|

വെറും ഒരു വിക്കറ്റുകൊണ്ട് സ്വന്തമാക്കിയത് ഡബിള്‍ സെഞ്ച്വറി; എറിഞ്ഞ് വീഴ്ത്തിയത് കിടിലന്‍ നാഴികകല്ല്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 80 റണ്‍സിനാണ് സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനാണ് കൊല്‍ക്കത്തയ്ക്ക് സാധിച്ചത്. വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഉദയസൂര്യന്‍മാര്‍ 16.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു.

കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ ബൗളിങ്ങിന്റെയും ബാറ്റിങ്ങിന്റെയും പിന്‍ബലത്തിലാണ് ഹൈദരാബാദിടെ അടിമുടി തകര്‍ക്കാന്‍ സാധിച്ചത്. ബൗളില്‍ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വൈഭവ് അറോറ ഒരു മെയ്ഡന്‍ അടക്കം 29 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് നേടിയത്. ട്രാവിസ് ഹെഡ് (4), ഇഷാന്‍ കിഷന്‍ (2), ഹെന്റിച്ച് ക്ലാസന്‍ (33) എന്നിലരെയാണ് തെരം മടക്കിയയച്ചത്. മധ്യനിരയില്‍ ഇറങ്ങിയ ക്ലാസന് മാത്രമാണ് ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ സാധിച്ചത്.

വരുണ്‍ ചക്രവര്‍ത്തി 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. അനികേത് വര്‍മ (6), പാറ്റ് കമ്മിന്‍സ് (14), സിമര്‍ജീത് സിങ് (0) എന്നിവരെയാണ് വരുണ്‍ പുറത്താക്കിയത്. ആന്ദ്രെ റസല്‍ രണ്ട് വിക്കറ്റും ഹര്‍ഷിത് റാണ, സുനില്‍ നരേയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഒരു വിക്കറ്റാണ് നേടിയതെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് സുനില്‍ നരേയ്ന്‍ സ്വന്തമാക്കിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഐ.പി.എല്ലില്‍ 182 വിക്കറ്റും ചാമ്പ്യന്‍സ് ലീഗില്‍ 18 വിക്കറ്റുമാണ് താരം നേടിയത്.

ഹൈദരാബാദിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് കൊല്‍ക്കത്ത ബൗളിങ് തുടങ്ങിയത്. പവര്‍പ്ലെയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സാണ് ഹൈദരാബാദിന് നേടാന്‍ സാധിച്ചത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് മധ്യനരയില്‍ ഇറങ്ങിയ വെങ്കിലേഷ് അയ്യരാണ്. 29 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് താരം നേടിയത്. താരത്തിന് പറമെ യുവ താരം അംകൃഷ് രഘുവംശി 32 പന്തില്‍ നിന്ന് 5 സിക്‌സും 3 ഫോറും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ രഹാനെ 38 റണ്‍സും നേടിയാണ് പുറത്തായത്.

ഹൈദരാബാദിന് വേണ്ടി മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി, കാമിന്ദു മെന്‍ഡിസ്, ഹര്‍ഷല്‍ പട്ടേല്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Content Highlight: IPL 2025: Sunil Narine Complete 200 Wickets For KKR

Latest Stories