Advertisement
IPL
രോഹിത് ശര്‍മ ചെന്നൈയിലെത്തണം, ആ സമയത്ത് ടീമിന്റെ ക്യാപ്റ്റനുമാകണം: മുന്‍ ചെന്നൈ-മുംബൈ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Mar 11, 07:10 am
Monday, 11th March 2024, 12:40 pm

ഐ.പി.എല്ലിലെ ഏറ്റവും മികച്ച റൈവല്‍റികളിലൊന്നാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരങ്ങള്‍. സ്പാനിഷ് ലീഗിലെ ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് മത്സരങ്ങള്‍ പോലെയും ആഷസ് പരമ്പരയെന്ന പോലെയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഈ മത്സരത്തിന് ഹൈ പ്രൊഫൈല്‍ നല്‍കുകയാണ്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം കിരീടം നേടിയതും ഇവരാണ്. ഐ.പി.എല്ലിലെ മറ്റേത് ടീമിന്റെയും പോരാട്ടങ്ങളെക്കാള്‍ ആരാധകര്‍ കാത്തിരിക്കുന്നതും ഈ ഇന്ത്യന്‍ എല്‍ ക്ലാസിക്കോക്ക് വേണ്ടി തന്നെയാണ്.

 

ഇരു ടീമിന്റെയും ‘ക്യാപ്റ്റന്‍മാരും’ അവരുടെ ആരാധകരും തന്നെയാണ് ഈ മത്സരത്തിന് ഇത്രത്തോളം ഹൈപ്പ് ഉണ്ടാകാനുള്ള കാരണവും. സമീപകാലങ്ങളില്‍ മുംബൈയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെയും ചെന്നൈ നായകന്‍ ധോണിയുടെയും ആരാധകര്‍ ഐ.പി.എല്ലിനിടെ നടത്തുന്ന വാക്‌പോരുകളും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്.

ഇപ്പോള്‍ രോഹിത് ശര്‍മയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയില്‍ കാണാനുള്ള ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ് ഇരുടീമിനൊപ്പവും ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ അംബാട്ടി റായിഡു. ധോണി വിരമിക്കുമ്പോള്‍ രോഹിത്ത് ടീമിനെ നയിക്കാന്‍ സാധിക്കുമെന്നും റായിഡു പറയുന്നു. ഐ.പി.എല്ലില്‍ ഇരു ക്യാപ്റ്റന്‍മാരുടെ കീഴിലും റായിഡുവിന് കളിക്കാനും സാധിച്ചിട്ടുണ്ട്.

ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തിലാണ് റായിഡു ഇക്കാര്യം പറഞ്ഞത്.

‘അടുത്ത അഞ്ച്-ആറ് വര്‍ഷമെങ്കിലും രോഹിത് ശര്‍മക്ക് ഐ.പി.എല്‍ കളിക്കാന്‍ സാധിക്കും. അദ്ദേഹത്തിന് ക്യാപ്റ്റനാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ ലോകത്തിലെ എല്ലാ ടീമും രോഹിത്തിനായി വാതില്‍ തുറന്നിടും. ഏത് ടീമിനെ നയിക്കാനും അദ്ദേഹത്തിന് സാധിക്കും.

2025ല്‍ രോഹിത് ശര്‍മ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരുപക്ഷേ എം.എസ്. (ധോണി) വിരമിക്കുകയാണെങ്കില്‍ രോഹിത്തിന് ടീമിനെ നയിക്കാനും സാധിക്കും,’ റായിഡു പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹര്‍ദിക് പാണ്ഡ്യയെ തിരികെയെത്തിച്ച മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നായകസ്ഥാനവും താരത്തിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെ രോഹിത് ടീം വിടാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.

ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമിന്റെ ക്യാപ്റ്റന്‍ മറ്റൊരു സക്‌സസ്ഫുള്‍ ടീമിനൊപ്പം ചേരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഐ.പി.എല്ലില്‍ ഇതുവരെ 243 മത്സരം കളിച്ച രോഹിത് 6,211 റണ്‍സാണ് തന്റെ പേരില്‍ കുറിച്ചത്. മുംബൈ ഇന്ത്യന്‍സിനൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ അഞ്ച് കിരീടം നേടിയ രോഹിത് 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമാണ് ആദ്യമായി ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്നത്.

അതേസമയം, മാര്‍ച്ച് 24നാണ് മുംബൈ ഇന്ത്യന്‍സ് പുതിയ സീസണിനായി കളത്തിലിറങ്ങുക. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

 

 

Content Highlight: IPL: Ambati Rayudu says he want Rohit Sharma to play for CSK in 2025