| Tuesday, 14th June 2022, 4:21 pm

ഐ.പി.എല്ലിനും താഴെയാടാ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ടോപ് ഫൈവില്‍ ഫുട്‌ബോള്‍ രാജാക്കന്‍മാരെ പിന്തള്ളി ഇന്ത്യന്‍ ക്രിക്കറ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്ലിന്റെ സംപ്രേക്ഷണാവകാശം നേടുന്നതിനായുള്ള മീഡിയ ലേലം അവസാനിച്ചത്. രണ്ട് ദിവസമായി നടന്ന ലേലത്തില്‍ ഐ.പി.എല്ലിന്റെ ഡിജിറ്റല്‍ അവകാശം വയാകോമും ടെലിവിഷന്‍ റൈറ്റ്‌സ് സ്റ്റാര്‍ ഇന്ത്യയുമാണ് സ്വന്തമാക്കിയത്.

ഐ.പി.എല്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സോണി നേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സ്റ്റാര്‍ ഇന്ത്യ വീണ്ടും ഐ.പി.എല്ലിനെ സ്വന്തമാക്കുകയായിരുന്നു.

44,705 കോടി രൂപയ്ക്കാണ് അടുത്ത സൈക്കിളിനുള്ള (2023-2027) മീഡിയ റൈറ്റ്‌സ് വിറ്റുപോയത്. ഇതിന് മുമ്പുള്ള എല്ലാ സീസണിനെയും അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് റെക്കോഡ് തുകയാണ്.

107 കോടി രൂപയാണ് കേവലം ഒരു മത്സരത്തിന്റെ സംപ്രേക്ഷണാവകാശത്തിലൂടെ ബി.സി.സി.ഐയുടെ കീശയിലേക്കെത്തുന്നത്. 2008ല്‍ ഐ.പി.എല്‍ ആരംഭിക്കുമ്പോള്‍ 13.6 കോടി രൂപയുണ്ടായിരുന്നതാണ് 2023ല്‍ 107 കോടിയിലേക്കെത്തി നില്‍ക്കുന്നത്.

ഓരോ മത്സരത്തിന്റെയും സംപ്രേക്ഷണത്തിനായി നേടുന്ന തുകയെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെക്കാളും (ഇ.പി.എല്‍) നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസേസിയേഷനെക്കാളും (എന്‍.ബി.എ) ഐ.പി.എല്‍ മുന്‍പന്തിയിലാണ്.

എന്‍.ബി.എ

എന്‍.എഫ്.എല്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഐ.പി.എല്ലിന് മുമ്പിലുള്ളത്. ഇതോടെ ലോകത്തിലെ ആഡംബര ഗെയിമുകളില്‍ രണ്ടാമതെത്താനും ഐ.പി.എല്ലിനായി.

ഒരോ മത്സരത്തിന്റെയും സംപ്രക്ഷണത്തിലൂടെ വിവിധ ലീഗുകള്‍ക്ക് ലഭിക്കുന്ന തുക

എന്‍.എഫ്.എല്‍ – നാഷണല്‍ ഫുട്‌ബോള്‍ ലീഗ് (അമേരിക്കന്‍ ഫുട്‌ബോള്‍/ റഗ്ബി)- 132 കോടി

ഐ.പി.എല്‍ – ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ക്രിക്കറ്റ്) – 107.5 കോടി

ഇ.പി.എല്‍ – ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് (ഫുട്‌ബോള്‍) – 85.9 കോടി

എം.എല്‍.ബി – മേജര്‍ ലീഗ് ബേസ്‌ബോള്‍ (ബേസ്‌ബോള്‍) – 85.9 കോടി

എന്‍.ബി.എ – നാഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്‍ (ബാസ്‌ക്കറ്റ്‌ബോള്‍) – 15.6 കോടി

എന്‍.എഫ്.എല്‍

എം.എല്‍.ബി

നേരത്തെ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെക്കാളും വരുമാനം ഐ.പി.എല്‍ നേടുന്നുണ്ടെന്ന വാദവുമായി ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു.

2023 മുതല്‍ 2027 വരെയുള്ള അടുത്ത സൈക്കിളില്‍ ഏകദേശം 410ഓളം മത്സരങ്ങളുണ്ടാകുമെന്നാണ് ബി.സി.സി.ഐയുടെ കണക്കുകൂട്ടല്‍.

സ്റ്റാര്‍ ഇന്ത്യയായിരുന്നു 2017-2022 സൈക്കിളിലെ സംപ്രേക്ഷണവകാശം സ്വന്തമാക്കിയത്. 16,347.50 കോടി രൂപ മുതല്‍ മുടക്കി, സോണി പിക്‌ചേഴ്‌സിനെ പിന്തള്ളിയാണ് സ്റ്റാര്‍ ഇന്ത്യ ഐ.പി.എല്ലിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.

ഒരു മത്സരത്തിനുള്ള സംപ്രേക്ഷണത്തിന് 55 കോടി രൂപയാണ് ഈ കാലയളവില്‍ ബി.സി.സി.ഐക്ക് ലഭിച്ചിരുന്നത്.

റൈറ്റ്സ് സ്വന്തമാക്കാന്‍ ഏറ്റവും സാധ്യത കല്‍പിച്ചിരുന്ന ആമസോണ്‍ ലേലത്തിന്റെ ആദ്യദിവസം തന്നെ പിന്‍മാറിയിരുന്നു. ആമസോണിന് പുറമെ റിലയന്‍സ്, സീ മുതലായ വമ്പന്‍മാരും മത്സരരംഗത്തുണ്ടായിരുന്നു.

Content Highlight: IPL Becomes the Second Lucrative Sports League, Overstepping English Premier League and NBA

We use cookies to give you the best possible experience. Learn more