2014 ലെ ഐ.പി.എല്‍ ലേലം ഇന്ത്യന്‍ രൂപയില്‍
DSport
2014 ലെ ഐ.പി.എല്‍ ലേലം ഇന്ത്യന്‍ രൂപയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th December 2012, 3:55 pm

ന്യൂദല്‍ഹി: 2014 ലെ ഐ.പി.എ.എല്‍ ലേലം ഇന്ത്യന്‍ രൂപയിലായിരിക്കുമെന്ന് ബി.സി.സി.ഐ. എക്‌സ്‌ചേഞ്ച് റേറ്റിലുള്ള ഏറ്റക്കുറച്ചിലുകളാണ് ലേലം രൂപയിലാക്കാന്‍ ബി.സി.സി.ഐ തീരുമാനിക്കാന്‍ കാരണം.[]

ബി.സി.സി.ഐയുടെ പുതിയ തീരുമാനം മുഴുവന്‍ ഫ്രാഞ്ചൈസികളേയും അറിയിച്ചുകഴിഞ്ഞു. 2008 ലെ ആദ്യ ലേലത്തില്‍ കറന്‍സിയുടെ നാല്‍പത് ശതമാനത്തിന് തുല്യമായുള്ള ഡോളറായിരുന്നു സ്റ്റാന്‍ഡേര്‍ഡ് റേറ്റായി ഉപയോഗിച്ചിരുന്നത്.

കഴിഞ്ഞ തവണ നടന്ന ലേലം വരെ ഇതേ സറ്റാന്‍ഡേര്‍ഡ് റേറ്റില്‍ തന്നെയാണ് ലേലം നടന്നത്. എക്‌സ് ചേഞ്ച് റേറ്റ് കുറയുന്നത് കാരണം പല ടീം ഉടമകളും ലേലം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടുത്ത വര്‍ഷം മുതല്‍ ലേലം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റാന്‍ ബി.സി.സി.ഐ തീരുമാനിച്ചത്.

ഇതുകൂടാതെ ഇന്ത്യയിലെ പ്രാദേശിക കളിക്കാരെയും ലേലത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പല വിദേശ പ്രാദേശിക താരങ്ങളും പണം വാരുമ്പോള്‍ ഇന്ത്യയിലെ കഴിവുള്ള താരങ്ങള്‍ തഴയപ്പെട്ടുകൂടായെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഇന്ത്യയില്‍ നടക്കുന്ന ലീഗായതിനാല്‍ പ്രാധാന്യം ഇന്ത്യന്‍ താരങ്ങള്‍ക്കായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.