|

ഞങ്ങള്‍ക്ക് ശരിയായ കോമ്പിനേഷന്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല: ശ്രേയസ് അയ്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ലക്നൗ സൂപ്പര്‍ ജെയന്റ്സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് പഞ്ചാബ് കിങ്സ് തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം വിജയം രേഖപ്പെടുത്തിയത്. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 22 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ച് കയറിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയാണ് വിജയം സ്വന്തമാക്കിയത്.

മത്സരത്തിന് ശേഷം പഞ്ചാബിന്റെ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ശ്രേയസ് അയ്യര്‍ സംസാരിച്ചിരുന്നു. ഒരു ടീം ആഗ്രഹിക്കുന്ന മികച്ച തുടക്കമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും അയ്യര്‍ പറഞ്ഞു. മാത്രമല്ല ടീമില്‍ ചര്‍ച്ച ചെയ്യുന്ന എല്ലാ പ്ലാനിങ്ങുകളും കളത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

‘ഐ.പി.എല്ലില്‍ ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ആഗ്രഹിച്ച തുടക്കമാണിത്. എല്ലാവരും അവരുടെ റോളുകള്‍ പൂര്‍ണതയോടെ നിര്‍വഹിക്കുന്നു, ടീം മീറ്റിങ്ങുകളില്‍ ചര്‍ച്ച ചെയ്ത പദ്ധതികള്‍ കളത്തിലും ഞങ്ങള്‍ നടപ്പിലാക്കുന്നു. ഞങ്ങള്‍ക്ക് ശരിയായ കോമ്പിനേഷന്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

മത്സരം ജയിക്കാന്‍ നിങ്ങള്‍ മിഡില്‍ ഓര്‍ഡറില്‍ കളിക്കണം. ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ചെയ്യുന്നത് ഇതാണ്. എല്‍.എസ്.ജിക്കെതിരായ ഇന്നിങ്സ് എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കാര്യമാണ് അടുത്ത മത്സരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കേണ്ട സമയമാണിത്,’ ശ്രേയസ് അയ്യര്‍ മത്സര ശേഷം പറഞ്ഞത്.

മത്സരത്തില്‍ ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പ്രഭ്സിമ്രാന്‍ സിങ്ങുമാണ്. അയ്യര്‍ പുറത്താകാതെ 30 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടിയാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്.

പ്രഭ്സിമ്രാന്‍ 34 പന്തില്‍ മൂന്ന് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് നേടിയത്. ദിഗ്വേഷ് സിങ്ങിന്റെ പന്തില്‍ ആയുഷ് ബധോണി നേടിയ ഐതിഹാസികമായ ക്യാചിലൂടെയാണ് പ്രഭ്സിമ്രാനെ പുറത്താക്കിയത്.

Content Highlight: IPL 2025: Shreyas Iyer Talking About Panjab Kings

Latest Stories