| Wednesday, 20th December 2023, 3:08 pm

അതേയ് ആളുമാറിപ്പോയി, ഇവനെയല്ല ഞങ്ങള്‍ക്ക് വേണ്ടത്; ആനമണ്ടത്തരം കാട്ടി പഞ്ചാബ്; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ന് മുമ്പായി നടക്കുന്ന താരലേലത്തില്‍ വമ്പന്‍ അബദ്ധം പിണഞ്ഞ് പഞ്ചാബ് കിങ്‌സ്. ലേലത്തില്‍ തങ്ങള്‍ക്കാവശ്യമുള്ള താരത്തിന് പകരം മറ്റൊരു താരത്തെ ടീമിലെത്തിച്ചാണണ് പഞ്ചാബ് സ്വന്തം കണക്കുകൂട്ടലുകള്‍ തന്നെ തെറ്റിച്ചത്.

ആഭ്യന്തര തലത്തില്‍ ഛത്തീസ്ഗഡിന് വേണ്ടി കളിക്കുന്ന ശശാങ്ക് സിങ്ങിനെയാണ് പഞ്ചാബ് അബദ്ധത്തില്‍ ടീമിലെത്തിച്ചത്. മറ്റൊരു താരത്തിന് വേണ്ടി ശ്രമിച്ച പഞ്ചാബ് ആളുമാറി ശശാങ്കിനെ സ്വന്തമാക്കുകയായിരുന്നു.

ലേല നടപടികളുടെ ഭാഗമായി ആങ്കര്‍ മല്ലിക സാഗര്‍ ശശാങ്കിന്റെ പേരും അടിസ്ഥാന വിലയും പ്രഖ്യാപിച്ചതോടെ പഞ്ചാബ് രംഗത്തുവരികയായിരുന്നു. 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ മറ്റ് ടീമുകളൊന്നും തന്നെ ശശാങ്കിന് വേണ്ടി ശ്രമിക്കാതിരുന്നതോടെ ലേലം ഉറപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇതിനിടെയാണ് തങ്ങള്‍ക്ക് അബദ്ധം പിണഞ്ഞ കാര്യം ടീം ഉടമകളായ പ്രീതി സിന്റക്കും നെസ് വാഡിയക്കും അബദ്ധം മനസിലായത്. അവര്‍ ഇക്കാര്യം മല്ലിക സാഗറിനെ അറിയിക്കുകയും ചെയ്തു.

മല്ലിക സാഗര്‍ എന്താണ് പറ്റിയതെന്ന് ചോദിക്കുകയും തങ്ങള്‍ക്ക് ആളുമാറിയ വിവരം പഞ്ചാബ് കിങ്‌സ് അറിയിക്കുകയുമായിരുന്നു. ശശാങ്ക് സിങ്ങിനെയാണോ ഉദ്ദേശിച്ചതെന്ന് ആങ്കര്‍ ചോദിക്കുകയും അതെയെന്ന് പഞ്ചാബ് മറുപടി പറയുകയും ചെയ്തു.

എന്നാല്‍ ലേലം ഉറപ്പിച്ചതിനാല്‍ പഞ്ചാബിന് പിന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മല്ലിക സാഗര്‍ അറിയിച്ചതോടെ പഞ്ചാബ് സിംഹങ്ങള്‍ ശശാങ്കിനെ വാങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന ശശാങ്ക് സിങ്ങിനെ കഴിഞ്ഞ വര്‍ഷം ടീം ഒഴിവാക്കിയിരുന്നു. ശേഷം നടന്ന ലേലത്തില്‍ താരത്തെ ആരും സ്വന്തമാക്കുകയും ചെയ്തിരുന്നില്ല. ഇതിന് മുമ്പ് രാജസ്ഥാന്‍ സ്‌ക്വാഡിലെ അംഗമായിരുന്നു ശശാങ്ക്.

ഐ.പി.എല്ലില്‍ പത്ത് മത്സരത്തിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്നും 69 റണ്‍സാണ് താരം നേടിയത്. 146.81 എന്ന സ്‌ട്രൈക്ക് റേറ്റിലും 17.25 എന്ന ശരാശരിയിലുമാണ് താരം സ്‌കോര്‍ ചെയ്തത്.

കരിയറിലെ 44 ടി-20 ഇന്നിങ്‌സില്‍ നിന്നുമായി 724 റണ്‍സാണ് താരം നേടിയത്. 135.83 എന്ന സ്‌ട്രൈക്ക് റേറ്റിലും 20.11 എന്ന ശരാശിയിലുമാണ് താരത്തിന്റെ റണ്‍ നേട്ടം. അഞ്ച് അര്‍ധ സെഞ്ച്വറിയും കരിയറില്‍ താരം നേടിയിട്ടുണ്ട്.

Content highlight: IPL auction; Punjab Kings acquired Shashank Singh by mistake

We use cookies to give you the best possible experience. Learn more