| Friday, 22nd March 2024, 7:38 pm

ധോണി ചെയ്തത് വളരെ വലിയ തെറ്റ്; ആദ്യ മത്സരത്തിന് മുമ്പ് തുറന്നടിച്ച് ഡി വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനത്ത് നിന്നും പടിയിറങ്ങിയത് ധോണി ചെയ്ത ഏറ്റവും വലിയ തെറ്റാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ഹോള്‍ ഓഫ് ഫെയ്മറും സൗത്ത് ആഫ്രിക്കന്‍ ഇതിഹാസവുമായ എ.ബി. ഡി വില്ലിയേഴ്‌സ്.

കഴിഞ്ഞ ദിവസമായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തല മാറ്റം നടന്നത്. 14 വര്‍ഷത്തെ മഹേന്ദ്രയുഗമവസാനിപ്പിച്ച് ധോണി യുവതാരമായ ഋതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റന്‍സി കൈമാറുകയായിരുന്നു.

ധോണിയുടെ അവസാന ഐ.പി.എല്‍ എന്ന് കരുതുന്ന സീസണില്‍ താരം ക്യാപ്റ്റന്‍സി ഉപേക്ഷിച്ചത് ആരാധകരിലും നിരാശയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡി വില്ലിയേഴ്‌സ് വിഷയത്തിലെ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ജിയോ സിനിമാസില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു മിസ്റ്റര്‍ 360 ഇക്കാര്യം പറഞ്ഞത്.

‘ഇത് വളരെ വലിയ ഒരു തെറ്റാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റനെന്ന നിലയില്‍ എം.എസ്. ധോണി ടീമിലെ അഞ്ച് പേരെ പോലെയാണ്. അത് ഒരുമിച്ച് പ്രവര്‍ത്തിക്കുമോ? എനിക്ക് ഉറപ്പില്ല. നമുക്ക് കാത്തിരുന്ന് കാണേണ്ടിവരും.

ഇത് ഒരു തെറ്റാണെന്ന് ഞാന്‍ കരുതുന്നു. ഇതിന് മുമ്പും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് നമുക്ക് അറിയാവുന്നതാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എല്ലാം തന്നെ ധോണിയുടെ ലീഡര്‍ഷിപ്പാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഈ തീരുമാനം ഒരു തെറ്റാണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

2008 മുതല്‍ 2023 വരെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ജീവവായുവായിരുന്നു എം.എസ്. ധോണി. 2013ല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം ചെന്നൈക്ക് വിലക്ക് നേരിടേണ്ടിവന്ന സാഹചര്യത്തില്‍ മാത്രമാണ് ധോണിക്ക് മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കേണ്ടി വന്നത്.

2022ല്‍ ഇന്ത്യന്‍ സ്റ്റാര്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് നായകസ്ഥാനം കൈമാറി ധോണി പടിയിറങ്ങിയിരുന്നു. എന്നാല്‍ ജഡേജക്ക് കീഴില്‍ നിരാശാജനകമായ പ്രകടനമായിരുന്നു ചെന്നൈ പുറത്തെടുത്. ഇതിന് പിന്നാലെ എട്ടു മത്സരങ്ങള്‍ക്ക് ശേഷം വീണ്ടും ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയായിരുന്നു.

ഐ.പി.എല്ലില്‍ 212 മത്സരങ്ങളിലാണ് ധോണി ക്യാപ്റ്റനായി ചെന്നൈയെ മുന്നില്‍ നിന്നും നയിച്ചത്. ഇതില്‍ 128 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ 82 മത്സരങ്ങള്‍ പരാജയപ്പെടുകയായിരുന്നു. രണ്ട് മത്സരങ്ങള്‍ ഫലം കാണാതെ അവസാനിക്കുകയുമായിരുന്നു.

16 വര്‍ഷംകൊണ്ട് അഞ്ച് കിരീടങ്ങളാണ് ധോണി ചെന്നൈക്കായി നേടിക്കൊടുത്തത്. 2010, 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലാണ് ധോണി കിരീടം നേടിയത്. 2010, 2014 ചാമ്പ്യന്‍ ട്രോഫിയിലും ധോണിയുടെ കീഴില്‍ ചെന്നൈ കിരീടം ചൂടി.

ചെന്നൈക്ക് വേണ്ടി 214 ഇന്നിങ്സുകളില്‍ നിന്നും 4957 റണ്‍സും ചെന്നൈ നായകന്‍ നേടിയിരുന്നു.

അതേസമയം, റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിന്റെ അവസാന ഘട്ട ഒരുക്കത്തിലാണ് ചെന്നൈ. തങ്ങളുടെ ഹോം സ്‌റ്റേഡിയമായ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിന് മുമ്പിലാണ് ചെന്നൈ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്.

Content Highlight: IPL: AB De Villiers criticize MS Dhoni’s decision to step down from captaincy

We use cookies to give you the best possible experience. Learn more