Advertisement
IPL
IPL: 29 പന്തില്‍ സെഞ്ച്വറിയടിച്ചവന്‍ ദല്‍ഹിയിലേക്ക്; ഡി വില്ലിയേഴ്‌സിനെ പടിയിറക്കിയവന്‍ പന്തിന്റെ പുതിയ തുറുപ്പുചീട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 15, 06:31 am
Friday, 15th March 2024, 12:01 pm

പരിക്കേറ്റ ലുന്‍ഗി എന്‍ഗിഡിക്ക് പകരക്കാരനായി ഓസ്‌ട്രേലിയന്‍ യുവതാരം ജേക്ക് ഫ്രേസര്‍ മക്ഗൂര്‍ക്കിനെ ടീമിലെത്തിച്ച് ദല്‍ഹി ക്യാപ്പിറ്റല്‍സ്. ഓസ്‌ട്രേലിയക്കായി വെറും രണ്ട് ഏകദിനം മാത്രം കളിച്ച മക്ഗൂര്‍ക്കിനെ 50 ലക്ഷത്തിനാണ് ക്യാപ്പിറ്റല്‍സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

എസ്.എ20യില്‍ പാള്‍ റോയല്‍സിന് വേണ്ടി പന്തെറിയവെ ഫെബ്രുവരി രണ്ടിനാണ് എന്‍ഗിഡിക്ക് പരിക്കേല്‍ക്കുന്നത്. അന്നുമുതല്‍ കോംപിറ്റിറ്റീവ് ക്രിക്കറ്റ് കളിച്ചിരുന്നില്ല.

 

എന്‍ഗിഡിക്ക് പകരമാര് എന്ന ആരാധരുടെ ചോദ്യത്തിനാണ് ക്യാപ്പിറ്റല്‍സ് ജേക്ക് ഫ്രേസറിലൂടെ മറുപടി നല്‍കിയിരിക്കുന്നത്. ഐ.എല്‍. ടി-20യില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ ദുബായ് ക്യാപ്പിറ്റല്‍സിനായി ബാറ്റേന്തിയ താരമാണ് മക്ഗൂര്‍ക്.

ഒരു ലിസ്റ്റ് എ മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരം എന്ന എ. ബി. ഡി വില്ലിയേഴ്‌സിന്റെ റെക്കോഡ് തകര്‍ത്തതോടെയാണ് ജേക്ക് ഫ്രേസര്‍ മക്ഗൂര്‍ക്ക് എന്ന പേര് ഓസ്‌ട്രേലിയക്ക് പുറത്തുള്ള ക്രിക്കറ്റ് ആരാധകര്‍ കേട്ടുതുടങ്ങിയത്.

ടാസ്മാനിയക്കെതിരായ മത്സരത്തില്‍ നേരിട്ട 29ാം പന്തിലാണ് സൗത്ത് ഓസ്‌ട്രേലിയന്‍ താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ 38 പന്തില്‍ 125 റണ്‍സ് നേടിയാണ് താരം പുറത്തായത്. പത്ത് ഫോറും 13 സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഡി വില്ലിയേഴ്‌സ് നേടിയ 31 ബോള്‍ സെഞ്ച്വറിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

മത്സരത്തില്‍ സൗത്ത് ഓസ്‌ട്രേലിയ 37 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ടാസ്മാനിയ ഉയര്‍ത്തിയ 436 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ഓസ്‌ട്രേലിയ 46.4 ഓവറില്‍ 398ന് പുറത്തായി.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും മക്ഗൂര്‍ക്കിനെയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുത്തത്.

ഇപ്പോള്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ജേക്ക് ഫ്രേസര്‍ മക്ഗ്രൂക്കിനെ ടീമിലെത്തിച്ചതോടെ ആരാധകരും ആവേശത്തിലാണ്.

മാര്‍ച്ച് 23നാണ് ക്യാപ്പറ്റല്‍സിന്റെ ആദ്യ മത്സരം. പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍.

ഐപിഎല്‍ 2024നുള്ള ദല്‍ഹി ക്യാപിറ്റല്‍സ് സ്‌ക്വാഡ്:

റിഷഭ് പന്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, പൃഥ്വി ഷാ, ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, പ്രവീണ്‍ ദുബെ, മുകേഷ് കുമാര്‍, യാഷ് ദുള്‍, വിക്കി ഓസ്ത്വാള്‍, അഭിഷേക് പോരെല്‍, റിക്കി ഭുയി, കുമാര്‍ കുശാഗ്ര, റാസിഖ് ദാര്‍, സുമിത് കുമാര്‍, സ്വസ്ത് കുമാര്‍, മിച്ചല്‍ മാര്‍ഷ്, ആന്റിച്ച് നോര്‍ക്യ, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ജെയ് റിച്ചാര്‍ഡ്‌സണ്‍, ഷായ് ഹോപ്പ്.

 

 

Content Highlight: IPL: Delhi Capitals name Australian all-rounder Jake Fraser-McGurk as replacement for Lung Ngidi.