|

സ്പിന്നും പേസും നന്നായി കളിക്കുന്നു, അവന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യട്ടെ: സഞ്ജയ് ബംഗാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഇന്ന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സീസണിലെ രണ്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 44 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് കളത്തിലിറങ്ങുന്നത്. അതേസമയം, ദല്‍ഹി ക്യാപിറ്റല്‍സിനോട് ആദ്യ മത്സരത്തില്‍ ലഖ്നൗ പരാജയപ്പെട്ടിരുന്നു.

മത്സരത്തിന് മുന്നോടിയായി ലഖ്നൗ നായകന്‍ റിഷബ് പന്തിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് ബംഗാര്‍. പന്ത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യട്ടെയെന്നും എയ്ഡന്‍ മാര്‍ക്രമിനെ മാറ്റി ഷമര്‍ ജോഷഫിനെ കളിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. സ്പിന്നിനെതിരെയും പേസിനെതിരെയും റിഷബ് നന്നായി കളിക്കുന്നുണ്ടെന്നും ബംഗാര്‍ കൂട്ടിച്ചേര്‍ത്തു.

 Sanjay Bangar warned that  should take care of Rachin Ravindra

‘വൈറ്റ്-ബോള്‍ ഫോര്‍മാറ്റില്‍, പന്തിന് ഏറ്റവും മികച്ച സ്ഥാനം ടോപ് ഓര്‍ഡറാണെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. അദ്ദേഹം ഇന്നിങ്സ് തുറക്കട്ടെ. മാര്‍ക്രമിനെ ഒഴിവാക്കി ഷമര്‍ ജോസഫിനെ കളിപ്പിക്കുക. മധ്യനിരയില്‍ മാറ്റം വരുത്തേണ്ടതില്ല.

റിഷബ് പന്തിനെ സ്വതന്ത്രനാക്കൂ. ദീര്‍ഘ ഫോര്‍മാറ്റില്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ മികച്ച കളിക്കാരനാണെന്ന് അവന്‍ തെളിയിച്ചിട്ടുണ്ട്. സ്പിന്നിനെതിരെ കളിക്കുന്നതില്‍ അവന്‍ പേര് കേട്ടയാളാണ്. പേസിനെതിരെയും റിഷബ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. അതുകൊണ്ട് അവനെ ടോപ് ഓര്‍ഡറില്‍ ഉപയോഗിക്കണം,’ ബംഗാര്‍ പറഞ്ഞു.

റിഷബ് പന്തിന് സീസണ്‍ ഓപ്പണറില്‍ ഹൈദരാബാദിനെതിരെ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞിരുന്നില്ല. മത്സരത്തില്‍ ആറ് പന്തില്‍ നിന്ന് ഒരു റണ്‍സും എടുക്കാതെയാണ് താരം പുറത്തായത്. നാലാം നമ്പറിലാണ് ലഖ്നൗ നായകന്‍ ക്രീസിലെത്തിയത്. വിദേശ താരങ്ങളായ എയ്ഡന്‍ മാര്‍ക്രമും മിച്ചല്‍ മാര്‍ഷുമാണ് ആദ്യ മത്സരത്തില്‍ ലഖ്നൗവിന്റെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തിരുന്നത്.

കഴിഞ്ഞ സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു റിഷബ് പന്ത്. റെക്കോഡ് തുകയ്ക്കാണ് താരത്തെ ലഖ്നൗ മെഗാതാര ലേലത്തിലൂടെ ടീമിലെത്തിച്ചത്. ലേലത്തില്‍ 27 കോടി രൂപ നേടി ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമാകുകയും ചെയ്തിരുന്നു പന്ത്.

Content Highlight: IPL 2025: SRH vs LSG: Former Indian Cricketer Sanjay Bangar Suggests Batting Position For LSG Super Star

Latest Stories