| Wednesday, 20th April 2022, 9:17 am

ഐ.പി.എല്ലിന്റെ വിധി ഇന്നറിയാം

സ്പോര്‍ട്സ് ഡെസ്‌ക്

ആളും ആരവവുമായി ഐ.പി.എല്‍ ആരംഭിച്ചപ്പോള്‍ ആരാധകരേക്കാളേറെ സന്തോഷിച്ചത് ഒരുപക്ഷേ ബി.സി.സി.ഐ തന്നെയായിരിക്കും. പുതിയ ടീമുകള്‍ വന്നതിന്റേയും മീഡിയ ലേലത്തിന്റേയും ഭാഗമായി വന്ന പണമൊഴുക്ക് മാത്രം കാരണമല്ല, മറിച്ച് ഐ.പി.എല്‍ പൂര്‍ണമായും ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തി എന്നതായിരുന്നു അതിന് കാരണം.

ആവേശത്തിമിര്‍പ്പിലാറാടിയിരുന്ന ഐ.പി.എല്ലിന്റെ ആരവത്തിന് പെട്ടന്നായിരുന്നു സഡന്‍ബ്രേക്ക് വീണത്. ഒരിക്കലും സംഭവിക്കിരുതെന്ന് പ്രതീക്ഷിച്ച, പ്രത്യാശിച്ച കാര്യം തന്നെ സംഭവിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ വീണ്ടും കൊവിഡ് ഭീതി ഉടലെടുത്തിരിക്കുന്നു.

ഐ.പി.എല്ലിലെ സൂപ്പര്‍ ടീമുകളിലൊന്നായ ദല്‍ഹി ക്യാപ്പിറ്റല്‍സിലാണ് കൊവിഡ് വ്യാപനമുണ്ടായിരിക്കുന്നത്. ടീം ഫിസിയോ പാട്രിക് ഫാര്‍ഹമിന് കൊവിഡ് കണ്ടെത്തിയതിന് പിന്നാലെ ടീം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ സൂപ്പര്‍ താരം മിച്ചല്‍ മാര്‍ഷിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആന്റിജന്‍ ടെസ്റ്റില്‍ താരം നെഗറ്റീവായിരുന്നു.

ഇതിന് പിന്നാലെ ടീമിലെ നാലോളം താരങ്ങള്‍ക്കും പോസിറ്റീവായിരുന്നു. ഇതോടെ ഡി.സി ബയോ ബബിളിനുള്ളിലെ എല്ലാവരും ക്വാറന്റൈനിലുമായിരുന്നു.

ഇതിന് പിന്നാലെ ബുധനാഴ്ച നടക്കാനിരുന്ന പഞ്ചാബ് കിംഗ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരവും അനിശ്ചിതത്വത്തിലായിരുന്നു.

ഇന്ന് നടക്കുന്ന അവസാനവട്ട ടെസ്റ്റുകള്‍ക്ക് ശേഷമായിരിക്കും മത്സരം നടക്കുമോ ഉപേക്ഷിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെത്തുകയുള്ളൂ.

അഥവാ ഇന്ന് മത്സരം നടക്കുകയാണെങ്കില്‍ മുംബൈയില്‍ വെച്ചായിരിക്കും നടക്കുക. പൂനെയില്‍ വെച്ചായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് ബസിലെ ദീര്‍ഘദൂര യാത്ര ഒഴിവാക്കുന്നതിനായാണ് മത്സരം മുബൈയിലേക്ക് റീ ഷെഡ്യൂള്‍ ചെയ്തത്.

ഒരുപക്ഷേ ഇന്ന് മത്സരം നടക്കാന്‍ സാധ്യയതയില്ലെങ്കില്‍ ഇനിയെന്ത് എന്ന വലിയൊരു ചോദ്യവും ബി.സി.സി.ഐക്ക് മുന്നില്‍ ഉയര്‍ന്നിരുന്നുണ്ട്.

കൊവിഡ് കേസുകള്‍ ഇനിയും ഉയര്‍ന്നാല്‍ ഐ.പി.എല്‍ താത്കാലികമായി നിര്‍ത്തി വെക്കേണ്ടി വരുമോ എന്ന ആശങ്കയും ബി.സി.സി.ഐയ്ക്ക് മുന്നില്‍ ഉയരുന്നുണ്ട്.

Content Highlight: IPL, Delhi Capitals to undergo Covid Test, decides future of tournament
We use cookies to give you the best possible experience. Learn more