിനെ നയിച്ചത്.

ആദ്യ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ് നയിച്ച ടീമിനെ പിന്നീടുള്ള സീസണുകളില്‍ കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന, ആദം ഗില്‍ക്രിസ്റ്റ്, വിരേന്ദര്‍ സേവാഗ്, ഡേവിഡ് മില്ലര്‍, ഡേവിഡ് ഹസി, ജോര്‍ജ് ബെയ്ലി, മുരളി വിജയ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആര്‍. അശ്വിന്‍, കെ.എല്‍ രാഹുല്‍ മുതല്‍ മായങ്ക് അഗര്‍വാള്‍ വരെ എത്തിനില്‍ക്കുന്നതാണ് പഞ്ചാബിന്റെ നായക നിര.

ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ ഏറ്റവും അണ്ടര്‍ റേറ്റഡ് ആയ താരമാണ് പീയൂഷ് ചൗള. താരത്തിന്റെ അളന്നുമുറിച്ചുള്ള സ്പിന്‍ കെണിയില്‍ വീഴാത്ത ബാറ്റര്‍മാര്‍ ചുരുക്കമായിരുന്നു. ഐ.പി.എല്ലില്‍ കളിക്കുമ്പോള്‍ ഒരു നോ ബോള്‍ പോലും എറിയാതെ 386 ഓവറാണ് താരം പൂര്‍ത്തിയാക്കിയത്. അതായത് എട്ടുവര്‍ഷത്തോളം എതിര്‍ ടീമിന് ഫ്രീഹിറ്റ് നല്‍കാതെ ചൗള പന്തെറിഞ്ഞു എന്നര്‍ത്ഥം.

മുംബൈ ഇന്ത്യന്‍സ് എന്ന ടീം വിഭാവനം ചെയ്യുമ്പോളും 2008 ഐ.പി.എല്ലിന് ഇറങ്ങുന്നതിന് മുമ്പും ‘മുംബൈ റേസേഴ്സ്’ എന്ന പേരായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ടീമിന്റെ ലോഗോ മഹാവിഷ്ണുവിന്റെ സുദര്‍ശന ചക്രത്തിന്റെ മാതൃകയിലായതിനാലും ആ പേര് അനുയോജ്യമായിരുന്നു.

എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുംബൈ ഇന്ത്യന്‍സ് എന്ന പേര് നിര്‍ദേശിച്ചത്. ഈ പേര് എല്ലാവര്‍ക്കും ഒരുപോലെ സ്വീകാര്യമായതിനെ തുടര്‍ന്ന് മുംബൈ റേസേഴ്സ് മുംബൈ ഇന്ത്യന്‍സാവുകയായിരുന്നു.

Content Highlight: IPL facts

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more