|

പഞ്ചാബിനെ പഞ്ചറാക്കിയ വെടിക്കെട്ട്; ഗെയ്ല്‍ വാഴുന്ന ലിസ്റ്റില്‍ ഇനി ഇവനും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ തകര്‍പ്പന്‍ വിജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. സണ്‍റൈസേഴ്സിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്.

തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷമാണ് സണ്‍റൈസേഴ്സ് സീസണിലെ രണ്ടാം വിജയം നേടിയത്. ആ വിജയമാകട്ടെ ഐ.പി.എല്ലിലെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത് റണ്‍ചെയ്സിലൂടെയുമാണ് ടീം സ്വന്തമാക്കിയത്.

പഞ്ചാബ് ഉയര്‍ത്തിയ 246 റണ്‍സിന്റെ വിജയലക്ഷ്യം ഒമ്പത് പന്ത് ബാക്കി നില്‍ക്കെ ഹോം ടീം മറികടക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിലാണ് സണ്‍റൈസേഴ്സ് വിജയിച്ചത്.

55 പന്തില്‍ നിന്നും 256.36 സ്ട്രൈക്ക് റേറ്റില്‍ 141 റണ്‍സാണ് അഭിഷേക് സ്വന്തമാക്കിയത്. 10 സിക്സറും 14 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. നേരിട്ട 19ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ അഭിഷേക് 40ാം പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.

ഈ പ്രകടനത്തോടെ ഒരു മറ്റൊരു തകര്‍പ്പന്‍ നേട്ടവും അഭിഷേക് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന ബാറ്ററുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനാണ് താരത്തിന് സാധിച്ചത്. വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലാണ് ഈ ലിസ്റ്റില്‍ മുന്നിലുള്ളത്.

ഐ.പി.എല്ലിലെ ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടുന്ന ബാറ്റര്‍

(താരം – ബൗണ്ടറികള്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 30 – പൂനെ വാരിയേഴ്‌സ് ഇന്ത്യ – ബെംഗളൂരു – 2013

അഭിഷേക് ശര്‍മ – 24 – പഞ്ചാബ് കിങ്സ് – ഹൈദരാബാദ് – 2025

യശ്വസി ജയ്സ്വാള്‍ – 24 – മുംബൈ ഇന്ത്യന്‍സ് – മുംബൈ – 2023

എ.ബി. ഡി വില്ലിയേഴ്‌സ് – 23 – മുംബൈ ഇന്ത്യന്‍സ് – മുംബൈ – 2015

ബ്രണ്ടന്‍ മക്കെല്ലം – 23 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ബെംഗളൂരു – 2008

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ച്വറിയും ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങിന്റെയും പ്രിയന്‍ഷ് ആര്യയുടെയും തട്ട് തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അവസാന ഓവറിലെ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ വെടിക്കെട്ട് പ്രകടനം പഞ്ചാബിന് ഫിനിഷിങ് ടച്ചും നല്‍കി.

ശ്രേയസ് അയ്യര്‍ 26 പന്തില്‍ 82 റണ്‍സ് നേടിയപ്പോള്‍ പ്രഭ്സിമ്രാന്‍ 23 പന്തില്‍ 42 റണ്‍സും പ്രിയാന്‍ഷ് ആര്യ 13 പന്തില്‍ 36 റണ്‍സും അടിച്ചെടുത്തു. 11 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് സ്റ്റോയ്നിസ് നേടിയത്.

സണ്‍റൈസേഴ്സിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. സീസണിലെ ആദ്യ മത്സരത്തിന് ശേഷം മങ്ങിയ ട്രവിഷേക് സഖ്യം ഒരിക്കല്‍ക്കൂടി ഹൈദാരാബാദില്‍ കൊടുങ്കാറ്റഴിച്ചുവിട്ടു.

ആദ്യ വിക്കറ്റില്‍ 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ട്രാവിസ് ഹെഡ് സ്വതസിദ്ധമായ രീതിയില്‍ അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുത്ത് 37 പന്തില്‍ 66 റണ്‍സ് നേടി. ഇരുവരും പുറത്തായതിന് ശേഷം ഹെന്‍ റിക് ക്ലാസ്സനും ഇഷാന്‍ കിഷനും ചേര്‍ന്ന് 25 റണ്‍സെടുത്ത് ഹൈദരാബാദിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

Content Highlight: IPL 2025: SRH vs PBKS: Sunrisers Hyderabad batter Abhishek Sharma holds the record of second most boundaries in a innings In IPL