| Sunday, 16th March 2025, 5:19 pm

രോഹിത്തോ വിരാടോ ഹെഡോ അല്ല, ആ രണ്ട് താരങ്ങള്‍ക്കെതിരെ പന്തെറിയുന്നത് വലിയ വെല്ലുവിളി; പേടിസ്വപ്‌നത്തെ കുറിച്ച് ചഹല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ ഏറ്റവും സക്‌സസ്ഫുള്‍ ബൗളറാണ് ഇന്ത്യന്‍ സൂപ്പര്‍ താരം യൂസ്വേന്ദ്ര ചഹല്‍. ഐ.പി.എല്‍ ചരിത്രത്തില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യ താരവും ഏക താരവുമാണ് മുന്‍ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ സ്പിന്നര്‍. പുതിയ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമാണ് താരം കളത്തിലിറങ്ങുന്നത്.

ഐ.പി.എല്‍ മെഗാ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ ചഹലിനെ റിലീസ് ചെയ്തിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു സ്പിന്നര്‍ക്ക് ലഭിക്കാവുന്ന ഏറ്റവുമുയര്‍ന്ന തുകയായ 18 കോടിയാണ് പഞ്ചാബ് ചഹലിനായി വാരിയെറിഞ്ഞത്. ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയും ഇതുതന്നെ.

ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വെല്ലുവിളിയുയര്‍ത്തിയ താരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ചഹല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ഹെന്‌റിക് ക്ലാസന്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കരീബിയന്‍ കരുത്തന്‍ നിക്കോളാസ് പൂരന്‍ എന്നിവര്‍ക്കെതിരെ പന്തെറിയാനാണ് ഏറ്റവും ബുദ്ധിമുട്ടിയതെന്നാണ് ചഹല്‍ പറയുന്നത്.

ഹെന്‌റിക് ക്ലാസന്‍

‘ഒരാള്‍ ഹെന്‌റിക് ക്ലാസനാണ്, നിക്കോളാസ് പൂരനാണ് മറ്റൊരാള്‍. മികച്ച, പവര്‍ഫുള്‍ ഷോട്ടുകള്‍ കളിക്കുന്നവരാണ് ഇരുവരും. ചിലപ്പോള്‍ ബാറ്റില്‍ എഡ്ജ് ചെയ്ത് പോലും സിക്‌സര്‍ പോയേക്കും. അവര്‍ രണ്ട് പേരുമാണ് ഏറ്റവും വലിയ വെല്ലുവിളി.

നിക്കോളാസ് പൂരന്‍

എന്റെ പന്തുകള്‍ അവര്‍ സിക്‌സറിന് പറത്തിയിട്ടുണ്ട്. ഞാന്‍ അവര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുമുണ്ട്,’ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചഹല്‍ പറഞ്ഞു.

‘പന്തെറിയാനെത്തുമ്പോള്‍ ആര്‍ക്കെതിരെയാണ് പന്തെറിയുന്നത് എന്ന് ഞാന്‍ നോക്കാറില്ല. നിങ്ങള്‍ അവരുടെ പേരും പ്രശസ്തിയും നോക്കാന്‍ ശ്രമിച്ചാല്‍ അത് നിങ്ങളില്‍ സമ്മര്‍ദമുണ്ടാക്കും.

എന്റെ കയ്യില്‍ പന്തും അവരുടെ കയ്യില്‍ ബാറ്റുമാണുള്ളത്. ഈ പോരാട്ടത്തില്‍ എനിക്ക് വിജയിക്കണം. ഞാന്‍ ആറടി അഞ്ചിഞ്ച് ഉയരമുള്ളവനോ നല്ല ബോഡിയുള്ളവനോ ഒന്നുമല്ല. എന്റെ മനസാണ് എന്നെ സംബന്ധിച്ച് എല്ലാം. ഞാന്‍ അതിലാണ് ശ്രദ്ധ കൊടുക്കാന്‍ ശ്രമിക്കുന്നത്,’ ചഹല്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 25നാണ് പഞ്ചാബ് കിങ്‌സ് ഐ.പി.എല്‍ 2025ല്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

Content Highlight: IPL 2025: Yuzvendra Chahal on the most challenging batter to bowl to

We use cookies to give you the best possible experience. Learn more