വണ്‍ സീസണ്‍ വണ്ടര്‍! ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ഉമ്രാന്‍ മാലിക്കിനെ കുറിച്ച് പറയുമ്പോള്‍ ഇതിലും മികച്ച ഒരു വിശേഷണം വേറെയുണ്ടാകില്ല. തന്റെ വേഗത കൊണ്ട് എതിരാളികളെ അമ്പരപ്പിച്ചവന്‍ ഇന്നെവിടെയാണെന്ന് ആരാധകര്‍ക്ക് പോലും അറിയില്ല.
2022 സീസണില്‍ സണ്‍റൈസേഴ്‌സിന്റെ ഓറഞ്ച് ജേഴ്‌സിയില്‍ മായാജാലം പുറത്തെടുത്ത് എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരത്തിന് പോലും അര്‍ഹനായ ഉമ്രാന്റെ കരിയര്‍ ഗ്രാഫ് താഴുന്ന കാഴ്ചയാണ് ആരാധകര്‍ പിന്നീട് കണ്ടത്.
ഓരോ സീസണിലും തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുമെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിക്കാറില്ല. ഐ.പി.എല്‍ മെഗാ താരലേലത്തില്‍ ഇത്തവണ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ചേര്‍ന്നപ്പോള്‍ ആരാധകര്‍ കശ്മീരി എക്‌സ്പ്രസിന്റെ തിരിച്ചുവരവിനായി കാത്തിരുന്നു.
എന്നാല്‍ ഈ സീസണിലും ഉമ്രാന്‍ മാജിക്കിന് സാക്ഷിയാകാന്‍ ആരാധകര്‍ക്ക് സാധിക്കില്ല. പരിക്കേറ്റ താരത്തിന് ഐ.പി.എല്‍ സീസണ്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.
2022ന് ശേഷം ഒറ്റ സീസണില്‍ പോലും എല്ലാ മത്സരങ്ങളും കളിക്കാന്‍ താരത്തിനായിരുന്നില്ല. 2023ല്‍ അഞ്ച് മത്സരങ്ങളും 2024ല്‍ ഒറ്റ മത്സരവുമാണ് താരം കളിച്ചത്. 2023ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയെങ്കിലും നീല ജേഴ്‌സിയിലും തിളങ്ങാന്‍ താരത്തിന് സാധിച്ചില്ല.
ഉമ്രാന്‍ മാലിക്കിന് പകരക്കാരനായി ഇടം കയ്യന്‍ പേസര്‍ ചേതന്‍ സ്‌കറിയയെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. 75 ലക്ഷം രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.
കിരീടം നിലനിര്‍ത്താനുറച്ചാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ പുതിയ സീസണിനൊരുങ്ങുന്നത്. ഐ.പി.എല്‍ 2024ല്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യര്‍ ഇപ്പോള്‍ ടീമിന്റെ ഭാഗമല്ല. ഐ.പി.എല്‍ മെഗാ താരലേലത്തിന് മുമ്പ് ടീം വിട്ട അയ്യര്‍ നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനാണ്.
പുതിയ സീസണില്‍ അജിന്‍ക്യ രഹാനെയാണ് കൊല്‍ക്കത്തയെ നയിക്കുന്നത്. വെങ്കിടേഷ് അയ്യരാണ് രഹാനെയുടെ ഡെപ്യൂട്ടി.
മാര്‍ച്ച് 22ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സീസണിലെ ആദ്യ മാച്ച് കളിക്കുക. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെഗംളൂരുവാണ് എതിരാളികള്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്‌ക്വാഡ്
റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിങ്, വെങ്കിടേഷ് അയ്യര്‍, ക്വിന്റണ്‍ ഡി കോക്ക്, റഹ്‌മാനുള്ള ഗുര്‍ബാസ്, ആന്റിക് നോര്‍ക്യ, ആംഗ്രിഷ് രഘുവംഷി, വൈഭവ് അറോറ, മായങ്ക് മാര്‍ക്കണ്ഡേ, റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡേ, സ്പെന്‍സര്‍ ജോണ്‍സണ്‍, ലവിനീത് സിസോദിയ, അജിന്‍ക്യ രഹാനെ, അനുകൂല്‍ റോയ്, മോയിന്‍ അലി, ചേതന്‍ സ്‌കറിയ.
Content Highlight: IPL 2025: Umran Malik ruled out from Kolkata Knight Riders