|

ഈ സീസണ്‍ കുറച്ചധികം കഷ്ടപ്പെടും, ഇതുകൊണ്ടാക്കെയാണ് രാജസ്ഥാന്‍ റോയല്‍സ് തോറ്റത്; തുറന്നടിച്ച് ഡൊമസ്റ്റിക് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടാണ് രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി തുടരുന്നത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട ടീം രണ്ടാം മത്സരത്തില്‍, ഹോം സ്‌റ്റേഡിയത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും തോല്‍വിയേറ്റുവാങ്ങി.

കഴിഞ്ഞ ദിവസം ടീമിന്റെ സെക്കന്‍ഡ് ഹോം സ്‌റ്റേഡിയമായ ഗുവാഹത്തിയിലെ ബര്‍സാപര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തോല്‍വിയാണ് രാജസ്ഥാന് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ ഈ സീസണിലിതുവരെയുള്ള ഏറ്റവും മോശം ടോട്ടല്‍ പടുത്തുയര്‍ത്തിയ ടീം, അത് ഡിഫന്‍ഡ് ചെയ്യുന്നതിലും പരാജയപ്പെട്ടു.

നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് മാത്രമാണ് ടീമിന് കണ്ടെത്താന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സ് ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ വിജയം സ്വന്തമാക്കി.

ഇപ്പോള്‍ രാജസ്ഥാന്റെ പരാജയത്തെ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഡൊമസ്റ്റിക് ക്രിക്കറ്റിലെ ഇതിഹാസവുമായ വസീം ജാഫര്‍. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന മികച്ച താരങ്ങളെ കൈവിട്ടുകളഞ്ഞതാണ് രാജസ്ഥാന് തിരിച്ചടിയായത് എന്നാണ് വസീം ജാഫര്‍ അഭിപ്രായപ്പെടുന്നത്.

‘രാജസ്ഥാന്‍ റോയല്‍സ്, നിങ്ങള്‍ കഴിഞ്ഞ സീസണിലേക്ക് ഒന്ന് തിരിഞ്ഞുനോക്കൂ. ബട്‌ലര്‍, ബോള്‍ട്ട്, യൂസി, ആഷ് – നിങ്ങളുടെ ഗണ്‍ പ്ലെയേഴ്‌സിനെയെല്ലാം വിട്ടുകളഞ്ഞു. അവരുടെ വിടവ് നികത്തുക അല്‍പം പ്രയാസകരമായിരുന്നു, ഒപ്പം ലേലത്തില്‍ ഇവര്‍ക്ക് പോന്ന പകരക്കാകെ ടീമിലെത്തിക്കാനും സാധിച്ചില്ല. ഈ സീസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും,’ വസീം ജാഫര്‍ പറഞ്ഞു.

മെഗാ താരലേലത്തിന് മുന്നോടിയായി റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ അടക്കമുള്ള താരങ്ങളെ വന്‍ വില കൊടുത്താണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. സഞ്ജുവിനും ജെയ്‌സ്വാളിനും 18 കോടി വീതം നല്‍കിയപ്പോള്‍ പരാഗിനും ജുറെലിനും 14 കോടിയാണ് ടീം മാറ്റിവെച്ചത്. ടീം നിലനിര്‍ത്തിയ ഏക വിദേശ താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ മാത്രമായിരുന്നു. അണ്‍ക്യാപ്ഡ് താരമായ സന്ദീപ് ശര്‍മയും ടീമിന്റെ ഭാഗമായി.

ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, യൂസി ചഹല്‍, ആര്‍. അശ്വിന്‍ തുടങ്ങി പരിചയസമ്പന്നരായ താരങ്ങളെ രാജസ്ഥാന്‍ ലേലത്തില്‍ കൈവിട്ടു. ബട്‌ലറിനെ ഗുജറാത്ത് ടൈറ്റന്‍സും ചഹലിനെ പഞ്ചാബ് കിങ്‌സും പൊന്നും വില കൊടുത്ത് റാഞ്ചിയപ്പോള്‍ അശ്വിനെ ചെന്നൈ സൂപ്പര്‍ കിങ്‌സും ബോള്‍ട്ടിനെ മുംബൈ ഇന്ത്യന്‍സും ടീമിലേക്ക് തിരികെയെത്തിച്ചു.

ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുന്നതിന് പകരം യുവതാരങ്ങള്‍ക്ക് പിന്നാലെയാണ് രാജസ്ഥാന്‍ പോയത്. ബോള്‍ട്ടിന് പകരം 12.50 കോടി നല്‍കി ടീമിലെത്തിച്ച ജോഫ്രാ ആര്‍ച്ചര്‍ ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും റണ്‍സ് വഴങ്ങിയ ബൗളറായി മാറി. അശ്വിന്‍ – ചഹല്‍ സ്പിന്‍ ട്വിന്‍സിന് പകരക്കാരായി കൊണ്ടുവന്ന ലങ്കന്‍ സ്പിന്‍ ഡുവോ മഹീഷ് തീക്ഷണയും വാനിന്ദു ഹസരങ്കയും താളം കണ്ടെത്താന്‍ പാടുപെടുകയാണ്.

മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ വരുത്തിവെച്ച പിഴവുകള്‍ ഓരോന്നും വിളിച്ചോതുന്നതായിരുന്നു ബര്‍സാപരയിലെ മത്സരം. കഴിഞ്ഞ സീസണിലുണ്ടായിരുന്ന മികച്ച സ്‌ക്വാഡിനെ റീകണ്‍സ്ട്രക്ട് ചെയ്ത ദ്രാവിഡിന്റെ തന്ത്രം തീര്‍ത്തും പാളുന്ന കാഴ്ചയാണ് ആദ്യ രണ്ട് മത്സരത്തിലും കണ്ടത്.

Content Highlight: IPL 2025: Wasim Jaffer highlights Rajasthan Royals’ weakness