| Tuesday, 16th June 2020, 5:49 pm

ടി-20 ലോകകപ്പില്‍ അനിശ്ചിതത്വം; സെപ്തംബറില്‍ ഐ.പി.എല്‍ നടത്താന്‍ ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ടി-20 ലോകകപ്പില്‍ അനിശ്ചിതത്വം തുടരവേ ഐ.പി.എല്ലുമായി മുന്നോട്ടുപോകാന്‍ ബി.സി.സി.ഐ. സെപ്തംബര്‍ 26 ന് ആരംഭിച്ച് നവംബര്‍ എട്ടിന് അവസാനിക്കുന്ന തരത്തിലാണ് ബി.സി.സി.ഐ ആലോചന.

അതേസമയം ദല്‍ഹി, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ ഐ.പി.എല്‍ സംഘടിപ്പിക്കുന്നത് നിലവില്‍ സാധ്യമല്ല. രോഗവ്യാപനം കുറഞ്ഞാല്‍ മാത്രമെ ഇത് സാധ്യമാകൂ.

അതേസമയം മുംബൈ ഇന്ത്യന്‍സ് ഇതിനോടകം ചെറിയ രീതിയിലുള്ള പരിശീലനം ആരംഭിച്ചിട്ടുണ്ട്. കാണികളില്ലെങ്കിലും ഈ വര്‍ഷം തന്നെ ഐ.പി.എല്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കിങ്സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചുമായ അനില്‍ കുംബ്ലെ നേരത്തെ പറഞ്ഞിരുന്നു.

” കാണികളില്ലാതെ സ്റ്റേഡിയം കിട്ടുകയാണെങ്കില്‍ മിക്കവാറും മൂന്നോ നാലോ വേദികളുണ്ടാകും. ഇപ്പോഴും സാധ്യതകളുണ്ട്. ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസം ഉണ്ട്,” അദ്ദേഹം പറഞ്ഞു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മെന്ററും മുന്‍ താരവുമായ വി.വി.എസ് ലക്ഷ്മണും സമാനമായ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഒന്നിലധികം സ്റ്റേഡിയം ഉള്ള സിറ്റികളില്‍വെച്ച് ഓഹരി ഉടമകള്‍ ലീഗ് നടത്തുകയാണെങ്കില്‍ കളിക്കാര്‍ യാത്ര ചെയ്യുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ലക്ഷ്മണ്‍ പറഞ്ഞു.

ഐ.പി.എല്‍ വെട്ടിച്ചുരുക്കിയായാലും ഇത്തവണ നടത്തണമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more