ഐ.പി.എല്ലിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. 2008ല്‍ ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ മാറ്റിമറിക്കാന്‍ പോലും വളര്‍ന്ന ഐ.പി.എല്‍ ഇപ്പോള്‍ അതിന്റെ 18ാം എഡിഷനിലാണ് എത്തിനില്‍ക്കുന്നത്. മാര്‍ച്ച് 22നാണ് ഈ വര്‍ഷത്തെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാകുന്നത്.
മാര്‍ച്ച് 23ന് ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്ലാസിക് റൈവല്‍റികളിലൊന്നായി രാജസ്ഥാന്‍ റോയല്‍സ് – സണ്‍റൈസേഴ്‌സ് മത്സരം ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. വണ്‍ സൈഡഡാകാതെ ഇരു ടീമും കൊണ്ടും കൊടുത്തും മുന്നേറുന്നത് തന്നെയാണ് ഈ മാച്ചുകളെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാക്കുന്നത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നതും ഈ മത്സരങ്ങളുടെ ഹൈലൈറ്റാണ്. ഈ പ്രകടനങ്ങള്‍ താരത്തിന് ഒരു തകര്‍പ്പന്‍ റെക്കോഡും സമ്മാനിച്ചിരുന്നു. ഓറഞ്ച് ആര്‍മിക്കെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായാണ് സഞ്ജു തിളങ്ങുന്നത്.
സണ്‍റൈസേഴ്‌സിനെതിരെ കളിച്ച 23 ഇന്നിങ്‌സില്‍ നിന്നും 44.50 ശരാശരിയില്‍ 801 റണ്‍സാണ് താരം സ്വന്തമാക്കിയത്. സണ്‍റൈസേഴ്‌സിനെതിരെ നാല് അര്‍ധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.
വിരാട് കോഹ്‌ലിയാണ് ഈ ലിസ്റ്റില്‍ രണ്ടാമന്‍.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം
(താരം – ഇന്നിങ്‌സ് – റണ്‍സ് – ബാറ്റിങ് ശരാശരി – 100s | 50s എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ – 23 – 801 – 44.50 – 1|4
വിരാട് കോഹ്‌ലി – 23 – 762 – 36.28 – 1|5
ഫാഫ് ഡു പ്ലെസി – 18 – 571 – 35.68 – 0|5
ഷെയ്ന്‍ വാട്‌സണ്‍ – 18 – 566 – 35.37 – 1|3
അംബാട്ടി റായിഡു – 18 – 549 – 42.23 – 1|3
ഈ സീസണില്‍ സഞ്ജു സണ്‍റൈസേഴ്‌സിനെതിരെ 1,000 റണ്‍സ് പൂര്‍ത്തിയാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇതിന് സാധ്യതകള്‍ കുറവാണ്. ആദ്യ ഘട്ടത്തില്‍ ഒരു മത്സരം മാത്രമാണ് സണ്‍റൈസേഴ്‌സും രാജസ്ഥാനും തമ്മില്‍ കളിക്കുക.
പ്ലേ ഓഫില്‍ ഇരു ടീമുകളും ഏറ്റുമുട്ടുകയാണെങ്കില്‍ ഈ സിസണില്‍ 1,000 റണ്‍സെന്ന നേട്ടത്തിലേക്കുള്ള സഞ്ജുവിന്റെ സാധ്യതകളും വര്‍ധിക്കും.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരങ്ങള്‍
മാര്‍ച്ച് 23 vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഹൈദരാബാദ്
മാര്‍ച്ച് 26 vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ഗുവാഹത്തി*
മാര്‍ച്ച് 30 vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – ഗുവാഹത്തി*
ഏപ്രില്‍ 5 vs പഞ്ചാബ് കിങ്‌സ് – മുല്ലാപൂര്‍
ഏപ്രില്‍ 9 vs ഗുജറാത്ത് ടൈറ്റന്‍സ് – അഹമ്മദാബാദ്
ഏപ്രില്‍ 13 vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ജയ്പൂര്‍*
ഏപ്രില്‍ 16 vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദല്‍ഹി
ഏപ്രില്‍ 19 vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ജയ്പൂര്‍*
ഏപ്രില്‍ 24 vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ബെംഗളൂരു
ഏപ്രില്‍ 28 vs ഗുജറാത്ത് ടൈറ്റന്‍സ് -ജയ്പൂര്‍*
മെയ് 1 vs മുംബൈ ഇന്ത്യന്‍സ് – ജയ്പൂര്‍*
മെയ് 4 vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – കൊല്‍ക്കത്ത*
മെയ് 12 vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – ചെന്നൈ
മെയ് 16 vs പഞ്ചാബ് കിങ്‌സ് – ജയ്പൂര്‍*
* ഹോം മാച്ചുകള്‍
Content Highlight: IPL 2025: Sanju Samson tops the list of most runs against Sunrisers Hyderabad