|

അത് കേട്ട് എല്ലാവരും ഗാംഗുലിയെ കളിയാക്കി, ഇപ്പോള്‍ അംഗീകരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു; ഐ.പി.എല്‍ പൊളിയാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ അടുത്ത സൈക്കിളിനുള്ള മീഡിയ ഓക്ഷന്‍ അവസാനിച്ചിരിക്കുകയാണ്. 2023-2027 സൈക്കിളിലെ മത്സരങ്ങളുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ വയാകോമും ടെലിവിഷന്‍ റൈറ്റ്‌സ് സോണിയുമാണ് സ്വന്തമാക്കിയത്.

107 കോടി രൂപയാണ് കേവലം ഒരു മത്സരത്തിന്റെ സംപ്രേക്ഷണാവകാശത്തിലൂടെ ബി.സി.സി.ഐയുടെ കീശയിലേക്കെത്തുന്നത്. 2008ല്‍ ഐ.പി.എല്‍ ആരംഭിക്കുമ്പോള്‍ 13.6 കോടി രൂപയുണ്ടായിരുന്നതാണ് 2023ല്‍ 107 കോടിയിലേക്കെത്തി നില്‍ക്കുന്നത്.

44,075 കോടി രൂപയാണ് ലേലത്തിലൂടെ ബി.സി.സി.ഐ സ്വന്തമാക്കിയത്. ഇതുവരെയുള്ള സീസണുകളെയും സൈക്കിളുകളേയും അപേക്ഷിച്ച് ഏറ്റവും വലിയ തുകയാണിത്.

ഓരോ മത്സരത്തിന്റെയും സംപ്രേക്ഷണത്തിനായി നേടുന്ന തുകയെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെക്കാളും (ഇ.പി.എല്‍) നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസേസിയേഷനെക്കാളും (എന്‍.ബി.എ) ഐ.പി.എല്‍ മുന്‍പന്തിയിലാണ്.

എന്‍.എഫ്.എല്‍ (നാഷണല്‍ ഫുട്‌ബോള്‍ ലീഗ്) മാത്രമാണ് ഇക്കാര്യത്തില്‍ ഐ.പി.എല്ലിന് മുമ്പിലുള്ളത്. 133 കോടി രൂപയാണ് എന്‍.എഫ്.എല്ലിലെ ഓരോ മത്സരത്തിലെയും വരുമാനം.

കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലീഷ് പ്രീയര്‍ ലീഗിനെക്കാളും വരുമാനം തങ്ങള്‍ സ്വന്തമാക്കുന്നുണ്ടെന്ന പ്രസ്താവനയുമായി ഗാംഗുലി രംഗത്തെത്തിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെക്കാളും കൂടുതല്‍ വരുമാനമാണ് ഐ.പി.എല്‍ നേടിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു ഗാംഗുലി പറഞ്ഞത്. ഇതിന് പിന്നാലെ വ്യാപകമായ മിമര്‍ശനങ്ങളും കളിയാക്കലുകളുമാണ് സോഷ്യല്‍ മീഡിയയിലടക്കം ഗാംഗുലിക്കെതിരെ ഉയര്‍ന്നത്.

അതേസമയം, എ, ബി, സി, ഡി എന്നിങ്ങനെ നാല് പാക്കേജുകളായി നടന്ന ലേലത്തിന്റെ എ, ബി പാക്കേജുകള്‍ സ്വന്തമാക്കിയത് ഒരേ കമ്പനിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത സൈക്കിളില്‍ ഏകദേശം 410ഓളം മത്സരങ്ങളുണ്ടാകുമെന്നാണ് ബി.സി.സി.ഐയുടെ കണക്കുകൂട്ടല്‍.

സ്റ്റാര്‍ ഇന്ത്യയായിരുന്നു 2017-2022 സൈക്കിളിലെ സംപ്രേക്ഷണവകാശം സ്വന്തമാക്കിയത്. 16,347.50 കോടി രൂപ മുതല്‍ മുടക്കി, സോണി പിക്ചേഴ്സിനെ പിന്തള്ളിയാണ് സ്റ്റാര്‍ ഇന്ത്യ ഐ.പി.എല്ലിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയത്.

ഒരു മത്സരത്തിനുള്ള സംപ്രേക്ഷണത്തിന് 55 കോടി രൂപയാണ് ഈ കാലയളവില്‍ ബി.സി.സി.ഐക്ക് ലഭിച്ചിരുന്നത്.

റൈറ്റ്‌സ് സ്വന്തമാക്കാന്‍ ഏറ്റവും സാധ്യത കല്‍പിച്ചിരുന്ന ആമസോണ്‍ ലേലത്തിന്റെ ആദ്യദിവസം തന്നെ പിന്‍മാറിയിരുന്നു. ആമസോണിന് പുറമെ ഡിസ്‌നി, റിലയന്‍സ്, സീ മുതലായ വമ്പന്‍മാരും മത്സരരംഗത്തുണ്ടായിരുന്നു.

Content Highlight: IPL becomes the second most lucrative sports league overstepping NBA and EPL