|

എല്‍ ക്ലാസിക്കോയില്‍ ക്യാപ്റ്റനായെത്തുന്ന സഞ്ജുവിന് മുമ്പിലുള്ളത് മൈറ്റി എം.എസ്.ഡി; ധോണിയെ തകര്‍ത്ത് റെക്കോഡിടാന്‍ സാംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആദ്യ മൂന്ന് മത്സരത്തിലും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ രാജസ്ഥാന്‍ നായകന്‍ ക്യാപ്റ്റനായി മടങ്ങിയെത്താന്‍ ഒരുങ്ങുകയാണ്. സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്ന് ക്യാപ്റ്റന്‍സിയും വിക്കറ്റ് കീപ്പിങ്ങും ഉള്‍പ്പെടെയുള്ള അനുമതി സ്വന്തമാക്കിയാണ് സഞ്ജു സാംസണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി മടങ്ങിയെത്താനൊരുങ്ങുന്നത്.

ഏപ്രില്‍ അഞ്ചിന് നടക്കുന്ന രാജസ്ഥാന്റെ നാലാം മത്സരത്തിലാകും സഞ്ജു ക്യാപ്റ്റന്റെ റോളിലെത്തുക. ഐ.പി.എല്ലിലെ മറ്റൊരു എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പഞ്ചാബിനെതിരായ മത്സരത്തിലാണ് സഞ്ജു റിയാന്‍ പരാഗില്‍ നിന്നും ക്യാപ്റ്റനായി ടീമിനെ നയിക്കുക.

ഐ.പി.എല്ലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണെങ്കിലും ഈയിടെ ഐ.പി.എല്‍ ആരാധകര്‍ രാജസ്ഥാന്‍ റോയല്‍സ് – പഞ്ചാബ് കിങ്‌സ് മത്സരത്തെയും എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇരു ടീമുകളും ആ വിശേഷണത്തോട് നൂറ് ശതമാനം നീതിപുലര്‍ത്തുന്നുമുണ്ട്.

ഒരിക്കല്‍പ്പോലും വണ്‍ സൈഡാകാതെ ടി-20 ഫോര്‍മാറ്റിന്റെ എല്ലാ ആവേശവും കാണികള്‍ക്ക് നല്‍കുന്ന പഞ്ചാബ് – രാജസ്ഥാന്‍ മത്സരം തന്നെയാണ് ഐ.പി.എല്ലിലെ യഥാര്‍ത്ഥ എല്‍ ക്ലാസിക്കോ എന്നാണ് ആരാധകര്‍ പറയുന്നത്.

ഈ മത്സരത്തില്‍ ഇതിഹാസ താരം എം.എസ്. ധോണിയെ മറികടക്കാനുള്ള അവസരവും സഞ്ജു സാംസണ് മുമ്പിലുണ്ട്. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലാണ് ധോണിയെ മറികടന്ന് മുന്നേറാനാണ് സഞ്ജുവിന് അവസരമുള്ളത്. വെറും 36 റണ്‍സ് സ്വന്തമാക്കാന്‍ സാധിച്ചാല്‍ സഞ്ജുവിന് ധോണിയെ മറികടക്കാം.

നിലവില്‍ 285 ഇന്നിങ്‌സില്‍ നിന്നും 29.53 ശരാശരിയില്‍ 7443 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. 345 ഇന്നിങ്‌സില്‍ 38.15 ശരാശരിയില്‍ 7,478 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.

പഞ്ചാബിനെതിരെ 36 റണ്‍സ് കൂടി സ്വന്തമാക്കാന്‍ സാധിച്ചാല്‍ ടി-20യില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ധോണിയെ മറികടന്ന് എട്ടാം സ്ഥാനത്തെത്താനും സഞ്ജുവിന് സാധിക്കും.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ്, കെ.എല്‍. രാഹുല്‍, ദിനേഷ് കാര്‍ത്തിക് എന്നിവരാണ് ധോണിക്കും സഞ്ജുവിനും മുമ്പിലുള്ളത്.

ഇതിനൊപ്പം മറ്റൊരു റെക്കോഡിലും ധോണിയെ മറികടക്കാന്‍ സഞ്ജുവിന് അവസരമൊരുങ്ങും. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലാണ് സഞ്ജു ധോണിയെ മറികടക്കാന്‍ ഒരുങ്ങുന്നത്. ഈ പട്ടികയില്‍ ധോണിയും സഞ്ജുവും യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്. കെ.എല്‍. രാഹുല്‍ (7,601), ദിനേഷ് കാര്‍ത്തിക് (7,537) എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്.

Content Highlight: IPL 2025: Sanju Samson need 36 runs to surpass MS Dhoni

Video Stories