ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ മികടച്ച വിജയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.
പഞ്ചാബ് ഉയര്‍ത്തിയ 246 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കി നില്‍ക്കെ ഹോം ടീം മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് സണ്‍റൈസേഴ്‌സ് വിജയച്ചത്.
തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷമാണ് സണ്‍റൈസേഴ്‌സ് സീസണിലെ രണ്ടാം വിജയം നേടിയത്. ആ വിജയമാകട്ടെ ഐ.പി.എല്ലിലെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത് റണ്‍ചെയ്‌സിലൂടെയുമാണ് ടീം സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും അടിത്തറയിട്ട ഇന്നിങ്‌സ് ശ്രേയസ് അയ്യര്‍ കെട്ടിപ്പൊക്കുകയും മാര്‍ക്കസ് സ്റ്റോയ്‌നിസ് തന്റെ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ അവസാനിപ്പിക്കുകയുമായിരുന്നു.
ശ്രേയസ് അയ്യര്‍ 26 പന്തില്‍ 82 റണ്‍സ് നേടിയപ്പോള്‍ പ്രഭ്‌സിമ്രാന്‍ 23 പന്തില്‍ 42 റണ്‍സും പ്രിയാന്‍ഷ് ആര്യ 13 പന്തില്‍ 36 റണ്‍സും അടിച്ചെടുത്തു. 11 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് സ്റ്റോയ്‌നിസ് നേടിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടി.
സണ്‍റൈസേഴ്‌സിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. സീസണിലെ ആദ്യ മത്സരത്തിന് ശേഷം മങ്ങിയ ട്രവിഷേക് സഖ്യം ഒരിക്കല്‍ക്കൂടി ഹൈദാരാബാദില്‍ കൊടുങ്കാറ്റഴിച്ചുവിട്ടു.
ആദ്യ വിക്കറ്റില്‍ 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ട്രാവിസ് ഹെഡ് സ്വതസിദ്ധമായ രീതിയില്‍ അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുത്തപ്പോള്‍ ഹെഡ്ഡിനേക്കാള്‍ ഒരുപടി മുകളില്‍ നില്‍ക്കുന്ന ആക്രമണമാണ് അഭിഷേക് ശര്‍മ പുറത്തെടുത്തത്.
37 പന്തില്‍ 66 റണ്‍സുമായി ഹെഡ് ചഹലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും അഭിഷേക് തകര്‍ത്തടിച്ചുകൊണ്ടേയിരുന്നു. നേരിട്ട 19ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അഭിഷേക് 40ാം പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
ഒടുവില്‍ ടീം സ്‌കോര്‍ 222ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി അഭിഷേക് പുറത്തായി. 171ല്‍ നിന്നും 222ലെത്തിയപ്പോള്‍ അഭിഷേകിനൊപ്പം ക്രീസിലുണ്ടായിരുന്ന ക്ലാസന്‍ അഞ്ച് റണ്‍സ് മാത്രമാണ് നേടിയിരുന്നത്.
55 പന്തില്‍ നിന്നും 256.36 സ്‌ട്രൈക്ക് റേറ്റില്‍ 141 റണ്‍സാണ് താരം സ്വന്തമാക്കിയത്. 10 സിക്‌സറും 14 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത ടോട്ടലിന്റെ റെക്കോഡാണ് ഈ പ്രകടനത്തിന് പിന്നാലെ അഭിഷേകിനെ തേടിയെത്തിയത്. ഏറ്റവുമുയര്‍ന്ന മൂന്നാമത് ടോട്ടലും ഇതുതന്നെ.
ഇതിനൊപ്പം സണ്‍റൈസേഴ്‌സിനായി ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടവും അഭിഷേക് സ്വന്തമാക്കി. സണ്‍റൈസേഴ്‌സിനെ അവരുടെ ചരിത്രത്തിലെ ഏക കിരീടത്തിലേക്ക് നയിച്ച ഡേവിഡ് വാര്‍ണറിന്റെ 126* റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
അഭിഷേകിന് പിന്നാലെ ക്രീസിലെത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടി ക്ലാസന്‍ ഓറഞ്ച് ആര്‍മിയെ വിജയത്തിലേക്ക് നയിച്ചു. ക്ലാസന്‍ 14 പന്തില്‍ 21 റണ്‍സും ഇഷാന്‍ കിഷന്‍ ആറ് പന്തില്‍ ഒമ്പത് റണ്‍സും നേടി പുറത്താകാതെ നിന്നു.
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങും യൂസി ചഹലുമാണ് വിക്കറ്റ് നേടിയത്.
Content Highlight: IPL 2025: Sunrisers Hyderabad defeated Punjab Kings