ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. മാര്‍ച്ച് 22നാണ് ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡനാണ് വേദി.
ഇപ്പോള്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദ് (എസ്.ആര്‍.എച്ച്) ടീമിനെയും അവരുടെ നായകന്‍ പാറ്റ് കമ്മിന്‍സിനെ കുറിച്ചും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. മുമ്പ് പാറ്റ് കമ്മിന്‍സിന്റെ പ്രകടനം അത്ര മികച്ചതല്ലായിരുന്നതിനാല്‍ അദ്ദേഹം എങ്ങനെ എസ്.ആര്‍.എച്ചിനെ നയിക്കുമെന്ന് തനിക്ക് ഒരു ചെറിയ സംശയം ഉണ്ടായിരുന്നുവെന്നും അത് തെറ്റാണെന്ന് അദ്ദേഹം തന്റെ പ്രകടനത്തിലൂടെ തെളിയിച്ചെന്നും ചോപ്ര പറഞ്ഞു.
‘ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പ്രകടനം അത്ര മികച്ചതല്ലായിരുന്നതിനാല്‍ അദ്ദേഹം എങ്ങനെ ടീമിനെ നയിക്കുമെന്ന് എനിക്ക് ഒരു ചെറിയ സംശയം ഉണ്ടായിരുന്നു. ഒരു ക്യാപ്റ്റന്റെ പ്രകടനം നല്ലതല്ലെങ്കില്‍ ഒരു ടീമിനെ എങ്ങനെ കൈകാര്യം ചെയ്യും?
കഴിഞ്ഞ വര്‍ഷം കമ്മിന്‍സ് റണ്‍സ് നേടുകയും ആവശ്യമുള്ളപ്പോഴെല്ലാം നന്നായി ബൗള്‍ ചെയ്യുകയും ചെയ്തു. അദ്ദേഹം ടീമിനെ മനോഹരമായി നയിച്ചു. അദ്ദേഹം തികച്ചും ശാന്തനായി തുടരുന്നു,’ ആകാശ് ചോപ്ര പറഞ്ഞു.
ഹൈദരാബാദിന് അപകടകാരികളായ രണ്ട് ഓപ്പണര്‍മാരാണുള്ളതെന്നും ഐ.പി.എല്ലിലെ തന്നെ ഏറ്റവും സ്‌ഫോടനാത്മകമായ ബാറ്റിങ് ഓര്‍ഡറാണ് അവരുടേതെന്നും ചോപ്ര പറഞ്ഞു. അഞ്ചാം നമ്പര്‍ വരെയുള്ള ബാറ്റിങ് പരിഗണിക്കുമ്പോള്‍, അവര്‍ ഒരു ബാറ്റിങ് പവര്‍ഹൗസാണെന്നും അദ്ദേഹം പറഞ്ഞു.
‘ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും എന്ന അപകടകാരികളായ രണ്ട് ഓപ്പണര്‍മാരാണ് അവര്‍ക്കുള്ളത്. കൂടുതല്‍ റണ്‍സ് അടിക്കണമെന്ന് തോന്നിയതിനാല്‍, അവര്‍ ഇഷാന്‍ കിഷനെയും ചേര്‍ത്തു. അതിനുശേഷം, ഹെന് റിക് ക്ലാസനും നിതീഷ് കുമാര്‍ റെഡ്ഡിയും. ഒരുപക്ഷേ മുഴുവന്‍ ഐ.പി.എല്ലിലെയും ഏറ്റവും സ്‌ഫോടനാത്മകമായ ബാറ്റിങ് ഓര്‍ഡറാണിത്.
മുംബൈയ്ക്ക് അങ്ങനെ അടിക്കാനുള്ള കഴിവുണ്ട്, പക്ഷേ ഇവര്‍ അപകടകാരികളാണ്. അവര്‍ക്ക് മൂന്ന് ഇടംകൈയ്യന്‍മാരും പിന്നീട് രണ്ട് വലംകൈയ്യന്‍മാരുമുണ്ട്. അതിനാല്‍ അഞ്ചാം നമ്പര്‍ വരെയുള്ള ബാറ്റിങ് പരിഗണിക്കുമ്പോള്‍, അവര്‍ ഒരു ബാറ്റിങ് പവര്‍ഹൗസാണ്,’ ചോപ്ര പറഞ്ഞു.
കൂടാതെ, ഓറഞ്ച് ആര്‍മിയുടെ ബലഹീനതയായിരുന്ന ബൗളിങ് നിരയെയും അവര്‍ ശക്തിപ്പെടുത്തിയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
‘മുമ്പ് ഹൈദരാബാദിന്റെ ബൗളിങ് അവരുടെ ബലഹീനതയായിരുന്നു. ഭുവനേശ്വര്‍ കുമാറിനും ടി. നടരാജിനും ഒപ്പം സ്പിന്നര്‍മാരുണ്ടായിരുന്നില്ല. ഇപ്പോള്‍ അവര്‍ക്ക് ഷമിയും ഹര്‍ഷലുമുണ്ട്. പാറ്റ് കമ്മിന്‍സ് ഇതിനകം തന്നെ ടീമിലുണ്ട്. അവര്‍ക്ക് മാര്‍ക്കോ യാന്‍സന്‍ ഇല്ലെന്ന് എനിക്ക് അറിയാം, പക്ഷേ വിയാന്‍ മുള്‍ഡറില്‍ അവര്‍ക്ക് ഒരു ഓപ്ഷന്‍ ഉണ്ട്. രണ്ട് ലെഗ് സ്പിന്നര്‍മാരായി രാഹുല്‍ ചഹറും ആദം സാംപയുമുണ്ട്. ഇപ്പോള്‍ ഇതൊരു ശക്തമായ ടീമാണെന്ന് തോന്നുന്നു,’ ചോപ്ര കൂട്ടിച്ചേര്‍ത്തു.
Content Highlight: IPL: Akash Chopra says Sunrisers Hyderabad has the best explosive batting unit
&