| Tuesday, 19th December 2023, 4:32 pm

45.25 കോടി; കങ്കാരുക്കളുടെ പേസ് ഡുവോ ലേലം ഭരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024 മുന്നോടിയായി നടക്കുന്ന താരലേലത്തില്‍ കോടികള്‍ കൊയ്ത് ഓസ്‌ട്രേലിയന്‍ പേസ് ഡുവോ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍കും. ഈ ലേലത്തില്‍ ഇതുവരെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ താരങ്ങളും ഇരുവരും തന്നെയാണ്.

ഓസ്‌ട്രേലിയയെ ലോകകപ്പ് ചൂടിച്ച പാറ്റ് കമ്മിന്‍സിന് വേണ്ടി ടീമുകള്‍ മത്സരിച്ചിരുന്നു. അടിസ്ഥാന വില 2 കോടി രൂപയുണ്ടായിരുന്ന കമ്മിന്‍സിനെ 20.50 കോടി രൂപയ്ക്കാണ് മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് കമ്മിന്‍സിനെ സ്വന്തമാക്കാന്‍ സണ്‍റൈസേഴ്‌സിനൊപ്പം അവസാനം വരെ ലേലത്തില്‍ പങ്കെടുത്തത്. 20 കോടി രൂപ വരെ വിളിച്ച ആര്‍.സി.ബി ഒടുവില്‍ കമ്മിന്‍സിനെ വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കുന്ന താരം എന്ന റെക്കോഡും ഇതോടെ കമ്മിന്‍സിന്റെ പേരിലായിരുന്നു. എന്നാല്‍ അധിക നേരം ഈ റെക്കോഡിന് ആയുസ്സുണ്ടായിരുന്നില്ല.

ഐ.പി.എല്ലിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് കമ്മിന്‍സില്‍ നിന്നും ഈ നേട്ടം തട്ടിപ്പറിച്ചെടുത്തത്. 24.75 കോടി രൂപയാണ് സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീശിയത്.

മിച്ചല്‍ സ്റ്റാര്‍ക്കിനായി നിരവധി ടീമുകളാണ് ലേലത്തില്‍ പങ്കെടുത്തത്. ഒരുവേള ദല്‍ഹി ക്യാപ്പിറ്റല്‍സും മുംബൈ ഇന്ത്യന്‍സിനും തമ്മിലുളള പോരാട്ടമായി അത് മാറിയിരുന്നു. എന്നാല്‍ പിന്നീട് കൊല്‍ക്കത്തയും ഗുജറാത്തും രംഗത്തെത്തി. ഒടുവില്‍ കോടികള്‍ കൊണ്ട് നൈറ്റ് റൈഡേഴ്‌സ് അമ്മാനമാടിയപ്പോള്‍ സ്റ്റാര്‍ക് നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി.

ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന താരങ്ങള്‍

റോവ്മന്‍ പവല്‍ – രാജസ്ഥാന്‍ റോയല്‍സ് – 7.4 കോടി

ഹാരി ബ്രൂക് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 4 കോടി

ട്രാവിസ് ഹെഡ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 6.8 കോടി

വാനിന്ദു ഹസരങ്ക – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 1.50 കോടി

രചിന്‍ രവീന്ദ്ര – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1.8 കോടി

ഷര്‍ദുല്‍ താക്കൂര്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 4 കോടി

ജെറാള്‍ഡ് കോട്‌സി – മുംബൈ ഇന്ത്യന്‍സ് – 5 കോടി

ഹര്‍ഷല്‍ പട്ടേല്‍ – പഞ്ചാബ് കിങ്‌സ് – 11.75 കോടി

ഡാരില്‍ മിച്ചല്‍ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 14 കോടി

ട്രിസ്റ്റണ്‍ സ്റ്റബ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 50 ലക്ഷം

കെ.എസ്. ഭരത് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 50 ലക്ഷം

ചേതന്‍ സക്കറിയ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 50 ലക്ഷം

അല്‍സാരി ജോസഫ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 11.50 കോടി

ഉമേഷ് യാദവ് – ഗുജറാത്ത് ടൈറ്റന്‍സ് – 5.80 കോടി

ശിവം മാവി – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 6.40 കോടി

ജയ്‌ദേവ് ഉനദ്കട് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 1.6 കോടി

CONTENT HIGHLIGHT: IPL Auction 2024, Mitchel Starc and Pat Cummins wins jackpot

We use cookies to give you the best possible experience. Learn more