ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ഭാവുകത്വം നല്‍കിക്കൊണ്ടായിരുന്നു 2008ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐ.പി.എല്ലിന് തുടക്കമായത്. ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ് എന്ന ഐ.സി.എല്ലിനുണ്ടായ സകല പോരായ്മകളെയും മറികടന്നുകൊണ്ടാണ് ഐ.പി.എല്‍ ലോക ക്രിക്കറ്റിന് മുമ്പില്‍ തലയുയര്‍ത്തി നിന്നത്.
ഐ.പി.എല്ലിന് ശേഷം നിരവധി ഫ്രാഞ്ചൈസി ലീഗുകള്‍ ഉടലെടുത്തിരുന്നെങ്കിലും ഒന്നിന് പോലും ഐ.പി.എല്ലിനോളം പ്രാധാന്യം ലഭിച്ചിരുന്നില്ല. ഒരു കാലത്ത് ഐ,പി.എല്ലിനോട് നേരിട്ട് മുട്ടാന്‍ പോന്ന ബി.ബി.എല്ലും റേറ്റിങ്ങിലും ക്വാളിറ്റിയിലും കൂപ്പുകുത്തിയപ്പോള്‍ ഐ.പി.എല്‍ അനുദിനം വളര്‍ന്നുകൊണ്ടേയിരുന്നു.
പ്രധാന താരങ്ങള്‍ കളിക്കാനെത്തിയത് തന്നെയാണ് ഐ.പി.എല്ലിന്റെ ഉയര്‍ച്ചക്ക് കാരണമായത്. ക്രിക്കറ്റിനെ ഡിഫൈന്‍ ചെയ്ത ലെജന്‍ഡറി താരങ്ങളും സൂപ്പര്‍ താരങ്ങളും ഇന്ത്യയിലേക്ക് ക്രിക്കറ്റ് കളിക്കാനായി പറന്നിറങ്ങി.
15 സീസണുകളായി പല സൂപ്പര്‍ താരങ്ങളും ഇന്ത്യയുടെ മൈതാനങ്ങളില്‍ കളിച്ചു. അവരില്‍ നിന്നും ഐ.പി.എല്ലിന്റെ ഓള്‍ ടൈം ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരങ്ങള്‍.
റോബിന്‍ ഉത്തപ്പ, സുരേഷ് റെയ്‌ന, ആര്‍.പി. സിങ്, പാര്‍ഥിവ് പട്ടേല്‍, ആകാശ് ചോപ്ര എന്നിവര്‍ ചേര്‍ന്നാണ് ഐ.പി.എല്ലിലെ ഓള്‍ ടൈം ഇലവനെ തെരഞ്ഞെടുത്തിരിക്കുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്. ധോണി തന്നെയാണ് ഓള്‍ ടൈം ഇലവന്റെ നായകന്‍. ധോണിക്ക് പുറമെ മറ്റ് ആറ് ഇന്ത്യന്‍ താരങ്ങളും നാല് ഓവര്‍സീസ് താരങ്ങളുമാണ് ഇവരുടെ ടീമില്‍ ഇടം നേടിയത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്ന് ക്രിസ് ഗെയ്‌ലും എ.ബി.ഡി വില്ലിയേഴ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും സുനില്‍ നകെയ്ന്‍, മുംബൈ ഇന്ത്യന്‍സിന്റെ യോര്‍ക്കര്‍ കിങ് ലസിത് മലിംഗ എന്നിവരാണ് ടീമില്‍ ഇടം നേടിയ ഓവര്‍സീസ് പ്ലെയേഴ്‌സ്.