|

ഗുജറാത്തിനെതിരെയുള്ള തോല്‍വിയുടെ കാരണം വെളിപ്പെടുത്തി സഞ്ജു സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളില്‍ നാല് വിജയവുമായി ഗുജറാത്ത് പോയിന്റ് ടോബിളില്‍ ഒന്നാമതാണ്.

മത്സരത്തില്‍ യുവതാരം സായ് സുദര്‍ശന്റെ കരുത്തില്‍ ടൈറ്റന്‍സ് ഉയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159ന് പുറത്തായി. ഐ.പി.എല്ലില്‍ ഇത് ആറാം തവണയാണ് രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെടുന്നത്. ആകെ കളിച്ച ഏഴ് മത്സരത്തില്‍ ഒരിക്കല്‍ മാത്രമാണ് രാജസ്ഥാന്‍ വിജയിച്ചത്.

മത്സരത്തില്‍ രാജസ്ഥാന്‍ പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് ക്യാപ്റ്റന്‍ സഞ്ജു സാസംണ്‍ സംസാരിച്ചിരുന്നു. മികച്ച വിക്കറ്റില്‍ നന്നായി കളിക്കാന്‍ സാധിച്ചില്ലെന്നും ബൗളിങ്ങില്‍ കൂടുതല്‍ എക്‌സ്ട്രാസ് വിട്ടുനല്‍കിയതും തന്റെ വിക്കറ്റ് നഷ്ടമായതും തോല്‍വിക്ക് കാരണമായന്ന് സഞ്ജു പറഞ്ഞു.

‘ഒരു മത്സരം തോറ്റാല്‍ ആദ്യം ബാറ്റ് ചെയ്യുകയോ ചേസ് ചെയ്യുകയോ ചെയ്യണമായിരുന്ന് ഞങ്ങള്‍ക്ക് തോന്നും. ഈ അവസ്ഥകള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇതൊരു നല്ല വിക്കറ്റായിരുന്നു. സാഹചര്യങ്ങളെ മാനിക്കാനും ചേസ് ചെയ്യുമ്പോള്‍ തന്നെ ജയിക്കാന്‍ കഴിയുന്ന ഒരു ടീമായി മാറാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ബൗളിങ്ങില്‍ ഞങ്ങള്‍ 15-20 റണ്‍സ് അധികമായി വിട്ടുകൊടുത്തു. ഞങ്ങള്‍ നന്നായി കളിക്കേണ്ട നിര്‍ണായക സമയത്ത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഹെറ്റിയുടെ (ഷിംറോണ്‍ ഹെറ്റ്‌മെയര്‍) സിക്‌സറുകളും ഫോറുകളും വന്നുകൊണ്ടിരുന്നു. പക്ഷേ എനിക്ക് എന്റെ വിക്കറ്റ് നഷ്ടപ്പെട്ടു, അവിടെയാണ് ഞങ്ങള്‍ കളി തോറ്റത്,’ സഞ്ജു പറഞ്ഞു.

മത്സരത്തില്‍ 28 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 146.43 എന്ന പ്രഹരശേഷിയില്‍ 41 റണ്‍സാണ് സഞ്ജു നേടിയത്. രാജസ്ഥാന് വേണ്ടി 32 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി ഹെറ്റ്‌മെയര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ടീമിലെ ഏഴ് താരങ്ങളാണ് രണ്ടക്കം കടക്കാതെ പുറത്തായത്. മാത്രമല്ല ബൗളിങ്ങില്‍ 18 റണ്‍സാണ് രാജസ്ഥാന്‍ അധിക റണ്‍സായി വിട്ടുകൊടുത്തത്. ഗുജറാത്തിന് വേണ്ടി ഓപ്പണര്‍ സായി സുദര്‍ശന്‍ 53 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 82 റണ്‍സും നേടി മികച്ച പ്രകടനമാണ് നടത്തിയത്.

Content Highlight: IPL 2025: Sanju Samson Talking About Lose Against Gujarat Titans

Latest Stories