| Friday, 22nd March 2024, 7:05 pm

ഒരുത്തനും തൊടാന്‍ കഴിയാത്ത ഇംഗ്ലണ്ട് കോച്ചിന്റെ റെക്കോഡ് ഇന്നെങ്കിലും തകരുമോ? ആര്‍ക്കാകും കൊല്‍ക്കത്തയുടെ രാജകുമാരന് വട്ടം വെക്കാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 17ാം സീസണിലെ ആദ്യ മത്സരത്തിന് നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് ആരാധകര്‍. ചെപോക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഹോം ടീമും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവിനെയാണ് നേരിടുന്നത്.

സ്പിന്നിനെ തുണയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്ന പിച്ചില്‍ ബാറ്റര്‍മാരുടെ പ്രകടനം തന്നെയായിരിക്കും കളിയുടെ വിധി തീരുമാനിക്കുക. റോയല്‍ ചലഞ്ചേഴ്‌സിന്റെ കോഹ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡു പ്ലെസി എന്നിവരുടെ കെ.ജി.എഫ് സഖ്യമാണ് ആര്‍.സി.ബിയുടെ കരുത്ത്. ഋതുരാജ് ഗെയ്ക്വാദ്, രചിന്‍ രവീന്ദ്ര എന്നിവരുടെ ബാറ്റിങ് കരുത്തിനൊപ്പം ഓള്‍ റൗണ്ട് മികവുമായി രവീന്ദ്ര ജഡേജ അടങ്ങുന്ന ആര്‍.ആര്‍.ആറാണ് ചെന്നൈക്കായി തിളങ്ങാന്‍ ഒരുങ്ങുന്നത്.

ഇവര്‍ക്ക് പുറമെ കാമറൂണ്‍ ഗ്രീന്‍, മഹിപാല്‍ ലോംറോര്‍, സമീര്‍ റിസ്വി, ശിവം ദുബെ എന്നിങ്ങനെ വമ്പന്‍ താരനിര ഇരു ടീമിനുമൊപ്പമുണ്ട്.

സൂപ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ മത്സരത്തില്‍ പിറവിയെടുത്ത റെക്കോഡ് വീണ്ടും പിറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ സെഞ്ച്വറിയെന്ന നേട്ടമാണ് ഇത്. ഈ നേട്ടം പിറന്നതാകട്ടെ ഉദ്ഘാടന സീസണിലെ ഉദ്ഘാടന മത്സരത്തിലും.

2008ലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ സൂപ്പര്‍ താരം ബ്രണ്ടന്‍ മക്കെല്ലമാണ് ഈ നേട്ടം സ്വന്തമാക്കിയത്. നേരിട്ട 53ാം പന്തില്‍ ഏഴ് സിക്‌സറിന്റെയും എട്ട് ഫോറിന്റെയും അകമ്പടിയോടെയാണ് മക്കെല്ലം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

എന്നാല്‍ അവിടംകൊണ്ടും നിര്‍ത്താന്‍ ഉദ്ദേശമില്ലാതിരുന്ന മക്കെല്ലം 73 പന്തില്‍ പുറത്താകാതെ 158 എന്ന നിലയിലാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 13 സിക്‌സറിന്റെയും പത്ത് ബൗണ്ടറിയുടെയും അകമ്പടിയോടെ 216.43 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് മക്കെല്ലം തന്റെ വെടിക്കെട്ട് പൂര്‍ത്തിയാക്കിയത്.

ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ആദ്യ 50, ആദ്യ 100, ആദ്യ 150 തുടങ്ങിയ നേട്ടങ്ങളെല്ലാം മക്കെല്ലത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു.

താരത്തിന്റെ വെടിക്കെട്ടില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

223 എന്ന പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ആര്‍.സി.ബി 82 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ 140 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ഗോള്‍ഡ് ആന്‍ഡ് ബ്ലാക്ക് ആര്‍മി നേടിയത്.

ആദ്യ സീസണിന് ശേഷം 15 സീസണുകളിലായി ഐ.പി.എല്‍ കുതിപ്പ് തുടര്‍ന്നെങ്കിലും ഒരു താരത്തിന് പോലും ഉദ്ഘാടന മത്സരത്തില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നില്ല.

ഈ റെക്കോഡ് നേട്ടത്തില്‍ മക്കെല്ലത്തിനൊപ്പം കൈകോര്‍ക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നോ സൂപ്പര്‍ കിങ്‌സില്‍ നിന്നോ അതുമല്ല രണ്ട് ടീമില്‍ നിന്നോ ഏതെങ്കിലും താരമെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മക്കെല്ലത്തിന്റെ ഈ സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. നീണ്ട 14 വര്‍ഷക്കാലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഐ.പി.എല്‍ ചരിത്രത്തിലെ ഏക സെഞ്ച്വറി നേട്ടമായിരുന്നു അത്. സൗരവ് ഗാംഗുലിയും ഗൗതം ഗംഭീറും യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും അടക്കം നിരവധി താരങ്ങള്‍ കെ.കെ.ആര്‍ ജേഴ്‌സി അണിഞ്ഞെങ്കിലും സെഞ്ച്വറിയെന്ന നേട്ടം സ്വന്തമാക്കാന്‍ ആര്‍ക്കുമായില്ല.

ഒടുവില്‍ കഴിഞ്ഞ സീസണില്‍ വെങ്കിടേഷ് അയ്യരാണ് ഈ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് വെങ്കിടേഷ് അയ്യര്‍ സെഞ്ച്വറി നേടിയത്. 51 പന്തില്‍ 104 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ആ മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെട്ടിരുന്നു.

Content highlight: IPL, Brendon McCullum is the only batter in the history of IPL to score a century in opening match

We use cookies to give you the best possible experience. Learn more