| Tuesday, 26th November 2024, 10:06 am

ബാലതാരം ഇനി സഞ്ജുവിന്റെ പയ്യന്‍; 1.10 കോടിക്ക് പതിമൂന്നുകാരനെ വാങ്ങി രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

രണ്ടു ദിവസം നീണ്ടുനിന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ താരലേലത്തിന് ജിദ്ദയില്‍ ഇന്നലെ തിരശ്ശീല വീണു. താര ലേലത്തില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. വൈഭവ് സൂര്യവംശി എന്ന 13കാരനെയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് 1 .10 കോടി നല്‍കി സ്വന്തമാക്കിയത്.

30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിന് വേണ്ടി ലേലത്തില്‍ പല ടീമുകള്‍ തമ്മിലും കടുത്ത പോരാട്ടം തന്നെ നടന്നു. ഒടുവില്‍ 1.10 കോടിക്ക് ഇന്ത്യന്‍ കൗമാര വിസ്മയത്തെ രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കെത്തിച്ചു. യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ തുടങ്ങിയ യുവതാരങ്ങളെയെല്ലാം വളര്‍ത്തിയെടുത്ത റോയല്‍സിന് വലിയൊരു മുതല്‍ക്കൂട്ടായി ബീഹാറുകാരനായ വൈഭവ് സൂര്യവംശി മാറുമെന്നത് നിസംശയം പറയാം.

അണ്ടര്‍ 19 തലത്തിലും ആഭ്യന്തര ക്രിക്കറ്റിലും നടത്തിയ മിന്നുന്ന പ്രകടനങ്ങളാണ് വൈഭവിനെ ക്രിക്കറ്റില്‍ ശ്രദ്ധേയമാക്കിയത്. ഇപ്പോള്‍ ഐ.പി.എല്ലിലേക്ക് നറുക്കുകൂടി വീണതോടെ വൈഭവിന്റെ കരിയറും മറ്റൊരു തലത്തിലേക്ക് മാറും.

ഈ വര്‍ഷം ചെന്നൈയില്‍ ഇന്ത്യ-ഓസ്ട്രേലിയ അണ്ടര്‍-19 ടീമുകള്‍ ഏറ്റുമുട്ടുന്ന, അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് വൈഭവ് എന്ന പതിമൂന്നു വയസ്സുകാരന്റെ ഉദയം. ഓസീസിനെതിരേ നടന്ന പോരാട്ടത്തില്‍ സെഞ്ച്വറിയോടെയാണ് താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. വെറും 62 ബോളില്‍ 104 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. അത് പിന്നീട് ലോക റെക്കോഡിലും ഇടം പിടിച്ചു.

ആരാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവ്?

ബീഹാറിലെ സമസ്മതിപൂരില്‍ നിന്നുള്ള താരമാണ് വൈഭവ് സൂര്യവംശി. 2023-24 സീസണിലെ രഞ്ജി ട്രോഫിയില്‍ 12 വയസും 284 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറി ഈ കൗമാര താരം ചരിത്രം കുറിച്ചിരുന്നു. മുംബൈയ്‌ക്കെതിരായ മത്സരത്തിലാണ് വൈഭവ് ആദ്യമായി കളിച്ചത്. ഇതോടെ ടൂര്‍ണമെന്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ നാലാമത് താരമെന്ന റെക്കോര്‍ഡും വൈഭവിനെ തേടിയെത്തി.

ഇതിഹാസ താരങ്ങളായ യുവരാജ് സിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയാണ് വൈഭവിന്റെ ക്രിക്കറ്റിലേക്കുള്ള അരങ്ങേറ്റം. യുവി 15 വയസ്സും 57 ദിവസവും പ്രായമുള്ളപ്പോഴാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയതെങ്കില്‍ 15 വയസ്സും 230 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ കന്നി മത്സരം.

ചെന്നൈയില്‍ ഓസീസിനെ വിറപ്പിച്ച പതിമൂന്നുകാരന്‍

ലോക ക്രിക്കറ്റിലെ സെന്‍സേഷനായി വൈഭവ് സൂര്യവംശി ഉയര്‍ന്നുവന്നത് ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പരയിലെ വെടിക്കെട്ട് ബാറ്റിങ്ങിനുശേഷമാണ്. ഇതോടെ 170 വര്‍ഷത്തെ ചരിത്രത്തില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ സെഞ്ച്വറി കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. 13 വയസ്സും 188 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ അവിശ്വസനീയ പ്രകടനം.

ഇതുമാത്രമല്ല യൂത്ത് ലെവലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേട്ടമെന്ന റെക്കോര്‍ഡും വൈഭവിനെ തേടിയെത്തി. 58 ബോളുകളില്‍ നിന്നാണ് താരം മൂന്നക്കത്തിലെത്തിയത്. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയായും ഇതു മാറിയിരുന്നു.

മെഗാ താരലേലത്തിന് ശേഷമുള്ള രാജസ്ഥാന്‍ സ്‌ക്വാഡ്  (IPL 2025: Rajasthan Royals Squad)

ബാറ്റര്‍മാര്‍

  1. നിതീഷ് റാണ
  2. ശുഭം ദുബെ
  3. വൈഭവ് സൂര്യവംശി
  4. ഷിംറോണ്‍ ഹെറ്റ്‌മെയര്‍  ✈
  5. യശസ്വി ജെയ്‌സ്വാള്‍
  6. റിയാന്‍ പരാഗ്

ഓള്‍റൗണ്ടര്‍മാര്‍

  1. വാനിന്ദു ഹസരങ്ക  ✈
  2. ജോഫ്രാ ആര്‍ച്ചര്‍  ✈
  3. യുദ്ധ്‌വീര്‍ സിങ്

വിക്കറ്റ് കീപ്പര്‍മാര്‍

  1. സഞ്ജു സാംസണ്‍
  2. ധ്രുവ് ജുറെല്‍
  3. കുണാല്‍ സിങ് റാത്തോഡ്

ബൗളര്‍മാര്‍

  1. മഹീഷ് തീക്ഷണ  ✈
  2. ആകാശ് മധ്വാള്‍
  3. കുമാര്‍ കാര്‍ത്തികേയ സിങ്
  4. തുഷാര്‍ ദേശ്പാണ്ഡേ
  5. ഫസല്‍ഹഖ് ഫാറൂഖി  ✈
  6. ക്വേന മഫാക്ക  ✈
  7. അശോക് ശര്‍മ
  8. സന്ദീപ് ശര്‍മ

Content highlight: IPL 2025: Vaibhav Suryavanshi becomes youngest player in the history of IPL

We use cookies to give you the best possible experience. Learn more