കൊല്ലം ഒന്നായിട്ടും എന്തൊരു കണ്‍സിസ്റ്റന്‍സി; ഒരു ബോറടിയുമില്ലാതെ അടി വാങ്ങിക്കൂട്ടി ഐ.പി.എല്ലിലെ ചരിത്രപുപുഷന്‍
IPL
കൊല്ലം ഒന്നായിട്ടും എന്തൊരു കണ്‍സിസ്റ്റന്‍സി; ഒരു ബോറടിയുമില്ലാതെ അടി വാങ്ങിക്കൂട്ടി ഐ.പി.എല്ലിലെ ചരിത്രപുപുഷന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd March 2024, 10:42 pm

ഐ.പി.എല്‍ 2024ലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുമ്പില്‍ 174 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു. മിഡില്‍ ഓര്‍ഡറില്‍ അനുജ് റാവത്തിന്റെയും ദിനേഷ് കാര്‍ത്തിക്കിന്റെയും ചെറുത്ത് നില്‍പാണ് ആര്‍.സി.ബിയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

78ന് അഞ്ച് എന്ന നിലയില്‍ നില്‍ക്കവെയാണ് റാവത്തിനൊപ്പം ദിനേഷ് കാര്‍ത്തിക് ക്രീസിലെത്തിയത്. ഒടുവില്‍ അവസാന പന്തില്‍ അനുജ് റാവത്ത് റണ്‍ ഔട്ടാകുന്നത് വരെ 95 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആര്‍.സി.ബി ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

അവസാന ഓവറുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളര്‍മാരെല്ലാം ഇരുവരുടെയും ഹാര്‍ഡ് ഹിറ്റിങ്ങിന്റെ കരുത്തറിഞ്ഞു. ആദ്യ മൂന്ന് ഓവറില്‍ വെറും 13 റണ്‍സ് വഴങ്ങിയ മുസ്തഫിസുര്‍ റഹ്‌മാന്റെ അവസാന ഓവറില്‍ 16 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത് തുഷാര്‍ ദേശ്പാണ്ഡേയാണ്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദേശ്പാണ്ഡേ ആ മികവ് ഐ.പി.എല്ലിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ മുംബൈ പേസര്‍ക്ക് അതിന് സാധിച്ചില്ല.

നാല് ഓവറില്‍ 47 റണ്‍സാണ് ദേശ്പാണ്ഡേ വഴങ്ങിയത്. 11.75 എന്ന എക്കോണമിയില്‍ പന്തെറിഞ്ഞ താരത്തിന് വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.

ദേശ്പാണ്ഡേയുടെ പന്തില്‍ ആര്‍.സി.ബി ബാറ്റര്‍മാര്‍ റണ്‍സ് അടിച്ചെടുക്കുന്നതിനൊപ്പം എക്‌സ്ട്രാസിലൂടെ ദേശ്പാണ്ഡേ റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു.

എക്‌സ്ട്രാസ് ഇനത്തില്‍ 13 റണ്‍സാണ് ആര്‍.സി.ബിയുടെ അക്കൗണ്ടിലെത്തിയത്. ഇതില്‍ 10 റണ്‍സും വൈഡിലൂടെയാണ് പിറന്നത്, ഭൂരിഭാഗം വൈഡുമെറിഞ്ഞതാകട്ടെ ദേശ്പാണ്ഡേയും. 20ാം ഓവറില്‍ മാത്രം മൂന്ന് വൈഡാണ് താരം എറിഞ്ഞത്.

താരത്തിന്റെ മോശം പ്രകടനത്തിന് പിന്നാലെ 2023 ഐ.പി.എല്ലിന്റെ ആദ്യ മത്സരത്തിലേക്കാണ് ആരാധകര്‍ ചര്‍ച്ച കൊണ്ടുപോകുന്നത്. കഴിഞ്ഞ സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ ഇംപാക്ട് പ്ലെയര്‍ എന്ന ഖ്യാതിയോടെയാണ് താരം കളത്തിലിറങ്ങിയത്. എന്നാല്‍ ഒരു ഇംപാക്ടും താരത്തിന് ഉണ്ടാക്കാന്‍ സാധിച്ചില്ല.

3.2 ഓവറില്‍ ഒരു വിക്കറ്റ് നേടി 51 റണ്‍സാണ് താരം വഴങ്ങിയത്. 15.30 ആയിരുന്നു താരത്തിന്റെ എക്കോണമി.

വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ദേശ്പാണ്ഡേ നിന്ന സ്ഥലത്ത് തന്നെ നില്‍ക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇവന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പറയുന്നവരും കുറവല്ല.

എന്നാല്‍ ദേശ്പാണ്ഡേയെ പിന്തുണച്ചും ആരാധകരെത്തുന്നുണ്ട്. ആദ്യ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച താരം പോകെ പോകെ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നുവെന്നും ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നുമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആദ്യ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 13 റണ്‍സ് എന്ന നിലയിലാണ്. പത്ത് പന്തില്‍ എട്ട് റണ്‍സുമായി ഋതുരാജ് ഗെയ്ക്വാദും രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായി രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍.

 

Content highlight: IPL: CSK vs RCB: Tushar Deshpande’s poor performance