ഐ.പി.എല്‍ മാമാങ്കത്തിന്റെ 18ാം എഡിഷന് കൊടിയേറാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. മാര്‍ച്ച് 22ന് വൈകീട്ട് 7.30ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് പുതിയ സീസണിന് തുടക്കമാകുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
ടൂര്‍ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഹൈദരാബാദ്, ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
ഈ മത്സരത്തില്‍ യുവതാരം റിയാന്‍ പരാഗിന്റെ നേതൃത്വത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്താത്തതിനാലാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍സി റിയാന്‍ പരാഗിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഈ മത്സരത്തില്‍ മാത്രമല്ല അടുത്ത രണ്ട് മത്സരത്തിലും അസം നായകന്‍ തന്നെയായിരിക്കും രാജസ്ഥാന്‍ റോയല്‍സിനെയും നയിക്കുക.
ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്‌സിനെതിരെ മുല്ലാപൂരില്‍ നടക്കുന്ന മത്സരത്തിലാകും സഞ്ജു ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുക്കുക.
ഈ മത്സരത്തില്‍ സഞ്ജുവിനെ ഒരു ഐതിഹാസിക നേട്ടവും കാത്തിരിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന നേട്ടമാണ് സഞ്ജുവിന് മുമ്പിലുള്ളത്.
നിലവില്‍ 31 മത്സരത്തില്‍ റോയല്‍സിനെ വിജയത്തിലേക്ക് നയിച്ച ‘ഫസ്റ്റ് റോയല്‍’ ഷെയ്ന്‍ വോണിന്റെ റെക്കോഡിനൊപ്പമാണ് സഞ്ജുവുള്ളത്. ക്യാപ്റ്റനായി ചുമതലയേറ്റ് ഒരു വിജയം കൂടി നേടാന്‍ സാധിച്ചാല്‍ സഞ്ജുവിന് ഈ നേട്ടത്തിലെത്താന്‍ സാധിക്കും.
(ക്യാപ്റ്റന്‍ – സ്പാന്‍ – മത്സരം – വിജയം – വിജയശതമാനം എന്നീ ക്രമത്തില്‍)
ഷെയ്ന്‍ വോണ്‍ – 2008-2011 – 56 – 31 – 55.35
സഞ്ജു സാംസണ്‍ – 2021-2024* – 61 – 31 – 50.81
രാഹുല്‍ ദ്രാവിഡ് – 2012-2013 – 40 – 23 – 57.50
സ്റ്റീവ് സ്മിത് – 2014-2020 – 27 – 15 – 55.55
അജിന്‍ക്യ രഹാനെ – 2018-2019 – 24 – 9 – 37.50
ഷെയ്ന്‍ വാട്‌സണ്‍ – 2008-2015 – 21 – 7 – 33.33
ഐ.പി.എല്ലിലെ ‘എല്‍ ക്ലാസിക്കോ’യില്‍ ക്യാപ്റ്റനായി സഞ്ജു മടങ്ങിയെത്തുമെന്നും ഈ റെക്കോഡ് സ്വന്തമാക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇരു ടീമുകളും രണ്ട് മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുവരും ഓരോ വിജയം വീതം സ്വന്തമാക്കിയിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്
നിതീഷ് റാണ, ശുഭം ദുബെ, ഷിംറോണ്‍ ഹെറ്റ്മെയര്‍, യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, വാനിന്ദു ഹസരങ്ക, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), കുണാല്‍ സിങ് റാത്തോഡ് (വിക്കറ്റ് കീപ്പര്‍), മഹീഷ് തീക്ഷണ, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ സിങ്, തുഷാര്‍ ദേശ്പാണ്ഡേ, ഫസല്‍ഹഖ് ഫാറൂഖി, ക്വേന മഫാക്ക, അശോക് ശര്‍മ, സന്ദീപ് ശര്‍മ, ജോഫ്രാ ആര്‍ച്ചര്‍, യുദ്ധ്‌വീര്‍ സിങ്.
Content Highlight: IPL 2025: Sanju Samson need a win to surpass Shane Warne in most matches as captain for Rajasthan Royals