ആളും ആരവവുമായി ഐ.പി.എല്‍ 2025ന് മുന്നോടിയായുള്ള താര ലേലം അവസാനിച്ചിരിക്കുകയാണ്. എല്ലാ ടീമുകളും ശക്തമായ സ്‌ക്വാഡുമായി കിരീടത്തിനായി പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്.
ലേലത്തിന് ശേഷമുള്ള മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. പ്ലെയര്‍ റിറ്റെന്‍ഷനില്‍ തന്നെ ഞെട്ടിച്ച മുംബൈ ഇന്ത്യന്‍സ്, ലേലത്തിന് ശേഷം എതിരാളുടെ നെഞ്ചിടിപ്പേറ്റുന്ന സ്‌ക്വാഡാണ് പടുത്തുയര്‍ത്തിയത്.
താരലേലത്തിന്റെ ആദ്യ ദിവസമായ ഞായറാഴ്ച, കാര്യമായ ചലനമുണ്ടാക്കാതിരുന്ന മുംബൈ നാല് താരങ്ങളെ മാത്രമാണ് സ്വന്തമാക്കിയത്.
മുന്‍ താരം ട്രെന്റ് ബോള്‍ട്ടിനെ 12.5 കോടിക്ക് സ്വന്തമാക്കിയ മുംബൈ നമന്‍ ധിറിനെ 5.25 കോടിക്ക് ആര്‍.ടി.എമ്മിലൂടെ തിരികെയെത്തിക്കുകയും ചെയ്തു. 50 ലക്ഷത്തിന് ടീമിലെത്തിച്ച വെറ്ററന്‍ സ്പിന്നര്‍ കരണ്‍ ശര്‍മയാണ് ആദ്യ ദിനം മുംബൈ ടീമിലെത്തിച്ച മറ്റൊരു താരം.
65 ലക്ഷത്തിന് റോബന്‍ മിന്‍സ് എന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെ ടീമിലെത്തിച്ചപ്പോള്‍ ഇത് ആര് എന്ന ചോദ്യമാണ് ആരാധകര്‍ പരസ്പരം ചോദിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെറും രണ്ട് മത്സരം മാത്രം കളിച്ച പരിചയം മാത്രമാണ് മിന്‍സിനുള്ളത്. രണ്ട് ടി-20യും താരം കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസില്‍ 75 റണ്‍സ് നേടിയ താരം രണ്ട് ടി-20യില്‍ നിന്നായി 36 റണ്‍സും സ്വന്തമാക്കി.
ജാര്‍ഖണ്ഡില്‍ നിന്നുമാണ് മിന്‍സ് ഐ.പി.എല്ലിനെത്തുന്നത്. ഗോത്രവര്‍ഗത്തില്‍ നിന്നും ഐ.പി.എല്‍ താരലേലത്തിന്റെ ഭാഗമായ ആദ്യ താരം കൂടിയാണ് റോബിന്‍ മിന്‍സ്. കഴിഞ്ഞ തവണ താരലേലത്തില്‍ പങ്കെടുത്തതോടെയാണ് മിന്‍സ് ചരിത്രത്തിന്റെ ഭാഗമായത്.
അന്ന് 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന റോബിന്‍ മിന്‍സിനായി മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും വാശിയേറിയ ബിഡ്ഡിങ് കാഴ്ചവെച്ചെങ്കിലും 3.6 കോടി രൂപയ്ക്ക് ടൈറ്റന്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു.
എന്നാല്‍ സീസണിന് തൊട്ടുമുമ്പ് ഉണ്ടായ ഒരു റോഡപകടത്തില്‍ പരിക്കേറ്റതോടെ താരത്തിന് ഐ.പി.എല്‍ 2024 പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യം ഒഡീഷയില്‍ നടന്ന ഒരു ഇന്‍വിറ്റേഷന്‍ ടി-20 ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് മിന്‍സിനെ ഐ.പി.എല്‍ ടീമുകള്‍ ശ്രദ്ധിച്ചത്. അന്ന് 35 പന്തില്‍ നിന്നും പുറത്താകാതെ 73 റണ്‍സാണ് താരം നേടിയത്.
തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിനായി താരത്തെ ക്ഷണിക്കുകയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ്, ദല്‍ഹി ക്യാപിറ്റല്‍സ് എന്നിവരും താരത്തെ ട്രയല്‍സിനായി ക്ഷണിച്ചിരുന്നു.
ധോണിയെ തന്റെ ആരാധനാപാത്രമായി കണക്കാക്കുന്ന മിന്‍സ് പത്താം ക്ലാസ് പരീക്ഷ പാസായതോടെ പഠനം ഉപേക്ഷിച്ചിരുന്നു. സൈനികനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഇപ്പോള്‍ ജാര്‍ഖണ്ഡ് വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്.
കഴിഞ്ഞ തവണ നഷ്ടമായ താരത്തെ ഇക്കുറി ടീമിലെത്തിക്കാന്‍ മുംബൈക്ക് സാധിച്ചു. മിന്‍സിനെ ടീമിലെത്തിച്ചതില്‍ അദ്ദേഹത്തിന്റെ പിതാവ് മുംബൈ ഇന്ത്യന്‍സിനോട് നന്ദി പറയുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ലഭിച്ച അവസരം മുതലാക്കാന്‍ താരത്തിന് സാധിച്ചാല്‍ അത് ഒരു ജനതയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. ഗോത്രവിഭാഗത്തില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ക്ക് ക്രിക്കറ്റിലേക്കുള്ള വഴി തുറക്കാനും ഇത് കാരണമാകും.