|

അധികമൊന്നും വേണ്ട, വെറും 24 റണ്‍സ്; ചിന്നസ്വാമിയില്‍ കരിയര്‍ മാറ്റിയെഴുതാന്‍ വിരാട് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ ആദ്യ ഹോം മാച്ചിനിറങ്ങുകയാണ്. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ച ബെംഗളൂരു സ്വന്തം തട്ടകമായ ചിന്നസ്വാമിയിലും വിജയിച്ച് മുന്നേറ്റം തുടരാനാണ് ഒരുങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

ഈ മത്സരത്തില്‍ വിരാട് കോഹ്‌ലിയെ ഒരു ചരിത്ര നേട്ടമാണ് കാത്തിരിക്കുന്നത്. ഇതിനായി താരം നേടേണ്ടതാകട്ടെ വെറും 24 റണ്‍സും! ടി-20 ഫോര്‍മാറ്റില്‍ 13,000 റണ്‍സ് എന്ന പേഴ്‌സണല്‍ കരിയര്‍ മൈല്‍സ്റ്റോണാണ് വിരാട് കോഹ്‌ലിക്ക് മുമ്പിലുള്ളത്.

നിലവില്‍ 384 മത്സരത്തില്‍ നിന്നും 41.58 ശരാശരിയില്‍ 12,976 റണ്‍സാണ് വിരാട് നേടിയിട്ടുള്ളത്. 134.21 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് സെഞ്ച്വറിയും 98 അര്‍ധ സെഞ്ച്വറിയുമാണ് വിരാട് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

റോയല്‍ ചലഞ്ചേഴ്‌സിനും ഇന്ത്യയ്ക്കും പുറമെ ആഭ്യന്തര തലത്തില്‍ ദല്‍ഹിക്കും വേണ്ടിയാണ് താരം ബാറ്റേന്തിയത്.

ഗുജറാത്തിനെതിരെ ഈ 24 റണ്‍സ് കൂടി സ്വന്തമാക്കാന്‍ വിരാടിന് സാധിച്ചാല്‍ 13,000 റണ്‍സെന്ന നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും അഞ്ചാമത് താരമെന്ന നേട്ടവും വിരാടിന്റെ പേരില്‍ കുറിക്കപ്പെടും. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത് ഏഷ്യന്‍ താരമെന്ന റെക്കോഡും വിരാട് ഈ നേട്ടത്തോടെ സ്വന്തമാക്കും.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 455 – 14,562

അലക്‌സ് ഹെയ്ല്‍സ് – 490 – 13,610

ഷോയ്ബ് മാലിക് – 514 – 13,357

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 617 – 13,537

വിരാട് കോഹ്‌ലി – 384 – 12,976

ഡേവിഡ് വാര്‍ണര്‍ – 398 – 12,913

സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയാണ് വിരാട് റണ്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 36 പന്തില്‍ 59 പുറത്താകാതെ 59 റണ്‍സാണ് താരം നേടിയത്. ചെന്നൈയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ 30 പന്ത് നേരിട്ട താരം 31 റണ്‍സ് സ്വന്തമാക്കിയാണ് മടങ്ങിയത്.

Content Highlight: IPL 2025: Virat Kohli need 24 runs to complete 13,000 runs in T20

Video Stories