|

അങ്ങനെ പന്തെറിയുന്നത് ടീമിനോ താരത്തിനോ ഗുണം ചെയ്യില്ല; ഉമ്രാന്‍ മാലിക്കിന് ഉപദേശവുമായി ഡെയ്ല്‍ സ്റ്റെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ പതിനെട്ടാം പതിപ്പിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. മാര്‍ച്ച് 22നാണ് ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് നേര്‍ക്കുനേര്‍ വരുന്നത്. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.

ഇപ്പോള്‍, വണ്‍ ടൈം വണ്ടറായ ഉമ്രാന്‍ മാലിക്കിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഹൈദരാബാദ് ബൗളിങ് കോച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍. ഒരു ഫാസ്റ്റ് ബൗളര്‍ക്ക് തന്റെ വേഗത എപ്പോള്‍, എങ്ങനെ ബുദ്ധിപരമായി ഉപയോഗിക്കാമെന്ന് അറിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയോട് സംസാരിക്കവെയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളിങ് ഇതിഹാസം അഭിപ്രായം പറഞ്ഞത്.

‘ഒരു ഫെരാരിക്ക് ആറ് ഗിയറുകളുണ്ട്, പക്ഷേ, നിങ്ങള്‍ അവയെല്ലാം ഉപയോഗിക്കേണ്ടതില്ല. അത് പോലെ, ഒരു ഫാസ്റ്റ് ബൗളര്‍ക്ക് എപ്പോള്‍ തന്റെ വേഗത ബുദ്ധിപൂര്‍വ്വം ഉപയോഗിക്കണമെന്ന് അറിഞ്ഞിരിക്കണം,’ ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.

ഉമ്രാന്‍ മാലിക്ക് സ്പീഡിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്ന സൂചനയും സ്റ്റെയ്ന്‍ നല്‍കി. സ്പീഡ് നിയന്ത്രിക്കാനായില്ലെങ്കില്‍ ബൗളര്‍ക്ക് കൂടുതല്‍ റണ്‍സ് വഴങ്ങേണ്ടി വരുമെന്നും അത് ടീമിനോ താരത്തിന്റെ കരിയറിനോ ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ചിലപ്പോള്‍, ഒരു കളിക്കാരന്‍ മത്സരത്തിലോ തനിക്ക് ചുറ്റും നടക്കുന്ന കാര്യത്തിലോ കുടുങ്ങിപ്പോകും. 60,000 ആരാധകര്‍ ആര്‍പ്പുവിളിക്കുമ്പോള്‍, ‘ഞാന്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയണം’ എന്ന് അദ്ദേഹം ചിന്തിച്ചേക്കാം. പക്ഷേ അത് പദ്ധതിക്ക് വിരുദ്ധമാണെങ്കില്‍, ബൗളര്‍ക്ക് 60-70 റണ്‍സ് വഴങ്ങേണ്ടി വരും. അത് അവന്റെ ടീമിനോ കരിയറിനോ ഗുണം ചെയ്യില്ല

കുറച്ച് മോശം മത്സരങ്ങള്‍ ഉണ്ടായാല്‍, നിങ്ങള്‍ ടീമിന് പുറത്താകും. ഒരു സീസണ്‍ കഴിഞ്ഞ്, ഒരു ഫ്രാഞ്ചൈസിയും നിങ്ങളെ തിരഞ്ഞെടുക്കില്ല. ഒരു ബൗളര്‍ അവരുടെ വേഗത നിയന്ത്രിക്കുകയും അത് ഫലപ്രദമായി ഉപയോഗിക്കുകയും വേണം,’ സ്റ്റെയ്ന്‍ പറഞ്ഞു.

ഉമ്രാന്‍ മാലിക്ക് ഹൈദരാബാദിനായി 2022 ഐ.പി.എല്ലില്‍ 22 വിക്കെറ്റെടുത്തിരുന്നു. ആ സീസണില്‍ 156.9 സ്പീഡില്‍ താരം പന്തെറിഞ്ഞിരുന്നു. അതേ വര്‍ഷം തന്നെ മാലിക്ക് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും 18 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റെടുക്കുകയും ചെയ്തിരുന്നു. ഇക്കോണമി റേറ്റ് മോശമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിലെ സ്ഥാനവും താരത്തിന് നഷ്ടമായി.

കഴിഞ്ഞ സീസണില്‍ ഉമ്രാനെ ഓറഞ്ച് പട റിലീസ് ചെയ്തു. മെഗാ താര ലേലത്തിലൂടെ കൊല്‍ക്കത്ത താരത്തെ ടീമിലെത്തിച്ചു.

Content Highlight: IPL: Dale Steyn Advices One Time Wonder Umran Malik

Video Stories