| Monday, 21st May 2012, 8:16 am

പ്ലേ ഓഫ് കാണാതെ റോയല്‍ ചലഞ്ചേഴ്‌സ് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് ഒന്‍പതു റണ്‍സിനു തോറ്റ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് അഞ്ചാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍  പ്ലേ ഓഫ് കാണാതെ പുറത്തായി.

ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെതിരായ കളി അഞ്ചാം ഐ.പി.എല്‍. സീസണിന്റെ പ്രാഥമികറൗണ്ടില്‍ ബാംഗ്ലൂരിന്റെ അവസാനത്തേതായിരുന്നു. പ്ലേ ഓഫ് റൗണ്ടില്‍ കടക്കാന്‍ അവര്‍ക്ക് വിജയം അനിവാര്യവും.

റോയല്‍ ചലഞ്ചേഴ്‌സ് പുറത്തായതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാലാം സ്ഥാനക്കാരായി പ്ലേഓഫില്‍ ഇടംപിടിക്കുകയും ചെയ്തു. ഇന്ന് ഐ.പി.എല്ലില്‍ മത്സരങ്ങളില്ല.
നാളെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തോടെ പ്ലേഓഫ് മത്സരങ്ങള്‍ തുടങ്ങും.

എതിരാളികളെ ബാറ്റിങ്ങിനു വിട്ട് 132 റണ്‍സില്‍ ഒതുക്കിയിട്ടും ക്രിസ് ഗെയ്ല്‍, ഡിവില്ലിയേഴ്‌സ്, ദില്‍ഷന്‍, വിരാട് കോലി തുടങ്ങിയ വമ്പന്‍ ബാറ്റ്‌സ്മാന്മാരെ അണിനിരത്തിയ ബാംഗ്ലൂരിന് വിജയം പിടിച്ചെടുക്കാനായില്ല. കണക്കുകൂട്ടല്‍ തെറ്റിച്ച് ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ്ബൗളര്‍ ഡെയ്ല്‍ സ്‌റ്റെയ്‌നും സംഘവും ബാംഗ്ലൂരിനെ 123 റണ്‍സിന് പുറത്താക്കി ഒമ്പത് റണ്‍സിന്റെ അത്ഭുതവിജയം സ്വന്തമാക്കുകയായിരുന്നു.

എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്തു മൂന്നു വിക്കറ്റെടുത്ത ഡെയ്ല്‍ സ്‌റ്റെയിന്റെ ബൗളിംഗ് പ്രകടനമാണു റോയല്‍ ചലഞ്ചേഴ്‌സിന്റെ വഴിമുടക്കിയത്. മത്സരത്തിലെ താരവും സ്‌റ്റെയിനാണ്.

16 കളികളില്‍നിന്ന് 22 പോയിന്റ് നേടിയ ഡെയര്‍ ഡെവിള്‍സ് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തു. 21 പോയിന്റ് നേടിയ നൈറ്റ് റൈഡേഴ്‌സാണു രണ്ടാമത്. മുംബൈ ഇന്ത്യന്‍സ് മൂന്നാം സ്ഥാനത്തും സൂപ്പര്‍ കിംഗ്‌സ് നാലാം സ്ഥാനത്തുമാണ്.

We use cookies to give you the best possible experience. Learn more