ചെന്നൈ: ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫൈയിംഗ് മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിംഗ്‌സ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു.
പ്ലേ ഓഫിലെ ആദ്യ മല്‍സരത്തില്‍ മുംബൈയെ പുറത്താക്കിയ ചെന്നൈ ഇന്നലെ ഡല്‍ഹിയെ 86 റണ്‍സിനു തകര്‍ത്താണ് കൊല്‍ക്കത്തയ്‌ക്കെതിരെ നാളെ ഫൈനല്‍ കളിക്കാന്‍ അര്‍ഹത നേടിയത്.
ഓപ്പണര്‍ മുരളി വിജയിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ സൂപ്പര്‍ കിംഗ്‌സിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 58 പന്തില്‍ നാലു സിക്‌സറും 15 ഫോറുമടക്കം 113 റണ്‍സെടുത്ത വിജയ് അവസാന പന്തില്‍ റണ്ണൗട്ടായി. 51 പന്തുകളിലാണ് ടെസ്റ്റ് താരം കൂടിയായ വിജയ് സെഞ്ചുറി നേടിയത്. 28 പന്തുകളിലായിരുന്നു അദ്ദേഹം അര്‍ധ സെഞ്ചുറി നേടിയത്. വെസ്റ്റിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ 12 പന്തില്‍ പുറത്താകാതെ 33 റണ്‍സെടുത്തു. ടോസ് നേടിയ ഡെയര്‍ ഡെവിള്‍സ് നായകന്‍ വീരേന്ദര്‍ സേവാഗ് സൂപ്പര്‍ കിംഗ്‌സിനെ ബാറ്റിംഗിനു വിടാനാണു താല്‍പര്യപ്പെട്ടത്.
മറുപടി ബാറ്റിങ്ങില്‍ 22 റണ്‍സെടുത്തുമ്പോഴേക്ക് ഡല്‍ഹിയുടെ വാര്‍ണര്‍(മൂന്ന്), സേവാഗ്(ഒന്ന്) എന്നിവര്‍ പുറത്തായത് കളിയുടെ വിധി കുറിച്ചു. ജയവര്‍ധന(55) മാത്രം പിടിച്ചു നിന്നപ്പോള്‍ മറ്റു പ്രമുഖര്‍ ഒന്നൊന്നായി മടങ്ങിക്കൊണ്ടിരുന്നു. ടെയ്‌ലര്‍(24), റസ്സല്‍(17), നമാന്‍ ഓജ(ഏഴ്) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവനയ്ക്കു കഴിഞ്ഞില്ല. അശ്വിന്‍ 24 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. തുടര്‍ച്ചയായി മൂന്നാം കിരീടമാണ് ചെന്നൈ ലക്ഷ്യമിടുന്നത്.
ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ലഭിച്ച അവസരം സൂപ്പര്‍ കിംഗ്‌സ് ബാറ്റ്‌സ്മാന്‍മാര്‍ പാഴാക്കിയില്ല. ഐ.പി.എല്‍. സീസണില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന വിജയായിരുന്നു ആക്രമണങ്ങള്‍ക്കു നേതൃത്വം കൊടുത്തത്. മുരളി വിജയും മൈക്ക് ഹസിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കാര്യങ്ങള്‍ ഡെയര്‍ ഡെവിള്‍സിന്റെ കൈവിട്ടു പോയി.
പരുക്കിന്റെ പിടിയിലായ മോര്‍ണി മോര്‍ക്കലിനെയും ഇര്‍ഫാന്‍ പഠാനെയും കൂടാതെയാണു ഡെയര്‍ ഡെവിള്‍സ് ഇറങ്ങിയത്. ഇരുവര്‍ക്കും പകരം ആന്ദ്രെ റസലും സണ്ണി ഗുപ്തയും കളിച്ചു. സണ്ണി ഗുപ്ത മൂന്നോവറില്‍ 47 റണ്‍സ് വഴങ്ങി . ഒരോവര്‍ മാത്രം എറിഞ്ഞ സേവാഗ് 21 റണ്‍സാണു വിട്ടുകൊടുത്തത്. സേവാഗിന്റെയും ഗുപ്തയുടെയും ഓവറുകളില്‍നിന്നു മാത്രം സൂപ്പര്‍ കിംഗ്‌സ് 68 റണ്‍സെടുത്തു.
22 പന്തില്‍ 20 റണ്‍സെടുത്ത മൈക്ക് ഹസിയെ വരുണ്‍ ആരണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നമന്‍ ഓജ പിടികൂടുകയായിരുന്നു. പിന്നാലെ വന്ന സുരേഷ് റെയ്‌നയും മോശമായില്ല. 17 പന്തില്‍ ഒരു സിക്‌സറും മൂന്നു ഫോറുമടക്കം 27 റണ്‍സെടുത്ത റെയ്‌നയെ പവന്‍ നേഗി സ്വന്തം ബൗളിംഗില്‍ പിടികൂടി. 10 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 23 റണ്‍സെടുത്തു നായകന്‍ എം.എസ്. ധോണിയും റോള്‍ ഗംഭീരമാക്കി.