|

ആദ്യ ആറ് ഓവറില്‍ തന്നെ രാജസ്ഥാന് നാണക്കേട്; നാളിതുവരെയുള്ളതില്‍ ഏറ്റവും വലിയ തല്ലുകൊള്ളല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്. ഹൈദരാബാദിന്റെ തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലിയൊതുക്കിയാണ് സണ്‍റൈസേഴ്‌സ് സീസണിലെ ആദ്യ മത്സരം ആരംഭിച്ചത്. ഹൈദരാബാദിനെ ബാറ്റിങ് പറുദീസയാക്കി ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ചേര്‍ന്ന് വെടിക്കെട്ട് നടത്തി.

ആദ്യ വിക്കറ്റില്‍ 45 റണ്‍സാണ് ട്രവിഷേക് സഖ്യം അടിച്ചെടുത്തത്. നാലാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേകിനെ പുറത്താക്കി മഹീഷ് തീക്ഷണയാണ് രാജസ്ഥാന് ബ്രേക് ത്രൂ നല്‍കിയത്. 11 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 24 റണ്‍സാണ് താരം നേടിയത്.

വണ്‍ ഡൗണായെത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടിയും ഹെഡ് തന്റെ നാച്ചുറല്‍ അറ്റാക്കിങ് ഗെയിം പുറത്തെടുത്തു. ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ നാല് ഫോറടക്കം 23 റണ്‍സാണ് ഹെഡ് അടിച്ചെടുത്തത്. ആറാം ഓവറില്‍ 16 റണ്‍സും പിറന്നതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 94 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ് പവര്‍പ്ലേ അവസാനിപ്പിച്ചത്.

ഇതോടെ ഒരു മോശം നേട്ടവും രാജസ്ഥാന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ ചരിത്രത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വഴങ്ങുന്ന ഏറ്റവും വലിയ പവര്‍പ്ലേ സ്‌കോറാണിത്.

2011ല്‍ ഇന്‍ഡോറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ വഴങ്ങിയ 87 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയ ഏറ്റവുമുയര്‍ന്ന പവര്‍പ്ലേ ടോട്ടല്‍

(സ്‌കോര്‍ – ടീം – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

94/1 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഹൈദരാബാദ് – 2025*

87/2 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഇന്‍ഡോര്‍ – 2011

78/2 – ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദല്‍ഹി – 2024

77/1 – കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്) – മൊഹാലി – 2011

76/1 – കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്) – മൊഹാലി – 2010

അതേസമയം, ടീം സ്‌കോര്‍ 130ല്‍ നില്‍ക്കവെ 31 പന്തില്‍ 67 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെ നഷ്ടമായെങ്കിലും സണ്‍റൈസേഴ്‌സ് തങ്ങളുടെ വെടിക്കെട്ട് തുടരുകയാണ്.

നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 156 എന്ന നിലയിലാണ് രാജസ്ഥാന്‍. 23 പന്തില്‍ 39 റണ്‍സുമായി ഇഷാന്‍ കിഷനും ഒമ്പത് പന്തില്‍ 18 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ശുഭം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ജോഫ്രാ ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, ഫസല്‍ഹഖ് ഫാറൂഖി, സന്ദീപ് ശര്‍മ.

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.

Content highlight: IPL 2025: SRH vs RR: Sunrisers Hyderabad set the record of highest powerplay total against Rajasthan Royals in IPL

Latest Stories