| Sunday, 29th September 2024, 8:16 am

പൈസ വാങ്ങി കളിക്കാതെ മുങ്ങിയാല്‍ ഇനി എട്ടിന്റെ പണി കിട്ടും; കണ്ണുരുട്ടാന്‍ ഐ.പി.എല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ന് മുന്നോടിയായുള്ള മെഗാ താരലേലത്തിനാണ് കളമൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായുള്ള മാര്‍ഗനിര്‍ദേശങ്ങളും മറ്റും കഴിഞ്ഞ ദിവസം ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടിരുന്നു. ഓരോ ടീമിനും നിലനിര്‍ത്താന്‍ സാധിക്കുന്ന താരങ്ങളുടെ എണ്ണത്തെ സംബന്ധിച്ചുള്ള അനിശ്ചിതത്വവും ഇതോടെ അവസാനിച്ചു.

അഞ്ച് താരങ്ങളെയാണ് ഒരു ടീമിന് നിലനിര്‍ത്താന്‍ സാധിക്കുക. 120 കോടിയാണ് ഒരോ ടീമിനും ലേലത്തില്‍ പരമാവധി ചെലവഴിക്കാന്‍ സാധിക്കുന്ന തുക. ശനിയാഴ്ച ബെംഗളൂരുവില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം.

ഈ യോഗത്തില്‍ മറ്റുപല നിര്‍ണായക തീരുമാനങ്ങളും കൈക്കൊണ്ടിരുന്നു. താരലേലത്തില്‍ പങ്കെടുത്ത് ടീമിന് വേണ്ടി കളിക്കാതിരിക്കുന്ന താരങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ഈ തീരുമാനങ്ങള്‍.

ടൂര്‍ണമെന്റിനിടെ ചില താരങ്ങള്‍ നാഷണല്‍ ഡ്യൂട്ടിക്കായും വ്യക്തിപരമായ കാരണങ്ങളാലും ഐ.പി.എല്‍ ക്യാമ്പ് വിടുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ടീമിന്റെ ഘടനയെയും ഡൈനാമിക്‌സിനെയും ഇത് ബാധിക്കുന്നുണ്ട്. എല്ലാ താരങ്ങളും ടൂര്‍ണമെന്റില്‍ മുഴുവനായും പങ്കെടുക്കണെന്ന ലക്ഷ്യത്തോടെയാണ് അപെക്‌സ് ബോര്‍ഡ് പുതിയ നിയമം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.

ലേലത്തില്‍ ഒരു ടീമിന്റെ ഭാഗമായതിന് ശേഷം ഒരു താരം പിന്‍മാറുകയാണെങ്കില്‍ രണ്ട് സീസണില്‍ ആ താരത്തിന് വിലക്ക് ലഭിച്ചേക്കും.

ഇതിന് പുറമെ എല്ലാ ഓവര്‍സീസ് താരങ്ങളെയും ലേലത്തിന്റെ ഭാഗമാക്കാനുള്ള പരിപാടികളും അധികൃതര്‍ ചെയ്തുവെച്ചിട്ടുണ്ട്. ഇത്തവണത്തെ മെഗാ ലേലത്തിന് രജിസ്റ്റര്‍ ചെയ്യാത്ത താരങ്ങള്‍ക്കൊന്നും തന്നെ അടുത്ത വര്‍ഷം നടക്കുന്ന താരലേലത്തിന്റെ ഭാഗമാകാന്‍ സാധിക്കില്ല. വിദേശ താരങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

എന്നാല്‍ താരങ്ങള്‍ക്ക് ഗുണകരമാകുന്ന ചില തീരുമാനങ്ങളും യോഗത്തിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്. താരങ്ങള്‍ക്ക് മാച്ച് ഫീസ് നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമാണിത്.

അടുത്ത സീസണ്‍ മുതല്‍ ഇംപാക്ട് പ്ലെയര്‍ അടക്കമുള്ള ഒരോ താരത്തിനും ഒരു മത്സരത്തിന് 7.50 ലക്ഷം രൂപ മാച്ച് ഫീസായി ലഭിക്കും. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ജയ് ഷായാണ് ഇക്കാര്യം പറഞ്ഞത്.

Content Highlight: IPL 2025: Tournament introduces strict overseas player rule

We use cookies to give you the best possible experience. Learn more