[]മുംബൈ: ഏഴാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കളിക്കാരുടെ ലേലം ഫെബ്രുവരിയില്‍ നടക്കും. 2014 ഫെബ്രുവരി 12, 13 തിയതികളി ലേലം നടക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു.
എന്നാല്‍ താരലേലം എവിടെയാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഇത് അടുത്തു തന്നെ പ്രഖ്യാപിക്കുമെന്നും ബി.സി.സി.ഐ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ ഫ്രാഞ്ചൈസിക്കും കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്ന അഞ്ച് താരങ്ങളെ വരെ ടീമില്‍ നിലനിര്‍ത്താം. ഇവര്‍ക്കുള്ള പ്രതിഫലവും ഐ.പി.എല്‍ ഗവേര്‍ണിംഗ് ബോഡി നിശ്ചയിച്ചിട്ടുണ്ട്.
നിലനിര്‍ത്തുന്ന അഞ്ച് കളിക്കാര്‍ക്കും സ്ഥാനമനുസരിച്ച് 12.5 കോടി, 9.5 കോടി, 7.5 കോടി, 5.5 കോടി, 4 കോടി എന്നിങ്ങനെയായിരിക്കും പ്രതിഫലതുക.
എല്ലാ ഫ്രാഞ്ചൈസികളും നിലിര്‍ത്തുന്നവരൊഴിച്ച് ബാക്കി എല്ലാ കളിക്കാര്‍ക്കും ഐ.പി.എല്‍ 2014ന്റെ ഭാഗമാകണമെങ്കില്‍ ലേലത്തില്‍ പങ്കെടുക്കണം.
ലേലത്തില്‍ ഓരോ ഫ്രാഞ്ചൈസിയും 16 താരങ്ങളെയെങ്കിലും സ്വന്തമാക്കിയിരിക്കണം. ഒമ്പത് വിദേശ താരങ്ങളെയടക്കം ഒരു ടീമിന് പരമാവധി 27 താരങ്ങളെ വരെ സ്വന്തമാക്കാം.
എന്നാല്‍ മൊത്തത്തില്‍ താരങ്ങള്‍ക്ക് ചിലവഴിക്കുന്ന തുക 60 കോടി രൂപയില്‍ കൂടാനും പാടില്ല. ലേലം വിളിച്ചെടുക്കുന്ന താരങ്ങള്‍ ഫ്രാഞ്ചൈസികളുമായി ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പുവയ്ക്കും.
ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ കഴിയുന്ന രീതിയിലാകും കരാര്‍. കരാര്‍ നീട്ടുകയാണെങ്കില്‍ ഓരോ വര്‍ഷവും ഡിസംബര്‍ 15ന് മുമ്പ് വേണം നീട്ടാന്‍.