ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. സണ്‍റൈസേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്. ഐ.പി.എല്ലിലെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത് റണ്‍ചെയ്സിലൂടെയാണ് സീസണിലെ രണ്ടാം വിജയം ഹൈദരാബാദ് നേടിയത്.
പഞ്ചാബ് ഉയര്‍ത്തിയ 246 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കി നില്‍ക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് സണ്‍റൈസേഴ്സ് വിജയിച്ചത്.
55 പന്തില്‍ നിന്നും 256.36 സ്ട്രൈക്ക് റേറ്റില്‍ 141 റണ്‍സാണ് അഭിഷേക് സ്വന്തമാക്കിയത്. 10 സിക്സറും 14 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. നേരിട്ട 19ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അഭിഷേക് 40ാം പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
ഇപ്പോള്‍ തന്റെ പ്രകടനത്തെ കുറിച്ചും തന്നെ പിന്തുണച്ചവരെയും കുറിച്ച് സംസാരിക്കുകയാണ് മത്സരത്തിലെ ഹീറോയായ സണ്‍റൈസേഴ്സ് ഹൈദരാബാദ് യുവതാരം അഭിഷേക് ശര്‍മ. പഞ്ചാബിനെതിരെയുള്ള തന്റെ പ്രകടനം സ്‌പെഷ്യലായിരുന്നുവെന്നും തുടര്‍ച്ചയായ തോല്‍വികളുടെ പരമ്പര തകര്‍ക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അഭിഷേക് പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങും ഇന്ത്യന്‍ ടി-20 നായകന്‍ സൂര്യകുമാറും തന്നെ മോശം ഫോമിലും പിന്തുണച്ചുവെന്നും യുവ താരം കൂട്ടിച്ചേര്‍ത്തു.
‘ഈ ഇന്നിങ്‌സ് വളരെ സ്‌പെഷ്യലാണ്. തുടര്‍ച്ചയായ തോല്‍വികളുടെ പരമ്പര തകര്‍ക്കണമെന്ന് ഞാന്‍ കരുതിയിരുന്നു. ഒരു കളിക്കാരന്‍ എന്ന നിലയിലും ഒരു യുവതാരം എന്ന നിലയിലും ഇത് വളരെ ബുദ്ധിമുട്ടായിരുന്നു, പക്ഷേ ടീമിലെ മാനസികാവസ്ഥ വളരെ മികച്ചതായിരുന്നു.
യുവിയെ (യുവരാജ് സിങ്) പ്രത്യേകം പരാമര്‍ശിക്കട്ടെ, ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിരുന്നു. സൂര്യകുമാര്‍ യാദവിനും നന്ദി. എന്നോട് അദ്ദേഹവും സംസാരിച്ചിരുന്നു. എനിക്ക് റണ്‍സ് നേടാന്‍ കഴിയുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹം എന്നെ പിന്തുണച്ചു,’ അഭിഷേക് പറഞ്ഞു.
ടീമും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നല്‍കിയ പിന്തുണയെ കുറിച്ചും അഭിഷേക് സംസാരിച്ചു. തുടര്‍ച്ചയായി തോല്‍വികളിലൂടെ കടന്നുപോകുക എന്നത് ഒരു കളിക്കാരനും എളുപ്പമുള്ള കാര്യമല്ലയെന്നും ഇതിനിടയിലും ടീമും ക്യാപ്റ്റനും മികച്ച അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിച്ചുവെന്നും ഹൈദരാബാദ് ഓപ്പണര്‍ പറഞ്ഞു. ട്രാവിസ് ഹെഡിനും തനിക്കും ഈ ദിവസം പ്രത്യേക ദിവസമായിരുന്നു എന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.
‘തുടര്‍ച്ചയായി തോല്‍വികളിലൂടെ കടന്നുപോകുക എന്നത് ഒരു കളിക്കാരനും എളുപ്പമുള്ള കാര്യമല്ല. ഇതിനിടയിലും ടീമും ക്യാപ്റ്റനും മികച്ച അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിച്ചു. ഞാന്‍ നന്നായി കളി കാത്തിരുന്നപ്പോഴും അവര്‍ എന്നെ പിന്തുണച്ചു.
ട്രാവിസുമായി ഒരു സംഭാഷണം നടത്തിയിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇത് ഒരു പ്രത്യേക ദിവസമായിരുന്നു,’ അഭിഷേക് പറഞ്ഞു.
സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ജയിച്ചതിന് ശേഷം മറ്റൊരു മത്സരവും ഹൈദരാബാദിന് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ച്ചയായ നാല് മത്സരങ്ങളിലില്‍ ഹൈദരാബാദിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നതാണ് തോല്‍വിയിലേക്ക് നയിച്ചിരുന്നത്. രാജസ്ഥാനെതിരെ 24 റണ്‍സും ഗുജറാത്തിനെതിരെ 18 റണ്‍സും എടുത്തതായിരുന്നു അഭിഷേകിന്റെ ഈ സീസണിലെ ഭേദപ്പെട്ട പ്രകടനങ്ങള്‍.
കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെയാണ് ട്രവിഷേക് സഖ്യം ട്രാക്കിലേക്കെത്തിയത്. മത്സരത്തില്‍ ആദ്യ വിക്കറ്റില്‍ 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ട്രാവിസ് ഹെഡ് സ്വതസിദ്ധമായ രീതിയില്‍ അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുത്ത് 37 പന്തില്‍ 66 റണ്‍സ് നേടിയിരുന്നു.
ഇരുവരും പുറത്തായതിന് ശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷനെ ഒപ്പം കൂട്ടി ഹെന്റിക് ക്ലാസ്സന്‍ ഓറഞ്ച് ആര്‍മിയെ വിജയത്തിലേക്ക് നയിച്ചു. ക്ലാസ്സന്‍ 14 പന്തില്‍ 21 റണ്‍സും ഇഷാന്‍ ആറ് പന്തില്‍ ഒമ്പത് റണ്‍സ് നേടി പുറത്താവാതെ നിന്നു.
പഞ്ചാബിനായി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, പ്രഭ് സിമ്രാന്‍ സിങ്, പ്രിയാന്‍ഷ് ആര്യ, മാര്‍ക്കസ് സ്റ്റോയ്നിസ് എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ശ്രേയസ് അയ്യര്‍ 26 പന്തില്‍ 82 റണ്‍സ് നേടിയപ്പോള്‍ പ്രഭ്സിമ്രാന്‍ 23 പന്തില്‍ 42 റണ്‍സും പ്രിയാന്‍ഷ് ആര്യ 13 പന്തില്‍ 36 റണ്‍സും അടിച്ചെടുത്തു. 11 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് സ്റ്റോയ്നിസ് നേടിയത്.
Content Highlight: IPL 2025: SRH vs PBKS: Sunrisers Hyderabad hero Abhishek Sharma talks about his performance against Punjab Kings and thanks Yuvraj Singh and Suryakumar Yadav for their support