ഐ.പി.എല്‍ 2025ല്‍ കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ അക്‌സര്‍ പട്ടേലും സംഘവും വിജയിച്ചുകയറിയിരുന്നു. വിശാഖപട്ടണത്തില്‍ നടന്ന മത്സരത്തില്‍ ഒരു വിക്കറ്റിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ അശുതോഷ് ശര്‍മയുടെ അപരാജിത ചെറുത്തുനില്‍പ്പാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തില്‍ ലഖ്‌നൗ നായകന്‍ റിഷബ് പന്തും പാടെ നിരാശപ്പെടുത്തിയിരുന്നു. ബാറ്റിങ്ങില്‍ ആറ് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെയാണ് താരം പുറത്തായത്. വിക്കറ്റ് കീപ്പിങ്ങില്‍ വരുത്തിയ തെറ്റുകള്‍ ടീമിന്റെ പരാജയത്തിനും കാരണമായി.
മത്സരത്തിന്റെ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കവെ ആറ് റണ്‍സായിരുന്നു ക്യാപ്പിറ്റല്‍സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. സ്‌ട്രൈക്കിലുണ്ടായിരുന്ന മോഹിത് ശര്‍മയെ സ്റ്റംപിങ്ങിലൂടെ പുറത്താക്കി ടീമിനെ വിജയത്തിലേക്ക് നയിക്കാനുള്ള സുവര്‍ണാവസം പന്ത് നശിപ്പിച്ചുകളയുകയായിരുന്നു.
സിംഗിള്‍ നേടി മറുവശത്തുള്ള അശുതോഷ് ശര്‍മയ്ക്ക് സ്‌ട്രൈക്ക് കൈമാറാനാണ് മോഹിത് ശ്രമിച്ചത്. ഷഹബാസ് അഹമ്മദ് എറിഞ്ഞ പന്ത് നേരിടാന്‍ ക്രീസ് വിട്ടിറങ്ങിയ മോഹിത്തിന് പിഴച്ചു. പന്ത് താരത്തിന്റെ പാഡില്‍ തട്ടി വിക്കറ്റ് കീപ്പറെ ലക്ഷ്യമാക്കി കുതിച്ചു. എന്നാല്‍ ആ പന്ത് കൈപ്പിടിയിലൊതുക്കാനോ സ്റ്റംപ് ചെയ്ത് ടീമിനെ വിജയത്തിലേക്ക് നയിക്കാനോ ക്യാപ്റ്റന് സാധിച്ചില്ല. ഏറെ നേരം മോഹിത് ക്രീസിന് പുറത്തായിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
ജീവന്‍ ലഭിച്ച മോഹിത് അടുത്ത പന്തില്‍ സിംഗിള്‍ നേടുകയും ക്രീസിലെത്തിയ അശുതോഷ് സിക്‌സര്‍ നേടി വിജയം പൂര്‍ത്തിയാക്കുകയുമായിരുന്നു.
ഈ പരാജയത്തിനും റിഷബ് പന്തിനെ പിന്തുണയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. പന്ത് ബുദ്ധിമാനായ ക്രിക്കറ്ററാണമെന്നും ഇത് കേവലം ആദ്യ മത്സരം മാത്രമാണെന്നും ഇനിയും 13 മത്സരങ്ങള്‍ ബാക്കിയുണ്ടെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണ് ഗവാസ്‌കര്‍ പന്തിനെ പിന്തുണച്ചത്.
‘ഇത് കേവലം ആദ്യ മത്സരമാണ്, ഇനിയും 13 മത്സരങ്ങള്‍ ബാക്കിയുണ്ട്. റിഷബ് പന്ത് ഒരു ഇന്റലിജന്റായ ക്രിക്കറ്ററാണ്, ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും വിലപ്പെട്ട ഇന്‍സൈറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ടാകും. അവനില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ കാണാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ജിയോ ഹോട്‌സ്റ്റാര്‍ മാച്ച് സെന്ററില്‍ ഗവാസ്‌കര്‍ പറഞ്ഞു.
‘ഇതിനൊപ്പം തന്നെ ടീമിന്റെ ക്യാപ്റ്റന്‍ റണ്‍സ് നേടുകയോ വിക്കറ്റ് വീഴ്ത്തുകയോ ചെയ്യുമ്പോള്‍ ബൗളിങ് ചെയ്ഞ്ചുകള്‍ കൊണ്ടുവതരുന്നതിലോ ഫീല്‍ഡിങ് സെറ്റ് ചെയ്യുന്നതിലും അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അവന്‍ കുറച്ച് റണ്‍സ് നേടുകയാണെങ്കില്‍ അവന്റെ ക്യാപ്റ്റന്‍സി ഇതിലും മികച്ചതാകുമെന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും മാത്രമല്ല, ക്യാപ്റ്റന്‍സിയിലും പന്ത് ശരാശരിക്കും താഴെയായിരുന്നു. ക്യാപ്പിറ്റല്‍സിന് രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ 18ാം ഓവര്‍ സ്പിന്നര്‍ക്ക് നല്‍കിയതും തിരിച്ചടിയായി. രവി ബിഷ്‌ണോയ്‌ക്കെതിരെ 17 റണ്‍സാണ് അശുതോഷും കുല്‍ദീപും ചേര്‍ന്ന് അടിച്ചെടുത്തത്.
മാര്‍ച്ച് 27നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അടുത്ത മത്സരം. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ സ്വന്തം തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി.
Content Highlight: IPL 2025: Sunil Gavaskar backs Rishabh Pant after match against Delhi Capitals