| Monday, 10th August 2020, 12:35 pm

ഇനി പതഞ്ജലി ഐ.പി.എല്‍?; വിവോ പിന്മാറിയിടത്തേക്ക് കസേര വലിച്ചിട്ടിരിക്കാന്‍ പതഞ്ജലിയുടെ നീക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍നിന്നും ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതോടെ പുതിയ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു. ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ബാബാ രാംദേവിന്റെ പതഞ്ജലി ഏറ്റെടുത്തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പതഞ്ജലിയുടെ വക്താവ് എസ്.കെ തിജാരവാലയാണ് ഇക്കാര്യം അറിയിച്ചത്.

‘ഈ വര്‍ഷം ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് പതഞ്ജലി ഏറ്റെടുക്കും. പതഞ്ജലി എന്ന ബ്രാന്‍ഡിനെ ഗ്ലോബല്‍ മാര്‍ക്കറ്റിലേക്കെത്തിക്കാനാണ് ഞങ്ങളുടെ ശ്രമം’ തിജാരവാല പറഞ്ഞു.

ഇതിനായുള്ള ശുപാര്‍ശ ബി.സി.സി.ഐക്ക് മുന്നില്‍ വെച്ചിട്ടുണ്ടെന്നും പതഞ്ജലി അറിയിച്ചു.

ഐ.പി.എല്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ എന്ന നിലയില്‍ ഐ.പി.എല്ലിനുപരിയായി പതഞ്ജലിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. ബ്രാന്‍ഡുകള്‍ക്കിടയിലെ ചില ശ്രേണിയില്‍നിന്നും പുറത്താവുമെങ്കിലും ചൈനക്കെതിരായ വികാരത്തിന്റെ പശ്ചാത്തലത്തില്‍ പതഞ്ജലിക്കിത് സന്ദര്‍ഭോചിതമായ ഇടപെടലായിരിക്കും എന്നാണ് ബ്രാന്‍ഡ് തന്ത്രജ്ഞന്‍ ഹരീഷ് ബിജൂറിന്റെ അഭിപ്രായം.

വിവോ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്മാറിയ വിവരം ഓഗസ്റ്റ് ആറിനാണ് ബി.സി.സി.ഐ അറിയിച്ചത്. പ്രതിവര്‍ഷം 440 കോടിയുടെ സ്‌പോണ്‍സര്‍ഷിപ്പിനുള്ള കരാറായിരുന്നു 2018ല്‍ വിവോ ഒപ്പുവെച്ചിരുന്നത്. അഞ്ചുവര്‍ഷത്തേക്കായിരുന്നു കരാര്‍.

ഇത്രയും തുക പതഞ്ജലിക്ക് മുടക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കകളുണ്ട്. 300 കോടിയുടെ പുതിയ കരാറില്‍ ഏര്‍പ്പെടുമെന്നാണ് ബി.സി.സി.ഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് തുകയില്‍ 50 ശതമാനത്തിന്റെ കുറവുവരുത്തുന്ന കാര്യവും ബി.സി.സി.ഐ ആലോചിക്കുന്നുണ്ട്.

സെപ്തംബര് 19 മുതല്‍ നവംബര്‍ പത്തുവരെ യു.എ.ഇയിലാണ് ഇത്തവണത്തെ ഐ.പി.എല്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: IPL Baba Ramdev’s Patanjali likely to bid for title sponsorship

We use cookies to give you the best possible experience. Learn more