ഐ.പി.എല്‍ 2025ന് മുന്നോടിയായുള്ള താരലേലത്തിന് ആവേശപൂര്‍വമാണ് കൊടിയിറങ്ങിയത്. എല്ലാ ടീമുകളും ശക്തമായ സ്‌ക്വാഡുമായി കിരീടത്തിനായി പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്.
ഏറെ കരുത്തുറ്റ ടീമിനെയാണ് മുംബൈ ഇന്ത്യന്‍സ് പടുത്തുയര്‍ത്തിയിരിക്കുന്നത്. പ്ലെയര്‍ റിറ്റെന്‍ഷനില്‍ തന്നെ സ്‌ട്രോങ്ങായ മുംബൈ താരലേലം അവസാനിച്ചതോടെ ഡബിള്‍ സ്‌ട്രോങ്ങായിരിക്കുകയാണ്.
നായകന്‍ ഹര്‍ദിക് പാണ്ഡ്യ, മുന്‍ നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, തിലക് വര്‍മ എന്നിവരെയാണ് മെഗാ താരലേലത്തിന് മുമ്പ് മുംബൈ നിലനിര്‍ത്തിയത്.
സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ 18 കോടി നല്‍കി നിലനിര്‍ത്തിയ മുംബൈ സൂര്യകുമാറിനും ഹര്‍ദിക്കിനുമായി 16.35 കോടി വീതവും രോഹിത് ശര്‍മയ്ക്കായി 16.30 കോടിയും മാറ്റിവെച്ചു. എട്ട് കോടിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഭാവിയുടെ വാഗ്ദാനമായ തിലക് വര്‍മയ്ക്ക് നല്‍കിയത്.
താരലേലത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ബുംറക്ക് ഇതിലും തുക നേടാന്‍ സാധിക്കുമായിരുന്നു എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകനുമായ ആശിഷ് നെഹ്‌റ. ബുംറ ലേലത്തിനുണ്ടെങ്കില്‍ 520 കോടിയുടെ ഓക്ഷന്‍ പേഴ്‌സ് പോലും മതിയാകില്ല എന്നാണ് നെഹ്‌റ തമാശപൂര്‍വം പറഞ്ഞത്.
നെഹ്‌റയുടെ വാക്കുകളെ ഉദ്ധരിച്ച് ക്രിക്ട്രാക്കര്‍ അടക്കമുള്ള വിവിധ കായികമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഐ.പി.എല്‍ താരലേലത്തില്‍ ബുംറയുണ്ടായിരുന്നെങ്കില്‍ 520 കോടിയുടെ പേഴ്‌സ് പോലും മതിയാകുമായിരുന്നില്ല (ചിരി),’ നെഹ്‌റ പറഞ്ഞു.
ആശിഷിന്റെ ഈ വാക്കുകള്‍ തമാശയാണെങ്കിലും താരലേലത്തില്‍ ബുംറയുണ്ടായിരുന്നെങ്കില്‍ എല്ലാ ടീമുകളും സൂപ്പര്‍ പേസറെ സ്വന്തമാക്കാന്‍ മത്സരിക്കുമെന്നുള്ള കാര്യം നൂറ് ശതമാനവും ഉറപ്പായിരുന്നു. 18 കോടിയിലധികം താരത്തിന് ലഭിക്കുകയും ചെയ്‌തേനെ.
ലേലത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ബുംറക്ക് 25 കോടി വരെ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു. മുംബൈയുടെ റിറ്റെന്‍ഷന് ശേഷം സംസാരിക്കവെയാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.
‘ലേലത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ബുംറക്ക് ഏറ്റവും ചുരുങ്ങിയത് 25 കോടിയെങ്കിലും ലഭിക്കുമെന്നതിനാല്‍ അവര്‍ (മുംബൈ ഇന്ത്യന്‍സ്) ചെയ്‌തെന്തോ, അത് വളരെ മികച്ചതാണ്. തനിക്ക് 25 കോടി വേണമെന്ന് ഏതെങ്കിലും ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഏതൊരു ടീമും അവന് 25 കോടി നല്‍കാന്‍ തയ്യാറാകും. എനിക്കുറപ്പാണ് മറ്റ് ഫ്രാഞ്ചൈസികളും അവനെ സമീപിച്ചിട്ടുണ്ടാകും,’ ചോപ്ര പറഞ്ഞു.
അതേസമയം, ബുംറയ്ക്ക് കൂട്ടായി ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെയും ടീമിലെത്തിച്ച മുംബൈ തങ്ങളുടെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റ് കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റിയിരിക്കുകയാണ്. ആറാം കിരീടം ലക്ഷ്യമിട്ട് തന്നെയാണ് മുംബൈ സ്‌ക്വാഡ് പടുത്തുയര്‍ത്തിയിരിക്കുന്നത്.
ബാറ്റര്‍
ഓള്‍ റൗണ്ടര്‍
വിക്കറ്റ് കീപ്പര്‍
ബൗളര്‍മാര്‍
Content Highlight: IPL Auction: Ashish Nehra about Jasprit Bumrah