ഐ.പി.എല്‍ മെഗാ താരലേലത്തിന് മുന്നോടിയായി നടന്ന റിറ്റെന്‍ഷനില്‍ ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചത് പഞ്ചാബ് കിങ്‌സാണ്. അര്‍ഷ്ദീപ് സിങ് അടക്കുള്ള സൂപ്പര്‍ താരങ്ങളെ ഓക്ഷന്‍ പൂളിലേക്ക് ഇറക്കിവിട്ട് വെറും രണ്ട് അണ്‍ക്യാപ്ഡ് താരങ്ങളെ മാത്രമാണ് പഞ്ചാബ് ടീമിനൊപ്പം ചേര്‍ത്തുനിര്‍ത്തിയത്.
5.5 കോടി രൂപ നല്‍കി ശശാങ്ക് സിങ്ങിനെയും 4 കോടി നല്‍കി പ്രഭ്‌സിമ്രാന്‍ സിങ്ങിനെയുമാണ് പഞ്ചാബ് നിലനിര്‍ത്തിയത്.
This Diwali, we’re doubling the fireworks! 🎆
Prabhsimran and Shashank are back to light up the next season with their explosive talent! 🔥#ShashankSingh #PrabhsimranSingh #PunjabKings #IPLRetentions #IPL2025 pic.twitter.com/uGL3kTVJsK
— Punjab Kings (@PunjabKingsIPL) October 31, 2024
റിറ്റെന്‍ഷനില്‍ വെറും 9.5 കോടി രൂപ മാത്രം ചെലവഴിച്ചതോടെ ഏറ്റവുമധികം തുകയുമായാണ് പഞ്ചാബ് ലേലത്തിനിറങ്ങുന്നത്. 110.5 കോടിയാണ് പഞ്ചാബിന്റെ ഓക്ഷന്‍ പേഴ്‌സ്. നാല് ആര്‍.ടി.എം ഓപ്ഷനുകളും ടീമിന് മുമ്പിലുണ്ട്.
ക്യാപ്റ്റനെയടക്കം ശേഷിക്കുന്ന 23 സ്ലോട്ടുകളും ഈ ലേലത്തില്‍ നിന്നും പഞ്ചാബ് കണ്ടെത്തണം.
ഇപ്പോള്‍ താരലേലത്തിന് മുന്നോടിയായി സംസാരിക്കുകയാണ് ശശാങ്ക് സിങ്. ക്യാപ്റ്റന്‍ ആരാകും എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും എന്നാല്‍ തന്നെ ക്യാപ്റ്റന്‍സിയേല്‍പിച്ചാല്‍ സന്തോഷപൂര്‍വം ഏറ്റെടുക്കുമെന്നും ശശാങ്ക് സിങ് പറഞ്ഞു. ന്യൂസ് 18നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തുറന്നുപറയട്ടെ, അതേ കുറിച്ച് ഒന്നും തന്നെ എനിക്കറിയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡി.വൈ പാട്ടീല്‍ ടൂര്‍ണമെന്റില്‍ ഞാന്‍ ടീമിനെ നയിക്കുന്നുണ്ട്. മികച്ച രീതിയില്‍ തന്നെയാണ് ഞാന്‍ ആ ചുമതല നിര്‍വഹിച്ചുപോരുന്നതും.
ഛത്തീസ്ഗഢിന് വേണ്ടിയാകട്ടെ, ടീമിനെ നയിക്കാന്‍ ഞാന്‍ പ്രാപ്തനാണെന്ന് മാനേജ്‌മെന്റ് കരുതുന്നുണ്ടെങ്കില്‍ ആ ചുമതല സന്തോഷത്തോടെ ഞാന്‍ ഏറ്റെടുക്കും. ഒരു ടീമിനെ നയിക്കാനും ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുക്കാനും എനിക്ക് സാധിക്കുമെന്ന് തന്നെയാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഇതുപോലെ പഞ്ചാബിനും എന്നെ ക്യാപ്റ്റനായി പരീക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ആ അവസരം ഇരുകയ്യും നീട്ടി സ്വീകരിക്കുകയും അത് വേണ്ട പോലെ വിനിയോഗിക്കുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ഏറെ സന്തോഷവാനാകും, എന്നാല്‍ അതൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നേ ഇല്ല.
എന്നിരുന്നാലും എന്റെ ചുമതലകള്‍ ഒന്നും തന്നെ മാറാനേ പോകുന്നില്ല. കഴിഞ്ഞ തവണ ഒരു അണ്‍ക്യാപ്ഡ് താരമായാണ് എന്നെ ടീമിലെടുത്തത്. ഇത്തവണ അണ്‍ക്യാപ്ഡ് റിറ്റെന്‍ഷനായും. കളിക്കളത്തിലെത്തി 110% നല്‍കുകയും ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് എന്റെ കര്‍തവ്യം,’ സിങ് പറഞ്ഞു.
ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ഒറ്റ തവണ പോലും കിരീടം നേടാന്‍ സാധിക്കാതെ പോയ മൂന്ന് ടീമുകളില്‍ ഒന്നാണ് പഞ്ചാബ്. കിങ്‌സ് ഇലവന്‍ പഞ്ചാബ് പേരുമാറി പഞ്ചാബ് കിങ്‌സ് ആയതിന് ശേഷവും ഓരോ സീസണിലും ക്യാപ്റ്റന്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും കിരീടം മാത്രം ടീമില്‍ നിന്നും അകന്നുനിന്നു.
ഇത്തവണ മെഗാ താരലേലത്തില്‍ കൂടുതല്‍ ശക്തമായ ടീമിനെ പടുത്തുയര്‍ത്തി കിരീടം സ്വന്തമാക്കാന്‍ തന്നെയാണ് പഞ്ചാബ് ഒരുങ്ങുന്നത്.
Content Highlight: IPL 2025: Shashank Singh about Punjab Kings’ captaincy