| Saturday, 2nd June 2018, 9:15 am

ഇത്തവണയും ഐ.പി.എല്ലില്‍ വാതുവെയ്പ്; സല്‍മാന്‍ ഖാന്റെ സഹോദരനെ ചോദ്യം ചെയ്യും

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഈ സീസണിലെ ഐ.പി.എല്‍ വാതുവെയ്പ് കേസില്‍ അന്വേഷണം ബോളിവുഡിലേക്കും. സല്‍മാന്‍ ഖാന്റെ സഹോദരനും നടനും സംവിധായകനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാനെ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുമെന്ന് താനെ പൊലീസ് അറിയിച്ചു.

സോനു ജലാന്‍ എന്ന ബുക്കിയെ അറസ്റ്റ് ചെയ്തതോടെയാണ് അര്‍ബാസിന്റെ പങ്ക് വ്യക്തമായത്. ഇത്തവണത്തെ ഐ.പി.എല്ലില്‍ വാതുവെയ്പ് നടത്തിയെന്നാണ് ആരോപണം. അര്‍ബാസ് ഖാന് വാതുവെയ്പുകാരുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാതുവെയ്പ് കേസിലെ പ്രധാനകണ്ണിയായ സോനു ജലാനും അര്‍ബാസും സുഹൃത്തുക്കളാണ്.

അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ളയാളാണ് സോനു ജലാന്‍. അര്‍ബാസ് ഖാന്‍ സ്വന്തം പണമുപയോഗിച്ച് വാതുവെയ്പ് നടത്തിയെന്നും സോനു ഇതിന് സഹായിച്ചെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

ALSO READ:  പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ടുകെട്ട് സ്വയം തകരും; ഇല്ലെങ്കില്‍ തകര്‍ക്കും: വെല്ലുവിളിയുമായി യോഗി ആദിത്യനാഥ്

പണത്തിന്റെ പേരില്‍ അര്‍ബാസുമായി തെറ്റിയതായി സോനു പൊലീസിനോട് പറഞ്ഞു. അര്‍ബാസ് തനിക്ക് പണം തരുന്നില്ലെന്ന് സോനുവിന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് പണം തന്നില്ലെങ്കില്‍ വാതുവെപ്പില്‍ പങ്കുണ്ടെന്ന കാര്യം പുറത്തുവിടുമെന്ന് അര്‍ബാസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം അര്‍ബാസ് മാത്രമല്ല നിരവധി ബോളിവുഡ് താരങ്ങളുമായി സോനുവിന് ബന്ധമുണ്ടെന്നാണ് സൂചന. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ വമ്പന്‍ താരങ്ങള്‍ വരെ പിടിയിലാകാന്‍ സാധ്യതയുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐ.പി.എല്‍ വാതുവെയ്പില്‍ മലയാളി താരം ശ്രീശാന്ത് അടക്കമുള്ളവര്‍ പിടിയിലായിരുന്നു. എന്നാല്‍ പിന്നീട് ശ്രീശാന്തിനെ കേസില്‍ പങ്കില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നെങ്കിലും ബി.സി.സി.ഐ വിലക്ക് പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല.

വാതുവെയ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more