ഇവിടെയല്ലാതെ ഞാന്‍ മറ്റെവിടെ? ഒരിക്കലെങ്കിലും... ലക്ഷ്യം പ്രഖ്യാപിച്ച് വിരാട്
IPL
ഇവിടെയല്ലാതെ ഞാന്‍ മറ്റെവിടെ? ഒരിക്കലെങ്കിലും... ലക്ഷ്യം പ്രഖ്യാപിച്ച് വിരാട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st November 2024, 7:51 am

 

കഴിഞ്ഞ ദിവസമാണ് ഐ.പി.എല്‍ ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചത്. പുതിയ സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തിന് മുമ്പായി ടീം നിലനിര്‍ത്തിയ താരങ്ങളുടെ ലിസ്റ്റാണ് ഇത്തരത്തില്‍ പുറത്തുവിട്ടത്.

മൂന്ന് താരങ്ങളെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്തിയത്. വിരാട് കോഹ്‌ലി, രജത് പാടിദാര്‍, യാഷ് ദയാല്‍ എന്നിവരെയാണ് ആര്‍.സി.ബി വിടാതെ ചേര്‍ത്തുപിടിച്ചത്.

നായകന്‍ ഫാഫ് ഡു പ്ലെസി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ് അടക്കമുള്ള വിശ്വസ്തരെ ടീം നിലനിര്‍ത്തിയിരുന്നില്ല. എന്നാല്‍ ആര്‍.ടി.എമ്മിലൂടെ ഇവരില്‍ പലരെയും തിരിച്ചെത്തിക്കാനും ബെംഗളൂരുവിന് സാധിക്കും.

ഇപ്പോള്‍ ടീം നിലനിര്‍ത്തിയതിനെ കുറിച്ചും ടീമിനൊപ്പം ചെലവഴിച്ച നാളുകളെ കുറിച്ചും സാംസാരിക്കുകയാണ് വിരാട്. ടീം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്.

‘എന്നെ സംബന്ധിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നാല്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വര്‍ഷങ്ങളായി ഞാന്‍ ആര്‍.സി.ബിക്കൊപ്പമാണ്, ഈ ബന്ധം അത്രത്തോളം സ്‌പെഷ്യലാണ്, പോകെപ്പോകെ ഈ ബന്ധം കൂടുതല്‍ ദൃഢമാവുകയാണ്.

ആര്‍.സി.ബിക്കായി കളിക്കുന്നത് ഏറെ സ്‌പെഷ്യലാണ്. ശരിക്കും സ്‌പെഷ്യല്‍. ആരാധകര്‍ക്കും ഫ്രാഞ്ചൈസിക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്നവര്‍ക്കും അതേ അനുഭൂതി തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ സൈക്കിളിന്റെ അവസാനമാകുമ്പോള്‍ ഞാന്‍ ആര്‍.സി.ബിക്കായി കളിക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷമാകും. അത് എന്നെ സംബന്ധിച്ച് അത്രയും സ്‌പെഷ്യലാണ്. ഒരു ടീമിന് വേണ്ടി മാത്രമായി ഒരുപാട് വര്‍ഷം കളിക്കുമെന്ന് ഞാന്‍ ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല.

എന്നാല്‍ ഈ ബന്ധം ഓരോ വര്‍ഷം കഴിയും തോറും സ്‌പെഷ്യലായി മാറുകയായിരുന്നു. ആര്‍.സി.ബിക്കൊപ്പമല്ലാതെ മറ്റേതെങ്കിലും ടീമിനൊപ്പം ഞാന്‍ എന്നെ ഒരിക്കലും കാണുന്നില്ല,’ വിരാട് പറഞ്ഞു.

വരുന്ന മൂന്ന് വര്‍ഷത്തില്‍ ഐ.പി.എല്‍ കിരീടം ഒരിക്കലെങ്കിലും നേടണമെന്നാണ് ആഗ്രഹമെന്നും വിരാട് പറഞ്ഞു.

‘അടുത്ത സൈക്കിളില്‍ ഒരിക്കലെങ്കിലും ഐ.പി.എല്‍ കിരീടം നേടുക എന്നതാണ് ലക്ഷ്യം. ഞങ്ങളുടെ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനും ഞങ്ങളുടെ ക്രിക്കറ്റിലൂടെ എല്ലാവരെയും സന്തോഷിപ്പിക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ വിരാട് പറഞ്ഞു.

റിറ്റെന്‍ഷനില്‍ ആര്‍.സി.ബി

നിലനിര്‍ത്തിയ താരങ്ങള്‍: വിരാട് കോഹ്ലി (21 കോടി), രജത് പാടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി)

ശേഷിക്കുന്ന തുക: 83 കോടി

ആര്‍.ടി.എം ഓപ്ഷനുകള്‍: 3 (ഒരു അണ്‍ക്യാപ്ഡ് താരവും രണ്ട് ക്യാപ്ഡ് താരങ്ങളും അല്ലെങ്കില്‍ മൂന്ന് ക്യാപ്ഡ് താരങ്ങള്‍)

നിലനിര്‍ത്താത്ത പ്രധാന താരങ്ങള്‍: ഗ്ലെന്‍ മാക്‌സ്‌വെല്‍, മുഹമ്മദ് സിറാജ്, ഫാഫ് ഡു പ്ലെസി, കാമറൂണ്‍ ഗ്രീന്‍.

 

Content highlight: IPL 2025: Virat Kohli about winning IPL title